ജീവകാരുണ്യം

മാറ്റത്തിന്റെ (സെക്സി) സഞ്ചികൾ


33
മിഴ് നാട്ടിൽ മാത്രം കണ്ടിരുന്ന പത്ത് രൂപയുടെ മഞ്ഞ സഞ്ചിയും തൂക്കി, വിജയ് മല്ലിയ വിമാനത്തിൽ യാത്ര ചെയ്തത് ചിത്രസഹിതം വലിയ വാർത്തയായിരുന്നു ഒരിക്കൽ. മല്ലിയ ചെയ്താൽ ഫാഷൻ, നമ്മൾ സാധാരണക്കാർ ചെയ്താൽ ദാരിദ്ര്യം, എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ അങ്ങനെയല്ല.

അത്തരം സാധാരണ സഞ്ചികളെ ഒഴിവാക്കിയതിൻ്റെ ഫലമാണ്, ഒരളവ് വരെ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ രൂപത്തിൽ നാമിന്ന് അനുഭവിക്കുന്നത്. ഇത്തരം ധാരാളം സഞ്ചികൾ പല അളവിലുള്ളത് വീടുകളിലും വാഹനങ്ങളിലും അത്യാവശ്യം വേണ്ടയിടങ്ങളിലുമെല്ലാം കരുതുക. ഷോപ്പിങ്ങിനും ഓഫീസിലേക്കും സങ്കോചമേതുമില്ലാതെ അഭിമാനത്തോടെ കൂടെത്തന്നെ അതുപയോഗിക്കൂ. വീട്ടിലേക്ക് വന്ന് കയറുന്ന (കുറഞ്ഞത്) 10 പ്ലാസ്റ്റിക്ക് സഞ്ചിയെങ്കിലും ഒരു മാസം നമുക്കൊഴിവാക്കാൻ കഴിയും.

അഞ്ജലി ചന്ദ്രൻ പറഞ്ഞതനുസരിച്ച് കുറച്ച് സഞ്ചികൾ ഞാൻ വാങ്ങി. ഇനിയുള്ള ദിവസങ്ങളിൽ എൻ്റെ ഓഫീസ് ബാഗ് ഈ സെക്സി സഞ്ചികളാണ്.

അഞ്ജലി എന്താണ് പറഞ്ഞതെന്നറിയാൻ തുടർന്ന് വായിക്കുക. സഹകരിക്കുക.

CARE – E – BAGS
————————–
ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും ഉള്ള കുറച്ച് അമ്മമാർ ബുദ്ധി വളർച്ചയെത്താത്ത, ശാരീരികമായ പ്രശ്നങ്ങൾ കൊണ്ട് കിടന്നകിടപ്പിൽ നിന്ന് എണീക്കാൻ പോലും കഴിയാത്ത, പരസഹായമില്ലാതെ ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത, പ്രാഥമിക ആവശ്യങ്ങൾക്ക് മറ്റുള്ളവരുടെ സമയത്തിന് കാത്തുകിടക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മാത്രമായി ജീവിക്കുന്നുണ്ട്. വീട്ടിലിരുന്ന് തയ്ച്ചുണ്ടാക്കുന്ന തുണിസഞ്ചികൾ വിറ്റാണ് ഇവർ ഈ കുഞ്ഞുങ്ങൾക്കാവശ്യമുള്ള മരുന്ന് ഡയപ്പർ അടക്കമുള്ള കാര്യങ്ങൾ, തെറാപ്പികൾ എന്നിവക്കുള്ള പണം കണ്ടെത്തുന്നത്. ഇതിനുള്ള വക എത്തിക്കണേയെന്ന പ്രാർത്ഥനയിൽ കഴിയുന്നവർക്ക് കൂനിൻമേൽ കുരു എന്ന് പറയുന്ന തോതിലാണ് കൊറോണ ബാധിച്ചത്.

അവർക്കൊരു താങ്ങാവാൻ ഇംപ്രസയുടെ വെബ്സൈറ്റ് www.impresa.in വഴി അവരുടെ തുണി സഞ്ചികൾ വില്പനക്ക് ലഭ്യമാക്കിയിട്ടുണ്ട്. മൂന്നു വ്യത്യസ്ത സൈസിലുള്ള, നിലവാരമുള്ള തുണിയിലുള്ള 6 തുണിസഞ്ചികളുടെ പാക്കറ്റ് ആയാണ് അവരുടെ കയ്യിൽ ഉള്ളത്. ഇതൊരു ബിസിനസ് അല്ല. മറ്റുള്ളവരുടെ ഔദാര്യം പറ്റി ജീവിക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ സ്വന്തം കുഞ്ഞുങ്ങളുടെ മരുന്നും പ്രാഥമിക ആവശ്യങ്ങളെങ്കിലും നിറവേറ്റണമെന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന ഒരുകൂട്ടം അമ്മമാരുടെ ജീവിതത്തോടുള്ള പൊരുതലാണ്. കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഈ സംരംഭത്തിൽ പങ്കാളികളാകൂ. അവരുടെ ഉൽപന്നം വാങ്ങി സഹായിക്കൂ.

#happinesschallenge