പ്രതികരണം

ഫെമിനിച്ചി ഫാത്തിമ


13
‘ഫെമിനിച്ചി ഫാത്തിമ’ എന്ന ഗംഭീര സിനിമയാണ് ഇന്നത്തെ ദിവസം ധന്യമാക്കിയത്. IFFK യിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഈ സിനിമയുടെ പ്രിവ്യൂ ആണ് ഇന്ന് ഷേണായീസിൽ കണ്ടത്.

ടീനേജുകാരനായ മൂത്തമകൻ കിടക്കയിൽ മൂത്രം ഒഴിക്കുന്നിടത്ത് നിന്ന് തുടങ്ങി, ഈ സിനിമ വിരൽചൂണ്ടുന്നതും കത്തിക്കയറുന്നതും പല കുടുംബങ്ങളിലും സ്ത്രീകൾ കടന്ന് പോകുന്ന അവസ്ഥകളിലൂടെയാണ്. ചിരിക്കാനും ചിന്തിക്കാനും മനസ്സറിഞ്ഞ് കൈയ്യടിക്കാനും ഒരുപാട് രംഗങ്ങളുള്ള മനോഹരമായ ഒരു കൊച്ചു സിനിമ.

ഈ സിനിമയിൽ താരങ്ങൾ ഇല്ല. കണ്ട് പരിചയമുള്ള അഭിനേതാക്കൾ എന്ന് പറയാൻ കാര്യമായി ആരുമില്ല. കുപ്പിയും പാട്ടയും ഒക്കെ പെറുക്കാൻ വരുന്ന തമിഴ് കഥാപാത്രമായി വരുന്ന റാജിയെ റീലുകളിൽ കണ്ട് പരിചയം ഉണ്ട്. അവരടക്കം എല്ലാ അഭിനേതാക്കളും മലയാള സിനിമയ്ക്ക് മുതൽക്കൂട്ട് ആകാൻ പോന്നവരാണ്. എത്ര സ്വാഭാവികമായ അഭിനയമാണെന്നോ ഇവരുടെയെല്ലാം. ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സംവിധായകൻ ഫാസിൽ മുഹമ്മദ്, കഥാകൃത്ത്, എഡിറ്റർ, എന്നീ റോളുകളിലും വലിയൊരു കയ്യടി അർഹിക്കുന്നു. ഇഴച്ചിലോ വലിച്ചിലോ ഇല്ലാത്ത കുറ്റമൊന്നും പറയാനില്ലാത്ത ഒരു കിടു സിനിമ.

ഒക്ടോബർ 10ന് ഫെമിനിച്ചി ഫാത്തിമ തിയേറ്ററുകളിൽ എത്തും. നല്ല മലയാളം സിനിമകളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകർ ഓരോരുത്തരും ഇത് തീയറ്ററിൽ പോയിത്തന്നെ കണ്ട് വലിയ വിജയമാക്കണം എന്നാണ് എന്റെ അഭിപ്രായം. ഇത്തരം സിനിമകളിലാണ് മലയാളം സിനിമയുടെ ഭാവി.

ക്രൂവിനും അഭിനേതാക്കൾക്കും ഒപ്പം ഒരു പ്രിവ്യൂ സീറ്റ് തരമാക്കി തന്നതിന് ഗീതിക്ക് നന്ദി. ഇത്രയുംം നല്ല ഒരു സിനിമ തിയേറ്ററുകളിൽ എത്തിച്ച DQവിൻ്റെ Wayfarer ഫിലിംസിന് പ്രത്യേകം നന്ദി.

#feminichifathima
#cinema
#malayalamcinema