വിവരാവകാശം

മരങ്ങൾ കട്ടെന്നോ ?! ഞങ്ങൾക്കൊന്നുമറിയില്ല ഹേ.


3

രു വിവരാവകാശ കത്താണ് മുകളിൽ കാണുന്നത്. അതിലെ ചോദ്യങ്ങൾ ഇപ്രകാരം.

ബഹുമാനപ്പെട്ട വയനാട് ജില്ലാ കളക്ടർ,

1. വയനാട് ജില്ലയിൽ 2011 ജൂൺ മുതൽ 2021 ജൂൺ വരെ ഗവൺമെൻ്റിലേക്ക് മുതൽക്കൂട്ടായി വനഭൂമിയിലെ വീട്ടി, തേക്ക്, ചന്ദനം, എന്നീ മരങ്ങൾ മുറിച്ചെടുത്ത എത്ര കേസുകൾ നിലവിലുണ്ട് ?

2. എത്ര പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ?

3. എത്ര കേസുകൾക്ക് ഇനി പ്രതികളെ കിട്ടാനുണ്ട് ?

4. ഈ കാലയളവിൽ എത്ര രൂപയുടെ മരം കളവ് പോയി?

ഇതിൻ്റെ കൃത്യമായ ഒരു വിവരം രേഖാമൂലം അനുവദിച്ചു തരണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
—————————————-
മേൽപ്പടി കത്തിന് ജില്ലാ കളക്ടർക്ക് വേണ്ടി ജൂനിയർ സൂപ്രണ്ട് അയച്ച മറുപടി താഴെ ചേർക്കുന്നു.

2

സൂചന പ്രകാരം സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ ഈ കാര്യാലയത്തിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല. താങ്കൾ ആവശ്യപ്പെട്ട വിവരങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിന് താങ്കളുടെ അപേക്ഷ വിവരാവകാശ നിയമം സെക്ഷൻ 6(3) പ്രകാരം ജില്ലയിലെ മൂന്ന് താലൂക്ക് ഓഫീസുകളിലേയും സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർക്ക് അയച്ചിട്ടുണ്ടെന്ന വിവരം അറിയിക്കുന്നു.
———————–
മേൽപ്പറഞ്ഞ മൂന്ന് താലൂക്ക് ഓഫീസുകളിൽ വൈത്തിരി താലൂക്ക് ഓഫീസിൽ നിന്നുള്ള മറുപടി കിട്ടി. അത് താഴെ പറയുന്ന പ്രകാരമാണ്.

1

സൂചന പ്രകാരം താങ്കൾ ആവശ്യപ്പെട്ട 2011 മുതൽ 2021 വരെയുള്ള റവന്യൂ ഭൂമിയിലെ മരങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഈ ഓഫീസിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലാത്തതിനാൽ ആയത് സംബന്ധിച്ച ഫയലുകൾ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ 10 മുതൽ 5 വരെ സമയങ്ങളിൽ ഈ ഓഫീസിൽ വന്ന് നേരിട്ട് പരിശോധിക്കാവുന്നതും ആവശ്യമുള്ള രേഖയുടെ കോപ്പികൾ നിശ്ചിത ഫീസ് അടച്ച് കൈപ്പറ്റാവുന്നതുമാണ് എന്ന വിവരം അറിയിക്കുന്നു. മേൽപ്പറഞ്ഞ മറുപടിയിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ആയതിനു താഴെ കാണുന്ന വിലാസത്തിൽ അപ്പീൽ നൽകാവുന്നതാണ്.
—————————–
മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് എത്ര കേസുണ്ടെന്നോ എത്ര പേരെ പിടിച്ചെന്നോ, ഇനിയെത്ര പേരെ പിടിക്കാനുണ്ടെന്നോ ഒന്നുമറിയില്ല. മേൽപ്പറഞ്ഞ വിവരങ്ങൾ ഒന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല. താങ്കൾക്ക് വേണമെങ്കിൽ ഇവിടെ വന്ന് ഫയലുകൾ പരിശോധിക്കാവുന്നതാണ് പോലും !!! ആഹഹ… എത്ര മനോഹരമായ ആചാരങ്ങൾ.

ഗുണപാഠം:- വിവരാവകാശ നിയമം എന്നല്ല അതിനേക്കാൾ ശക്തമായ നിയമങ്ങൾ ഉണ്ടായാലും അതിനെയെല്ലാം നിഷ്പ്രഭമാക്കാൻ പോന്ന കാട്ടുകള്ളന്മാർ അരങ്ങുവാഴുന്ന നാട്ടിൽ ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കട്ടത് വേണ്ടപ്പെട്ടവരുടെ അറിവോടെ കൂടെത്തന്നെ. മുക്കിയതും വേണ്ടപ്പെട്ടവരുടെ അറിവോട് കൂടെത്തന്നെ. അത്രയുമൊക്കെ ചെയ്യാമെങ്കിൽ അതിൻ്റെ രേഖകൾ വല്ലതുമുണ്ടോ എന്ന് തിരഞ്ഞ് വരുന്ന എമ്പോക്കികളെ വരച്ച വരയ്ക്കിപ്പുറം കടക്കാതെ തടഞ്ഞ് നിർത്താനുള്ള കഴിവും കട്ടവന്മാർക്കുണ്ട്. അത് നന്നായിട്ടങ്ങ് മനസ്സിലാക്കി വെക്കുക. അത്രതന്നെ.