പരിസ്ഥിതി

പുല്ല് മേഞ്ഞ ഭവനങ്ങൾ


111
തെങ്ങ് കയറാൻ ആളില്ലാത്തതുകൊണ്ട് കേരവൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കാൻ ജനങ്ങൾ മടികാണിക്കുന്ന ഈ കാലഘട്ടത്തിൽ ഓല മെടയലും മേയലും അങ്ങനെയുണ്ടാക്കിയ മേൽക്കൂരയുള്ള കെട്ടിടങ്ങളും കാലയവനികയ്ക്ക് പിന്നിൽ മറയാൻ അധികം സമയമൊന്നും വേണ്ടി വരില്ല. അല്ലെങ്കിലും ഓലമേഞ്ഞ കെട്ടിടങ്ങൾ കേരളത്തിലിപ്പോൾ ഒരു കാണാക്കാഴ്ച്ചയാണ്.

ഇപ്പറഞ്ഞത് ഓല മേഞ്ഞ കെട്ടിടങ്ങളുടെ കാര്യം. പുല്ലുമേഞ്ഞ കെട്ടിടങ്ങളും ഭവനങ്ങളും സിനിമയിലും ചിത്രങ്ങളിലും മാത്രമുള്ള അനുഭവമായിരുന്നു, നല്ലൊരു പ്രായം വരെ. യൂറോപ്പ് കാണാൻ സാധിച്ചതോടെയാണ് പുല്ലുമേഞ്ഞ കെട്ടിടങ്ങൾ (Thatched roof) ധാരാളമായി നേരിൽ കാണാൻ അവസരമുണ്ടായത്. പുത്തൻ കെട്ടിടങ്ങൾക്ക് പോലും അവരിപ്പോഴും പുല്ല് മേയുന്നു. വൈക്കോൽ മേഞ്ഞ കൊച്ചുകൂരകർ ഇന്നാട്ടിലും കണ്ടിട്ടുണ്ടെങ്കിലും വർഷങ്ങളോളം ഈട് നിൽക്കുന്ന പുല്ലുമേഞ്ഞ കെട്ടിടങ്ങൾ ഇവിടെ കാണാൻ അവസരമുണ്ടായിട്ടില്ല. ഇന്നലെ പക്ഷേ അക്കാഴ്ച്ചയും ഒത്തുവന്നു.

യൂറോപ്യൻ രാജ്യങ്ങളിലേത് പോലെ തന്നെ പുല്ല് മേഞ്ഞ അത്തരം കെട്ടിടമൊന്ന് ആദ്യമായി കാണാൻ സാധിച്ചത് തമിഴ്‌നാട്ടിലെ കാരമടയിൽ നിന്ന് ബാംഗ്ലൂർക്കുള്ള മടക്കയാത്രയിൽ തമിഴ്‌നാട്ടിലെ തന്നെ ശൂലഗിരി എന്ന സ്ഥലത്താണ്. നഗരത്തിന്റെ തിരക്കുകളിൽ മനം മടുക്കുമ്പോൾ കൃഷി ചെയ്യാനും മരം നടാനും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്താനുമായി ബൈജു, ഷിഹാബ് എന്നീ സംരംഭകർ സുഹൃത്തുക്കൾക്കൊപ്പം തുടങ്ങി വെച്ചിരിക്കുന്ന പദ്ധതിയാണത്. താൽപ്പര്യമുള്ളവർക്ക് അവിടെ സ്ഥലം വാങ്ങാം. അവിടത്തെ നിബന്ധനകൾ അനുസരിച്ച് ആ സ്ഥലം വെറുതെയിടാൻ പാടില്ല; കൃഷി ചെയ്യണം. കെട്ടിടങ്ങൾ എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിലും അത് അവിടത്തെ നിബന്ധനകൾക്ക് അനുസരിച്ചേ പറ്റൂ. (വിശദവിവരങ്ങൾ ഇവിടെ)

അവിടെയുള്ള കെട്ടിടങ്ങളിൽ ഒന്നിലാണ് മനോഹരമായി പുല്ല് മേഞ്ഞിരിക്കുന്നത്. കഴുക്കോലുകൾക്ക് മുകളിൽ പനമ്പടിച്ച് അതിന് മേൽ പ്രൊഫഷണലായിത്തന്നെ പുല്ല് മേയുന്ന പണിക്കാരേയും അവിടന്ന് പരിചയപ്പെട്ടു. പതിനഞ്ച് വർഷത്തോളമാണ് ഇതിന്റെ ഈട് അവർ ഉറപ്പ് നൽകുന്നത്. പുല്ലുകെട്ടൊന്നിന് ഏകദേശം 35 രൂപയും ദിവസക്കൂലി ഒരാൾക്ക് 800 രൂപയും വരും. അതിൽക്കൂടുതൽ കണക്കൊന്നും തൽക്കാലം എടുത്തില്ല.

400 ചതുരശ്ര അടിയുടെ ഒരു ടൈനി ഹോം പദ്ധതിയിട്ടിരിക്കുന്നതിലേക്ക്, അതിന്റെ സമയമാകുന്ന മുറയ്ക്ക് പ്രകൃതിക്കിണങ്ങിയ ഓരോന്നോരോന്ന് അടിവെച്ചടിവെച്ച് കയറി വരുന്നത് രസകരമായ അനുഭവമാണ്.