സാങ്കേതികം

ലോട്ടറി കണക്കുകളും ചിന്തകളും


66
ണം ബമ്പർ ലോട്ടറിയിൽ നിന്ന് സർക്കാരിന് കിട്ടുന്നത് 3% ലാഭം മാത്രമാണെന്ന് ധനമന്ത്രി ശ്രീ. ബാലഗോപാലൻ പറയുന്നതായി ഒരു പോസ്റ്റർ കണ്ടു. അതത്ര വിശ്വസനീയമായി തോന്നിയില്ല. മന്ത്രി അപ്പറയുന്നതിൻ്റെ വീഡിയോ വല്ലതുമുണ്ടെങ്കിൽ അത് കണ്ട് കൃത്യത വരുത്താൻ ശ്രമിച്ച് നോക്കി. വീഡിയോയിൽ മന്ത്രി പറയുന്നതിലും വ്യക്തതയില്ല. അതായത്, ഓണം ബമ്പറിൻ്റെ കാര്യത്തിൽ മാത്രമാണോ അതോ മൊത്തം ലോട്ടറിയുടെ കാര്യമാണോ മന്ത്രി പറയുന്നതെന്ന് വ്യക്തതയില്ല. അത് കേട്ടുനിന്ന ചാനലുകാർ ആരും അക്കാര്യം വ്യക്തമാക്കാൻ മന്ത്രിയോട് പറയുന്നുമില്ല.

എന്തായാലും, കേരളത്തിൽ കോടികൾ മറിയുന്ന, അതിനായി ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങൾ റോഡിൽ നിരക്കുന്ന ഒരു പദ്ധതിയുടെ കാര്യം അങ്ങനെയങ്ങ് അവ്യക്തമായി വിടുന്നത് ശരിയല്ലല്ലോ. ആയതിനാലാണ് ഈ പോസ്റ്റ്.

പലരും ഈ വിഷയം മുന്നോട്ട് വെച്ചതായി സോഷ്യൽ മീഡിയയിൽ കണ്ടു. അതിൽ Mahesh Thiruvarppu എന്നൊരു വ്യക്തി എഴുതിയ കണക്കുകൾ വ്യക്തയുള്ളതാണ്. അത് ഏതാണ്ട് താഴെക്കാണുന്ന പ്രകാരമാണ്.

75 ലക്ഷത്തിൽപ്പരം ടിക്കറ്റുകൾ വിറ്റു.

ടിക്കറ്റ് ഒന്നിന് 500 രൂപ.

75 ലക്ഷം x 500 = 375 കോടി രൂപ, സർക്കാർ സമാഹരിച്ചു.

കണക്ക് പ്രകാരം, എല്ലാ സമ്മാനങ്ങളും ചേർത്ത് ജനങ്ങൾക്ക് നൽകേണ്ടത് 134 കോടി രൂപ.

ടിക്കറ്റ് അച്ചടി, ശമ്പളം, മറ്റ് ചിലവുകൾ എല്ലാം ചേർത്ത് 25 കോടി.

മൊത്തം ചിലവ് 134‍+25 = 159 കോടി.

സർക്കാരിന് കിട്ടിയ ലാഭം 375 – 159 = 216 കോടി രൂപ.

375 കോടിയുടെ കച്ചവടം നടന്നപ്പോൾ 216 കോടി ലാഭം ഉണ്ടാക്കിയെങ്കിൽ 57 % ആണ് ലാഭം. പിന്നെന്തുകൊണ്ട് 3% മാത്രമാണ് സർക്കാറിനുള്ള ലാഭമെന്ന് ധനകാര്യമന്ത്രി പറയുന്നു?

അതേപ്പറ്റി മറ്റൊരു തരത്തിൽ വിലയിരുത്താൻ ശ്രമിക്കാം. കേരളത്തിൽ നടക്കുന്ന കാരുണ്യ, സൗഭാഗ്യ എന്നിങ്ങനെ എല്ലാ ലോട്ടറികളുടേയും ചേർത്തുള്ള കാര്യമാണ് മന്ത്രി പറഞ്ഞതെങ്കിൽ (ഇതാണ് വ്യക്തതയില്ല എന്ന് ആദ്യമേ സൂചിപ്പിച്ചത്) ആ കണക്കുകൾ വ്യക്തമാക്കണം.

