പരിസ്ഥിതി

നടൻ കൃഷ്ണകുമാറിനോട് ഒരു ആർത്തവ കാര്യം


666
ടൻ കൃഷ്ണകുമാറിനോട് ഒരു ആർത്തവ കാര്യം പറയാനാഗ്രഹിക്കുന്നു.

താങ്കൾക്ക് ആരെ വേണമെങ്കിലും ആരാധിക്കാം, പ്രകീർത്തിക്കാം, ന്യായീകരിക്കാം, പൂവിട്ട് പൂജിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഈ രാജ്യം തരുന്നുണ്ട്.

പക്ഷേ, നിർദ്ധനരായ സ്ത്രീകൾക്ക് 1 രൂപയ്ക്ക് സാനിറ്ററി നാപ്‌കിൻ നൽകുമെന്നുള്ള പ്രധാനമന്ത്രിയുടെ വാഗ്‌ദാനം വലിയ സംഭവമാണെന്നും ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധ ചെലുത്തുന്ന ആളാണ് അദ്ദേഹം എന്നൊക്കെ തട്ടിവിടുമ്പോൾ, അദ്ദേഹത്തെപ്പോലെ തന്നെ താങ്കൾക്കും, ഏറ്റവും കുറഞ്ഞപക്ഷം മാലിന്യവിഷയത്തിൽ ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണെന്ന് യാതൊരു പിടിയുമില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സാനിറ്ററി നാപ്ക്കിനുകൾ സൃഷ്ടിക്കുന്ന മാലിന്യ സംസ്ക്കരണപ്രശ്നത്തെപ്പറ്റി ഒരു സ്ത്രീസമൂഹത്തിൽ, (താങ്കളുടെ തന്നെ വാക്കുകൾ) ജീവിക്കുന്ന താങ്കൾക്ക് അറിയില്ലെന്നത് പരിതാപകരമായ അവസ്ഥയാണ്.

അത്തരത്തിലുള്ള മാലിന്യപ്രശ്നങ്ങളും ഉപയോഗിക്കാനുള്ള സൗകര്യവുമെല്ലാം കണക്കിലെടുത്ത്, പറയുന്ന പണം കൊടുത്ത് സാനിറ്ററി നാപ്‌കിൻ വാങ്ങാൻ കഴിവുള്ള സ്ത്രീകൾ പോലും ‘മെനസ്‌ട്രൽ കപ്പ് ‘ എന്ന മാർഗ്ഗത്തിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഉപയോഗിക്കാനുള്ള സൗകര്യം, പാർശ്വഫലങ്ങൾ ഇല്ല, ഒരുപാട് തവണ കഴുകി ഉപയോഗിക്കാം, ആയതിനാൽ മാലിന്യപ്രശ്നം ഒഴിവാകുന്നു, എന്നീ ഗുണങ്ങളാണ് സാനിറ്ററി പാഡുകളെ അപേക്ഷിച്ച് മെനസ്‌ട്രൽ കപ്പുകൾക്കുള്ളത്.

ഇന്ത്യപോലുള്ള ഒരു രാജ്യം മാലിന്യപ്രശ്നം കൊണ്ട് എത്രയാണ് ബുദ്ധിമുട്ടുന്നതെന്ന് വല്ല ധാരണയുമുണ്ടോ താങ്കൾക്ക്? എല്ലാക്കാര്യത്തിലും ശ്രദ്ധചെലുത്തുന്ന താങ്കളുടെ ആരാധ്യപുരുഷന് അതേപ്പറ്റി എത്ര ബോധമുണ്ടെന്ന് വല്ല പിടിപാടുമുണ്ടോ ?

