പരിസ്ഥിതി

കൊച്ചിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ


789
1975ൽ ഇന്ത്യയിൽ രാഷ്ട്രീയ അടിയന്തിരാവസ്ഥ ആയിരുന്നു. 2023ൽ കൊച്ചിയിൽ ഇതാ ആരോഗ്യ അടിയന്തിരാവസ്ഥ. കാരണം ബ്രഹ്മപുരം വിഷപ്പുക തന്നെ.

ഇങ്ങനൊന്ന് ഇജ്ജന്മത്തിൽ കേൾക്കാനും അനുഭവിച്ചറിയാനും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഇനിയും എന്തെല്ലാം ബാക്കി കിടക്കുന്നെന്ന് ആർക്കറിയാം. അനുഭവിക്കുക തന്നെ.

അതൊക്കെ പോകട്ടെ. താഴെ പറയുന്നതാണ് ആരോഗ്യ അടിയന്തിരാവസ്ഥയുടെ നിബന്ധനകൾ. അതോട് ചേർന്ന് കൊച്ചീ രാജ്യത്തിലെ പ്രജകൾക്ക് തോന്നാൻ സാദ്ധ്യതയുള്ള കമൻ്റുകളും ചേർക്കുന്നുണ്ട്.

നിബന്ധനകൾ:-

1. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
(കമൻ്റ് :- നമ്മടെ കൊറോണക്കാലം പോലെ, അല്ലേ ? സന്തോഷം.)

2. കെട്ടിടങ്ങളും വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക.
(കമൻ്റ് :- പുഴുങ്ങിക്കൊല്ലാനുള്ള പരിപാടിയാണല്ലേ?)

3. ജോഗിങ്ങ്, ഓട്ടം, നടത്തം, സൈക്കിളിങ്ങ്, വീടിന് പുറത്തുള്ള മറ്റ് കായിക വ്യായാമങ്ങൾ ഒഴിവാക്കുക.
(കമൻ്റ് :- ഓടി രക്ഷപ്പെടാനും സമ്മതിക്കരുത്.)

4. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.
(കമൻ്റ് :- അത്യാവശ്യമായി ജില്ല വിട്ട് പോയി രക്ഷപ്പെടാനുള്ള യാത്ര ആകാമല്ലോ അല്ലേ?)

5. പുറത്തിറങ്ങേണ്ടി വന്നാൽ N95 മാസ്ക്ക് ഉപയോഗിക്കുക.
(കമൻ്റ് :- കോറോണക്കാലത്ത് പോലും കാര്യമായി ഉപയോഗിക്കാത്ത ഐറ്റം ഉപയോഗിക്കേണ്ടി വരുന്ന കൊച്ചീക്കാരുടെ അവസ്ഥ.)

6. വായു മലിനീകരണത്തിൻ്റെ അളവ് കൂടുതൽ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളിൽ വിറക് അടുപ്പ് കത്തിക്കുകയോ പുക വലിക്കുകയോ ചെയ്യാതിരിക്കുക.
(കമൻ്റ്:- കേന്ദ്രം സഹായിച്ച്, ഗ്യാസ് വില സഹിക്കാൻ പറ്റാതെ വന്നപ്പോൾ വിറക് കത്തിച്ച് കഞ്ഞി അനത്താമെന്ന് കരുതിയവർ പട്ടിണി കിടന്നും ആരോഗ്യം മെച്ചപ്പെടുത്തിക്കോളണമെന്ന് സംസ്ഥാനം!)

7. കെട്ടിടങ്ങളിലേയും വാഹനങ്ങളിലേയും എയർ കണ്ടീഷണറുകളിൽ വെളിയിലെ മലിനമായ വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ‘റീ സർക്കുലേറ്റ് ‘ മോഡ് ഉപയോഗിക്കുക.
(കമൻ്റ്:- ഈ സൗകര്യം ഉപയോഗിക്കാൻ വേണ്ടി എത്രയും പെട്ടെന്ന് ഏ. സി. യുള്ള വാഹനം ഒരെണ്ണം എല്ലാവരും വാങ്ങണം. പിന്നെ ഈ കെട്ടിടങ്ങളിലേയും വാഹനത്തിലേയും വായു, മറ്റ് ജില്ലകളിൽ നിന്ന് വരുന്നതായതുകൊണ്ട് പ്രശ്നമില്ലല്ലോ?!)

8. വായു മലിനീകരണത്തിൻ്റെ ദൂഷ്യഫലങ്ങൾ വർദ്ധിപ്പിക്കുന്ന സിഗരറ്റ്, ബീഡി, മറ്റ് അനുബന്ധ പുകയില ഉൽപ്പന്നങ്ങൾ വലിക്കുന്നത് നിർത്തുക.
(കമൻ്റ്:- ശ്വാസകോശം സ്പോഞ്ച് പോലെ ആയതുകൊണ്ട് ഞങ്ങളാരും പുകവലിക്കാറേയില്ല. അതുകൊണ്ട് ഈ ആരോഗ്യ അടിയന്തിരാവസ്ഥക്കാലത്തെങ്കിലും പുകയില ഉൽപ്പന്നങ്ങൾ നിരോധിക്കാൻ പറ്റില്ലേ സാറേ ?)

9. ധാരാളം പഴങ്ങൾ കഴിക്കുക, വെള്ളം കുടിക്കുക.
(കമൻ്റ് :- ഇതിൽക്കൂടുതൽ എന്തോന്ന് വെള്ളം കുടിക്കാൻ?പഴങ്ങൾക്ക് പകരം കൂറ്റനാട് അപ്പം കഴിച്ചാൽ മതിയോ?)

10. ആഹാര സാധനങ്ങൾ മൂടി വെച്ച് സൂക്ഷിക്കുകയും കൈയ്യും വായും മുഖവും നല്ലവണ്ണം കഴുകി ഭക്ഷണം കഴിക്കുകയും ചെയ്യുക.
(കമൻ്റ്:- കൊറോണക്കാലത്തേത് പോലെ, സാനിറ്റൈസ് ചെയ്യണമെങ്കിൽ അതിനും തയ്യാർ.)

11. ശ്വാസ സംബന്ധമായ അസുഖങ്ങൾ‍ ഉള്ളവര്‍ നിത്യേന കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.
(കമൻ്റ്:- ബ്രഹ്മപുരം കാരണം പുതുതായി ശ്വാസകോശ രോഗികൾ ആയവർ എന്ത് ചെയ്യണം സാറേ?)

12. ഇൻഹേലർ‍, ഗുളികകൾ‍ എല്ലാം പെട്ടെന്ന് എടുക്കാവുന്ന അകലത്തിൽ‍ സൂക്ഷിക്കുക.
(കമൻ്റ്:- എപ്പോഴാണ് ജില്ല വിട്ട് ഓടിപ്പോകേണ്ടി വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ? എന്തൊരു കരുതലാണ് ഈ സർക്കാറിന്!)
.
വാൽക്കഷണം:- ആരോഗ്യ ജീവിതം ഉണ്ടാകട്ടെ എല്ലാവർക്കും. കരുതലും ഭയവും ഒന്നും വേണ്ട. നിക്കക്കള്ളി ഇല്ലാതാകുമ്പോൾ, ശ്വാസമൊന്ന് ആഞ്ഞ് വലിച്ചാൽ മതി.
.
#എല്ലാംശരിയായി