ഇത്രയ്ക്ക് പോലും ലാഭമില്ലാത്ത ഒരു പദ്ധതിയുടെ പേരിൽ എന്തിന്, ലോട്ടറി നടത്തി നീങ്ങുന്ന സംസ്ഥാനമെന്ന ചീത്തപ്പേർ കള്ളിൻ്റെ ചീത്തപ്പേരിനൊപ്പം പേറണം?!

ഒരു കാര്യം സമ്മതിക്കുന്നു. ലക്ഷക്കണക്കിന് ആൾക്കാർക്ക് ജീവിതമാർഗ്ഗമാകുന്നുണ്ട് ലോട്ടറിക്കച്ചവടം. പക്ഷേ ആ ആൾക്കാരുടെ മനമറിയാൻ ശ്രമിച്ചിട്ടുണ്ടോ സർക്കാർ? അതുകൊണ്ടുള്ള മറ്റ് ബുദ്ധിമുട്ടുകൾ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

ഇന്ന് നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയുടെ വിൽപ്പന അവസാന സമയത്തിന് മുൻപ് നടന്നില്ലെങ്കിൽ ആ മനുഷ്യർ മുഴുവൻ കടന്ന് പോകുന്നത് മാനസ്സിക സംഘർഷത്തിലൂടെയാണ്. കാരണം, ടിക്കറ്റ് വിറ്റ് പോയില്ലെങ്കിൽ അതിൻ്റെ കാശ് വിൽപ്പനക്കാരൻ്റെ കൈയിൽ നിന്ന് പോകുമെന്നത് തന്നെ. അല്ലെങ്കിൽപ്പിന്നെ വിറ്റ് പോകാത്ത ആ ടിക്കറ്റുകളിലൊന്നിനെ ഭാഗ്യം കടാക്ഷിക്കണം. ലക്ഷക്കണക്കിന് ലോട്ടറി വിൽപ്പനക്കാരിൽ ഒരാൾക്കോ രണ്ടാൾക്കോ പത്താൾക്കോ വല്ലപ്പോഴും അങ്ങനെ ഒരു ഭാഗ്യം ഉണ്ടായെന്ന് വരാം. അപ്പോഴും ബാക്കിയുള്ളവരുടെ കാര്യം പഴയപടി തന്നെ.

ഇങ്ങനെ ടിക്കറ്റ് വിറ്റ് പോകാത്തതുകൊണ്ട് ലോട്ടറി വിൽപ്പനക്കാരെക്കൊണ്ട് ബുദ്ധിമുട്ടായ ഒന്നിലധികം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ പറയുന്നത്.

ഒരു ദിവസം തൃശൂർ സാഹിത്യ അക്കാഡമി പുരയിടത്തിനുള്ളിൽ, ഒരു ലോട്ടറി വിൽപ്പനക്കാരി അനിയത്തിയുടെ കല്യാണത്തിന് വേണ്ടിയുള്ള പങ്കപ്പാടാണ്, അവരുടെ കൈയിൽ അവശേഷിക്കുന്ന രണ്ട് ലോട്ടറിയും വാങ്ങണമെന്ന നിലയ്ക്ക് വഴി തരാതെ വളഞ്ഞുപിടിച്ചു. അടുത്ത ദിവസം ആ ലോട്ടറിയുടെ നറുക്കെടുപ്പാണ്; വിറ്റ് പോയില്ലെങ്കിലുള്ള ബുദ്ധിമുട്ടും അവർ വിവരിക്കുന്നുണ്ട്.

