പരിസ്ഥിതി

ബാലേട്ടൻ


44
രാവിലെ തന്നെ ബാലേട്ടനെ വിളിച്ചു. എന്തൊരു മനുഷ്യനാണത് ! 20 വർഷം കൊണ്ട് നൂറേക്കറിലായി 20 ലക്ഷം മരങ്ങൾ നട്ട് വളർത്തി പരിപാലിക്കുന്നു ബാലേട്ടൻ. അൻപതാം വയസ്സിലുണ്ടായ ഒരുൾവിളിക്ക് ശേഷമാണ് അദ്ദേഹം വനവൽക്കരണത്തിലേക്ക് കടന്നത്. ഒരു കോടി മരങ്ങളാണ് ബാലേട്ടൻ്റെ ലക്ഷ്യം. അധികം സമയമൊന്നും ബാക്കിയില്ല. അതുകൊണ്ട്, ഓടിനടന്ന് ചെയ്ത് തീർക്കണമെന്ന മട്ടിലാണ് സംസാരം.

മരം നടൽ മാത്രമല്ല, കാട്ടിൽ നിന്ന് മൃഗങ്ങൾ നാട്ടിലേക്ക് കടക്കാതിരിക്കാൻ, പാലക്കാട്ടെ കടകളിൽ നിന്ന് ശേഖരിക്കുന്ന പഴങ്ങൾ കാട്ടിൽ കൊണ്ടുപോയി ഇടുന്ന പരിപാടിയടക്കം പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന പലപല ഏർപ്പാടുകളുണ്ട് അദ്ദേഹത്തിന്. 2011 സർക്കാറിൻ്റെ വനമിത്ര അവാർഡും നേടിയിട്ടുണ്ട് ബാലേട്ടൻ.

8 മിനിറ്റ് സംസാരത്തിനിടയിൽ പല കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. പാലക്കാട് ചെന്ന് തങ്ങി 2 ദിവസം ബാലേട്ടൻ്റെ പരിപാടികൾക്കൊപ്പം നടക്കുക, കാണുക, പഠിക്കുക, അതെല്ലാം ശൂലഗിരിയിലും പരിസരങ്ങളിലും സോമനടിക്കുക. ബാലേട്ടനെ ശൂലഗിരിയിൽ കൊണ്ടുവന്ന് താമസിപ്പിച്ച് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ആരാഞ്ഞ് അപ്രകാരം നടപ്പിലാക്കുക. പറ്റുന്നത് പോലെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് താങ്ങാകുക. വനവൽക്കരണത്തിന് നടന്ന് 5 ലക്ഷം കടത്തിലാണ് കക്ഷി. 10 സെൻ്റ് സ്ഥലം വിറ്റ് ധനസമാഹരണം നടത്താൻ പോകുന്നെന്നാണ് പറഞ്ഞത്.

അരോഗ്യം സംരക്ഷിച്ചുകൊള്ളണം, യോഗ ചെയ്യണം, എന്നൊക്കെ എന്നെ ഉപദേശിച്ചു. ചുവരില്ലാതെ ചിത്രമെഴുതാൻ പറ്റില്ലെന്ന് കടുപ്പിച്ച് പറഞ്ഞു. നേരിട്ട് ചെന്ന് ബാലേട്ടൻ ചെയ്യുന്ന യോഗയെല്ലാം പഠിച്ച് ചെയ്യുന്നതാണെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

മെഡിമിക്സ് അനൂപ്, ബാലേട്ടനെപ്പറ്റി ഒരു ഡോക്യുമെൻ്ററി തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അത് പുറത്തുവന്നാൽ ബാലേട്ടൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

ഫോൺ കട്ട് ചെയ്ത്, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ബാലേട്ടൻ തിരിച്ച് വിളിച്ചു. നക്ഷത്രം എന്താണെന്ന് ചോദിച്ചു. അത്തം ആണെന്ന് പറഞ്ഞപ്പോൾ ബാലേട്ടനും അത്തമാണത്രേ! അമ്പഴമാണ് അത്തക്കാരുടെ മരമെന്നത് അറിയാമോ എന്ന് ചോദിച്ചു. ചിലയിടങ്ങളിൽ, നക്ഷത്രവനങ്ങൾ ഉണ്ടാക്കാൻ സഹകരിച്ചിട്ടുള്ളതുകൊണ്ട് അക്കാര്യം അറിയാം. പക്ഷേ, അമ്പഴമെന്നത് പ്ലാവാക്കി മാറ്റാൻ വല്ല മാർഗ്ഗവുമുണ്ടോ എന്ന് നേരിൽ കാണുമ്പോൾ ബാലേട്ടനോട് തിരക്കണം.