സിനിമ

ഇന്ത്യൻ – 2


11
ന്ത്യൻ 1 ചെയ്ത അതേ ഉശിരോടെ തന്നെ രണ്ടാം ഭാഗവും ചെയ്തിട്ടുണ്ടായിരിക്കാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും അതേ ആസ്വാദ്യത എനിക്ക് കിട്ടിയില്ല. അത്, ഇന്ത്യൻ 2 മോശമായത് കൊണ്ടാണെന്ന് കരുതുന്നില്ല.

അതിന് മറ്റ് പല കാരണങ്ങളുണ്ട്.

ഇന്ത്യൻ 1നും 2നും ഇടയ്ക്ക്, 28 വർഷത്തിനിടയ്ക്ക്, ഇന്ത്യൻ സിനിമയിൽ പല അത്ഭുതങ്ങളും വേറെ സംഭവിച്ചു. ശങ്കറിൻ്റെ കഴിവിനെ വെല്ലുന്ന സിനിമകൾ പലതും നമ്മൾ കണ്ടു. ഇന്ത്യൻ്റെ കഥാതന്തു പുതുമയില്ലാത്ത ഒന്നായി മാറി. അതുകൊണ്ടാകാം ഒന്നാം ഭാഗത്തിനോട് കിടപിടിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടും രണ്ടാം ഭാഗം ഏൽക്കുന്നില്ല. 1000 കോടിയുടെ അഴിമതി എന്നൊക്കെ പറയുന്നത് വലിയ സംഭവം അല്ലാതായി മാറിയിരിക്കുന്നു 28 വർഷം കഴിഞ്ഞപ്പോൾ. 400 കോടിയുടെ അഴിമതി കേരളത്തിലെ ഒരു ചെറിയ പട്ടണത്തിലെ സഹകരണ ബാങ്കിനെക്കൊണ്ട് പോലും പറ്റുന്നുണ്ട്.
ഒന്നാം ഭാഗത്തിലെ പല ഗാനങ്ങളും ഇപ്പോളും മൂളാൻ പറ്റുന്നുണ്ട്. ഇന്നലെ കണ്ട രണ്ടാം ഭാഗത്തിലെ ഒരു ഗാനം പോലും ഓർമ്മയിൽ നിൽക്കുന്നില്ല.

രണ്ടാം ഭാഗത്തിൽ സേനാപതി എന്ന നായകനെ വേട്ടയാടുന്ന രംഗങ്ങളാണ് കൂടുതലെന്ന് തോന്നി. ആ വേട്ടയാടൽ രംഗങ്ങളിലൂടെ പറയുന്നത് പ്രകാരം, സേനാപതിയെപ്പോലെ ഒരു ഇന്ത്യനെ, ഇന്ത്യക്കാർ അർഹിക്കുന്നില്ല. അഴിമതി നടന്നാലും കുഴപ്പമില്ല, സ്വന്തം അച്ഛനമ്മമാരുടേയും ബന്ധുജനങ്ങളുടേയും കണ്ണീരും വിഷമങ്ങളും കാണാൻ യുവതലമുറയ്ക്ക് താൽപ്പര്യമില്ല. സിനിമയിൽ മാത്രമല്ല, നിത്യജീവിതത്തിലും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു.

comebackindian എന്ന് ഹാഷ് ടാഗ് ഇട്ട അതേ യുവജനത തന്നെ ദിവസങ്ങൾക്കകം gobackindian എന്ന് ആക്രോശിക്കുന്നു, ലക്ഷങ്ങൾ അതേറ്റു പിടിക്കുന്നു. തെരുവിൽ സേനാപതിയെ കല്ലെറിയുന്നു, വേട്ടയാടുന്നു.

ഞാൻ തിരികെ വരും എന്ന് സേനാപതി പറയുമ്പോൾ, നിങ്ങൾ തിരികെ വരണമെന്ന് വ്യക്തിപരമായി എനിക്കാഗ്രഹമില്ല. കാരണം നിങ്ങളെ, അഥവാ അഴിമതിക്കെതിരെ പോടാരുന്ന ഒരാളെ, ഈ ജനതയോ സമൂഹമോ അർഹിക്കുന്നില്ല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഈ മനുഷ്യരെ മൊത്തം, ഇനി എങ്ങനെ നിങ്ങൾ തിരുത്തുമെന്നാണ് ?

മേൽപ്പറഞ്ഞ കാൽപ്പനികമായ ചിന്തകൾക്കപ്പുറം സിനിമാപരമായി പറഞ്ഞാലും ഇന്ത്യൻ 3 ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. കമലാഹാസൻ തന്നെ സേനാപതിയായി അഭിനയിക്കണമെങ്കിൽ കുറഞ്ഞത് 5 വർഷത്തിനകം മൂന്നാം ഭാഗം പിടിക്കേണ്ടി വരും. ഒന്നിനും രണ്ടിനും ഇടയ്ക്കുണ്ടായ 28 വർഷത്തെ വിടവ് ഉണ്ടായാൽ, അത്രയും കാലം നായക നടൻ ആരോഗ്യത്തോടെയോ ജീവനോടെയോ ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽപ്പിന്നെ AI സാങ്കേതിക വിദ്യ മുന്നേറിയത് പ്രയോജനപ്പെടുത്തി നെടുമുടി വേണുവിനെ രണ്ടാം ഭാഗത്തിൽ പുനഃർജീവിപ്പിച്ചത് പോലെ കമലാഹാസൻ്റെ കാര്യത്തിലും വേണ്ടി വരും.

വാൽക്കഷണം:- ഇത് സിനിമാ അവലോകനമല്ല. നിരക്ഷര സിനിമാ ജൽപ്പനങ്ങൾ മാത്രം. വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഒരു പ്രാവശ്യം കാണുന്നതിൽ കുഴപ്പമില്ല.