പാലാരിവട്ടത്ത് ഒരിക്കൽ 30 വയസ്സിൽ താഴെയുള്ള നാല് സ്ത്രീകൾ ഒരുമിച്ചാണ് പിടികൂടിയത്. അവരുടെ പ്രശ്നം, ഉച്ചയ്ക്ക് ആ ലോട്ടറിയുടെ നറുക്കെടുപ്പാണ് എന്നതാണ്. അതിന് മുന്നേ ടിക്കറ്റ് വിറ്റഴിക്കാൻ ആ പരിസരത്ത് കണ്ടവരെയെല്ലാം ഓടിനടന്ന് വളയുകയാണ് ആ സ്ത്രീകൾ.

സത്യത്തിൽ നമ്മുടെ നാട്ടിലെ റോഡുകൾ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മനുഷ്യർ നിർത്താതെ വാഹനമോടിച്ച്, കൂടിയ വേഗതയിൽ പോകുന്ന പാതകളിൽപ്പോലും നീട്ടിപ്പിടിച്ച ഭാഗ്യക്കുറികളുമായി ലോട്ടറി കച്ചവടക്കാരുണ്ട്.

ഒരിടത്ത് എൻ്റെ വാഹനം വളവ് തിരിഞ്ഞ് വരുമ്പോൾ, കാൽഭാഗം വഴിയിലേക്ക് ഇറങ്ങി നിൽക്കുന്ന ഒരു ലോട്ടറിക്കാരൻ്റെ നീട്ടിപ്പിടിച്ച കൈയിൽ തട്ടാതെ പോയത് ഭാഗ്യമൊന്ന് കൊണ്ട് മാത്രമാണ്. പാലത്തിന് മുകളിൽ നിൽക്കുന്ന ലോട്ടറിക്കാരേയും ധാരാളമായി കണ്ടിട്ടുണ്ട്. പാലത്തിലൂടെ വരുന്ന വാഹനം നിർത്തി അയാളിൽ നിന്ന് ലോട്ടറി വാങ്ങണമെന്നാണോ അയാളും സർക്കാരും താൽപ്പര്യപ്പെടുന്നത് ? ഓരോ 10 അടിയിലും ഒന്നിന് പിന്നാലെ ഒന്നായി വാഹനങ്ങൾ കടന്ന് പോകുന്ന തിരക്കുള്ള പാലങ്ങളുടെ കാര്യമാണ് ഇപ്പറയുന്നത്.

കേരളത്തിൽ എല്ലാ പാതകളിലും അത്തരത്തിൽ വാഹനബാഹുല്യം ഉണ്ടെന്നിരിക്കേ, വാഹനങ്ങൾക്കും കാൽനടക്കാരും തന്നെ പാതകൾ തികയുന്നില്ലെന്നിരിക്കേ, ലോട്ടറിക്കച്ചവടക്കാരെക്കൊണ്ട് ഉണ്ടാകുന്ന ഗതാഗത തടസ്സം കൂടെ സംസ്ഥാനം സഹിക്കണമെന്നാണോ ?

ഇങ്ങനെ പറയുമ്പോൾ പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാർക്കെതിരെ സംസാരിക്കുന്നു എന്ന് ഒരിക്കലും കരുതരുത്. ഞാൻ പറയുന്നത്, ലോട്ടറി വിൽക്കാൻ റോഡിൽ നിൽക്കുന്ന ആളുടെ സുരക്ഷ കൂടെ കണക്കിലെടുത്താണ്. അത് വിറ്റ് കിട്ടിയ പണം കൊണ്ട് കുടുംബം പോറ്റേണ്ട അവസ്ഥയുള്ള അവരുടെ കാര്യത്തിലുള്ള ചിന്തകൂടെ ഉൾക്കൊണ്ടാണ്. കേരളത്തിൽ ഇനിയങ്ങോട്ട് വാഹനം തട്ടി ലോട്ടറിക്കാരൻ മരിച്ചെന്നോ അത്യാഹിത നിലയിലെന്നോ വാർത്തകൾ നിർലോഭം കേൾക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രം തൽക്കാലം ആഗ്രഹിക്കുന്നു.

