സാമൂഹികം

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്


55
സ്വയം വാഹനമോടിച്ച് ദീർഘദൂര യാത്ര പോകുകയും, രാത്രി കാലത്ത് വഴിയോരങ്ങളിൽ എവിടെയെങ്കിലും തങ്ങുകയും ചെയ്യുന്ന യാത്രക്കാർ അറിയാൻ. കാര്യങ്ങൾ പഴയത് പോലൊന്നും അല്ല.

പണ്ട് ഇന്ധന ബങ്കുകളിൽ വാഹനം പാർക്ക് ചെയ്യാനും അവിടുത്തെ ശുചിമുറി ഉപയോഗിക്കാനും കഴിയുമായിരുന്നു.

ഇപ്പോൾ, ഏതൊക്കെത്തരം ആൾക്കാരാണ് അവിടെ ചെന്ന് വാഹനം പാർക്ക് ചെയ്യുന്നതെന്ന് അവർക്ക് നിശ്ചയം ഇല്ലാത്തതുകൊണ്ട്, പല ഇന്ധന സ്റ്റേഷനുകളിലും അന്യവാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കാറില്ല. ഗോവയിലെ ഒരു ഇന്ധന ബങ്കിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ച എന്നെ അവിടന്ന് ഇറക്കി വിട്ട അനുഭവം ഉണ്ട്.

ചിത്രത്തിലുള്ളത് മൈസൂർ ബാംഗ്ലൂർ ഹൈവേയിൽ മാണ്ടിയ പരിസരത്തുള്ള ഒരു ഇന്ധന ബങ്കിലെ ബോർഡാണ്. ഇന്ധനം വാങ്ങാൻ വരുന്നവർക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാൻ പറ്റൂ എന്നാണ് അവർ എഴുതി വെച്ചിരിക്കുന്നത്.

നിയമം മറ്റൊന്നായിരിക്കാം, പക്ഷേ, പരിചയമില്ലാത്ത സ്ഥലത്ത്, അറിയാത്ത ഭാഷയും വെച്ച്, അസമയത്ത്, അവരുടെ തട്ടകത്തിൽ, കാര്യം സാധിക്കുക എളുപ്പമാവില്ല എന്ന ബോദ്ധ്യമുണ്ടായാൽ നന്ന്.

പാർക്കിങ്ങ്, ശുചിമുറി എന്നീ രണ്ട് കാര്യങ്ങളിൽ പലയിടത്തും വ്യത്യാസം വന്നിട്ടുണ്ടെന്ന് മനസ്സിലാക്കി യാത്ര പ്ലാൻ ചെയ്ത് പോയാൽ തർക്കങ്ങളും അതേത്തുടർന്നുള്ള മനക്ലേശവും ഒഴിവാക്കാം. അത് മൊത്തം യാത്രയിൽ ഗുണം ചെയ്യും.

വാൽക്കഷണം:- ഒരു ലിറ്റർ പെട്രോളോ ഡീസലോ അടിച്ച് ശുചിമുറി ഉപയോഗിക്കാം എന്ന പഴുത് ഉണ്ടെന്നത് നിഷേധിക്കുന്നില്ല.