ഓർമ്മക്കുറിപ്പുകൾ

പ്രിയ സഹപാഠി അനൂപിന് വിട


അനൂപ്
ചിത്രരചന, പെയ്ൻ്റിങ്ങ്, സാഹിത്യം, സംഗീതം എന്നിങ്ങനെ ഒരു കോളേജിൽ കത്തിനിൽക്കാൻ പോന്ന എല്ലാ കാര്യങ്ങളും തികഞ്ഞൊരു സഹപാഠിയുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ അനൂപ് ആർ. എന്ന് ഞാൻ പറഞ്ഞിരിക്കും. മറ്റ് സഹപാഠികൾക്കും അതല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകുമെന്ന് തോന്നുന്നില്ല.

മലയാള സാഹിത്യവുമായി അടുത്ത് നിൽക്കുന്ന ചിലർക്കെങ്കിലും അനൂപ് ആർ. എന്ന അനൂപ് രാമകൃഷ്ണനെ പരിചയമുണ്ടാകും. എം.ടി.വാസുദേവൻനായർ നാളന്നുവരെ എഴുതിയിട്ടുള്ളതും പബ്ലിഷ് ചെയ്തതും ചെയ്യാത്തതുമായ എല്ലാ സൃഷ്ടികളും ഡിജിറ്റൽ സംവിധാനത്തിലൂടെ ആസ്വദിക്കാൻ പാകത്തിന് അദ്ദേഹത്തിൻ്റെ നൂറുകണക്കിന് സഹപ്രവർത്തകരുടേയും അഭ്യുദയകാംക്ഷികളുടേയും അഭിമുഖങ്ങളും അഭിപ്രായങ്ങളുമൊക്കെ ചേർത്ത് ‘എം. ടി. യുടെ ലോകങ്ങൾ‘ എന്ന പേരിൽ 23ൽപ്പരം ഡീവീഡികളിൽ സമന്വയിപ്പിച്ച് മലയാള മനോരമ പുറത്തിറക്കിയപ്പോൾ അഞ്ച് വർഷത്തോളം ആ പദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് അനൂപാണ്. എം.ടി.യുടെ ലോകങ്ങൾ എന്ന ആ മൾട്ടി മീഡിയ സംരംഭത്തിൻ്റെ സംക്ഷിപ്ത ലിഖിത രൂപം എന്ന നിലയ്ക്ക്, ‘എം.ടി. – അനുഭവങ്ങളുടെ പുസ്തകം‘ എന്ന പേരിൽ ഒരു മർട്ടി മീഡിയ ഗ്രന്ഥവും അനൂപിൻ്റേതായിട്ടുണ്ട്.

പത്ത് ഭാഷകളിൽ കുട്ടികൾക്ക് വേണ്ടി മഹാഭാരത കഥകളുടെ ആപ്പ്. എം. ടി. യുടെ ലോകങ്ങളുമായി ബന്ധപ്പെട്ട് 5 ഡോക്യുമെൻ്ററികൾ. കുഞ്ഞുണ്ണി മാഷിൻ്റെ 60 കവിതകൾ ഉൾക്കൊള്ളിച്ച് കൽക്കണ്ടം എന്ന പേരിൽ ഇൻ്ററാക്റ്റീവ് സമാഹാരം. മോഹൻലാലിൻ്റെ വിവിധ വേഷങ്ങൾ കോർത്തിണക്കി വേഷങ്ങൾ എന്ന പേരിൽ വീഡിയോ ആപ്പ്. കുട്ടികൾക്ക് മലയാളം പഠിക്കാനായി എൻ്റെ മലയാളം എന്ന പേരിൽ ഇൻ്ററാക്റ്റീവ് സീഡി. എന്നിങ്ങനെ പോകുന്നു അനൂപിൻ്റെ മറ്റ് സംഭാവനകളും നേട്ടങ്ങളും. ഇതോടൊപ്പം തേടി വന്ന നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ വേറെയും.

സിനിമയോട് എന്നും അടങ്ങാത്ത കമ്പമായിരുന്നു അനൂപിന്. IFFK യുടെ 24, 25 എഡിഷനുകളുടെ ഡിസൈൻ നിർവ്വഹിച്ചത് അനൂപാണ്. ആ ചലച്ചിത്ര മേളകളിൽ പങ്കെടുത്തവർക്ക് ഫെസ്റ്റിവലിൻ്റെ വിവിധ മേഖലകളിൽ അനൂപ് കൊണ്ടുവന്ന വ്യത്യാസങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളതാണ്. മലയാള സിനിമയുടെ നവതിയോട് അനുബന്ധമായി ചലച്ചിത്ര അക്കാഡമി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് നേടിയത് അനൂപിൻ്റെ The story of titlography with focus on 90 years of Malayalam movies എന്ന പ്രബന്ധമായിരുന്നു. അധികം വൈകാതെ ഈ പ്രബന്ധം പുസ്തകരൂപത്തിൽ ഇറങ്ങുന്നുണ്ട്.

കോളേജ് കാലത്ത്, നമ്പൂതിരിയുടെ ഒരു വരയ്ക്ക് അനൂപ് ചായം പകർന്നപ്പോൾ അതിമനോഹരമായ ഒരു സൃഷ്ടിയായി മാറിയത് എൻ്റെ നോട്ടത്തിലുണ്ടായിരുന്നു. 1990ൽ കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് പിരിയുന്ന കാലത്ത് ആ ഓയിൽ പെയിൻ്റിങ്ങ് എനിക്ക് വേണമെന്ന് അനൂപിനോട് ഞാൻ ആവശ്യപ്പെട്ടു. സന്തോഷത്തോടെ, അതിനടിയിൽ മനോഹരമായ കൈപ്പടയിൽ ഒരു കുറിപ്പ് എഴുതിച്ചേർത്ത് അനൂപ് എനിക്കത് തന്നു. ആ കുറിപ്പ് ഇങ്ങനെ…

“ ഓണവില്ല് കൊട്ടി
ഓർമ്മതൻ തമ്പുരുമീട്ടി
നമ്മളെത്ര വട്ടം പാടി “

കൊട്ടാനും മീട്ടാനും പാടാനും ഇന്ന് മുതൽ അനൂപ് ഇല്ല. പ്രിയ സുഹൃത്തിന് വിട. അനൂപിൻ്റെ കുടുബത്തിനും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും ഈ വേർപാട് ഉൾക്കൊള്ളാനുള്ള കരുത്ത് ഉണ്ടാകുമാറാകട്ടെ.

വാൽക്കഷണം:-  പ്രായം 52 കഴിഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് ജീവിച്ചിരിക്കുന്നിടത്തോളം കാലം, പ്രിയപ്പെട്ട പലരുടേയും വിടവാങ്ങലുകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും എന്നൊരു ഗതികേട് ഒപ്പമുണ്ട്. എങ്കിലും 52 വയസ്സ് വിട പറഞ്ഞ് പോകാനുള്ള ഒരു വയസ്സല്ല. മലയാളത്തിന് ഇനിയുമൊരുപാട് സംഭാവനകൾ നൽകാൻ പ്രാപ്തനായിരുന്ന ഒരാളെന്ന നിലയ്ക്ക്, അനൂപിൻ്റെ ഈ വേർപാട് പ്രത്യേകിച്ചും.