ലോട്ടറി എന്നല്ല ഏതൊരു സാധനവും വിൽക്കാൻ അതിൻ്റേതായ സ്ഥലങ്ങളുണ്ടാകണം. എല്ലാം റോഡിൽത്തന്നെ നടത്തുന്നത് എന്തൊരു ഗതികേടാണ്. അത്തരത്തിൽ ഏറ്റവും മോശം പ്രവണത, വഴിയരുകിൽ നടക്കുന്ന തട്ടടിച്ചുള്ള മീൻ കച്ചവടങ്ങളാണ്. അതേപ്പറ്റി പടങ്ങളടക്കം ചേർത്ത് മറ്റൊരവസരത്തിൽ സംസാരിക്കാനുള്ളതുണ്ട്. തൽക്കാലം അതേപ്പറ്റി കൂടുതൽ പറയുന്നില്ല.

ഇങ്ങനെ എന്തിനും ഏതിനും റോഡ് തന്നെ ഉപയോഗിക്കുന്നതിനെയാണോ നമ്മൾ വികസനം എന്ന് വിളിക്കേണ്ടത്. ഫുട്ട്പാത്തുകൾ പോലുമല്ല, റോഡുകൾ തന്നെയാണ് ലോട്ടറിക്കാർ ഉപയോഗിക്കുന്നതെന്ന് 10 കിലോമീറ്ററെങ്കിലും കേരളത്തിലെ ഏതൊരു പാതയിലൂടെയും സഞ്ചരിക്കുന്നവർക്ക് നല്ല ബോദ്ധ്യമുള്ള കാര്യമാണ്.

റോഡിൻ്റെ ഓരത്ത് നിന്ന് ലോട്ടറി വിൽക്കുന്ന മനുഷ്യർ ഒരു രാജ്യത്തിനും ഭൂഷണമാണെന്നോ ആ രാജ്യത്തിൻ്റെ പുരോഗതിയുടെ പ്രതീകമാണെന്നോ കരുതാനാവില്ല.

ഇത്രയുമൊക്കെ സംഭവിച്ചിട്ട്, സർക്കാരിന് കിട്ടുന്ന ലാഭമാണ് 3% എന്ന് മന്ത്രി പറയുമ്പോൾ, എങ്കിൽപ്പിന്നെ ഇത്രയും ആൾക്കാരെ റോഡിലിറക്കി നിർത്തണം എന്നൊരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങൾ അങ്ങനെ കഴിഞ്ഞുപോകുന്നുണ്ടെന്നത് തന്നെയാകാം ഈ ചോദ്യത്തിനുള്ള മറുപടി. പക്ഷേ, അതുണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങൾ ഇതിനകം സൂചിപ്പിച്ച് കഴിഞ്ഞു.

തൽക്കാലം രണ്ട് കാര്യങ്ങൾ അടിവരയിട്ട് ആവശ്യപ്പെട്ടുകൊണ്ട് നിർത്തുന്നു.

1. ലാഭം 3% മാത്രം എന്ന കണക്ക് വിട്ട് പിടിച്ച്, ലോട്ടറിയുടെ ശരിയായ വിറ്റുവരവ് കണക്ക് ധനകാര്യ മന്ത്രി വിശദമാക്കണം.

2. റോഡിൽ ഏത് നിമിഷവും ചാടി വീഴാൻ പാകത്തിന് ഒരു ലോട്ടറിക്കച്ചവടക്കാരൻ എന്ന അവസ്ഥ നിയമപരമായിത്തന്നെ ഒഴിവാക്കണം.

വാൽക്കഷണം:- ജൂൺ 8 മുതൽ 43 ദിവസം ഗോവയിലെ തിരക്കുള്ളതും ഇല്ലാത്തതുമായ തെരുവുകളിലായിരുന്നു ഞാൻ. അത്രയും ദിവസങ്ങൾ ആ റോഡുകളിൽ കാണാതെ പോയത്, ടിക്കറ്റ് നീട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ലോട്ടറിക്കാരനെ ആയിരുന്നു.