മെനസ്‌ട്രൽ കപ്പുകളെപ്പറ്റി നിങ്ങൾ രണ്ട് പേരും കേട്ടിട്ട് പോലും ഉണ്ടാകില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പ്രധാനമന്ത്രി ഭാര്യയ്ക്കൊപ്പം കഴിയുന്ന ആളല്ല. അദ്ദേഹത്തിന് പെൺ‌മക്കളുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അതേപ്പറ്റി കുടുംബത്തിൽ നിന്ന് പോലും സാമാന്യജ്ഞാനം ഉണ്ടാകണമെന്നില്ല. അങ്ങനെയല്ലല്ലോ താങ്കളുടെ അവസ്ഥ. 5 സ്ത്രീജനങ്ങൾ താങ്കളുടെ വീട്ടിൽ ഇല്ലേ ? അപ്പോൾ താങ്കളതേപ്പറ്റി മനസ്സിലാക്കിയിട്ടില്ലെങ്കിൽ അത് സാമാന്യവിജ്ഞാനത്തിന്റേയും പൊതുബോധത്തിന്റേയും കുറവാണ്.

ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാൻ തുടങ്ങുമ്പോൾ, പണമില്ലാത്തതുകൊണ്ട് ഇക്കാലമത്രയും അത് ഉപയോഗിക്കാതിരുന്ന സ്ത്രീകൾ കൂടെ അതിലേക്ക് കടക്കുമ്പോൾ, എത്രയധികം മാലിന്യമാണ് ഭൂമുഖത്തേക്ക് കൂടുതലായി എത്തുന്നതെന്ന് ചിന്തിക്കുക. അവിടെയാണ് പ്രധാനമന്ത്രിക്കും ഇക്കാര്യം എടുത്ത് പറഞ്ഞ് അദ്ദേഹത്തെ വാഴ്‌ത്തുന്ന താങ്കൾക്കും തെറ്റിയിരിക്കുന്നത്.

ആയതിനാൽ ഇനിയെങ്കിലും മേൽപ്പറഞ്ഞ മെനസ്റ്റ്രൽ കപ്പിനെപ്പറ്റി മനസ്സിലാക്കാൻ ശ്രമിക്കുക. അത് പ്രചരിപ്പിക്കാൻ ശ്രമിക്കുക. നാട്ടിലെ മാലിന്യ പ്രശ്നങ്ങൾ ഒരു ശതമാനമെങ്കിലും കുറഞ്ഞെന്ന് വരും. അതല്ല അഭിനയരംഗത്തുനിന്ന് കക്ഷിരാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കണ്ണടച്ചുള്ള ഇത്തരം വാഴ്ത്തലുകളെങ്കിൽ, ആയിക്കോളൂ; ഞാൻ പറഞ്ഞത് മൊത്തമായി തിരിച്ചെടുത്തിരിക്കുന്നു.

മാലിന്യത്തിന്റെ വിഷയം വരുമ്പോൾ ഇടപെടാറുണ്ട്, സംസാരിക്കാറുണ്ട്, അഭിലഷണീയമായ കാഴ്ച്ചപ്പാടുകൾ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്. താങ്കളെപ്പോലുള്ള ഒരു സെലിബ്രിറ്റിയെങ്കിലും തിരുത്തപ്പെട്ടാൽ ഒരുപാട് സാധാരണക്കാരെ തിരുത്തുന്നതിന് തുല്യമാണ്. സെലിബ്രിറ്റികൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്നവരുണ്ടെന്നത് തന്നെ കാരണം.

വാൽക്കഷണം:- താങ്കളുടെ പെൺ‌മക്കൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിട്ടുണെന്ന് അറിയാം. പക്ഷേ, വള്ളിപുള്ളി വിടാതെ അതേപ്പറ്റി അറിയില്ല. ഞാൻ അത്തരം ആക്രമണങ്ങളുടെ ഭാഗമല്ല, അതിനോട് യോജിക്കുന്ന ആളുമല്ല. ആ അക്രമികൾക്ക് താങ്കളുടെ മകളും നടിയുമായ അഹാന കൃഷ്ണകുമാർ നൽകിയ മറുപടി വീഡിയോയ്ക്ക് ഞാൻ കൈയടിച്ചിട്ടുമുണ്ട്. ആയതിനാൽ ഞാനിത്രയും പറഞ്ഞതിനെ മേൽപ്പടി സൈബർ ആക്രമണങ്ങളുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കരുതെന്ന് ഒരപേക്ഷയുണ്ട്.