പ്രതികരണം

രക്തരക്ഷസ്സ് (കലാനിലയം)


22
ഴയ കാലത്ത്, പ്രൊഫഷണൽ നാടകവേദിക്കൾക്കിടയിൽ ഒരു അത്ഭുതമായിരുന്നു കലാനിലയം. ഇന്നും ഏറെക്കുറെ അങ്ങനെ തന്നെ.

സ്ഥിരം നാടകവേദികൾ ആണ് കലാനിലയത്തിന്റെ പ്രത്യേകത. തുടർച്ചയായി ഒരിടത്ത് തന്നെ നാടകം മൂന്നോ നാലോ മാസങ്ങൾ കളിക്കും. സ്റ്റേജിൽ കാറ്, സൈക്കിൾ, വള്ളം, എന്ന് തുടങ്ങി വിമാനം വരെ വന്നുപോകും എന്നതാണ് കലാനിലയം നാടകങ്ങളുടെ പ്രത്യേകത. മറ്റ് സ്റ്റേജ് ഗിമിക്കുകൾ വേറെയും.

കലാനിലയത്തിന്റെ, രക്തരക്ഷസ് അലാവുദ്ദീന്റെ അത്ഭുതവിളക്ക്, കടമറ്റത്ത് കത്തനാർ, എന്നീ നാടകങ്ങൾ എന്റെ കൗമാരപ്രായത്ത് തന്നെ കണ്ടിട്ടുണ്ട്. അതിൽ രക്തരക്ഷസ് ആയിരുന്നു ഭീതിപ്പെടുത്തുന്ന നാടകം. പഴയകാലത്തെ കൗമാരക്കാരൻ ഒരുവൻ ഈ നാടകം കണ്ട് ഭയന്ന്, രണ്ട് ദിവസം ഉറക്കം പോയി എന്നതാണ് സത്യം.

വ്യാഴവട്ടങ്ങൾക്ക് ശേഷം മണപ്പാട്ടി പറമ്പിൽ രക്തരക്ഷസ്സ് വീണ്ടും വന്നു. അന്ന്, മകളേയും കൂട്ടി രക്തരക്ഷസ് കാണാൻ പഴയ കൗമാരകാരൻ വീണ്ടും പോയി. ന്യൂ ജനറേഷൻകാർക്ക് പഴയ ജനറേഷന്റെ ഹൊറർ സംഭവങ്ങൾ കാണിച്ച് കൊടുക്കണമല്ലോ. കോഞ്ചുറിങ് പോലുള്ള ഇംഗ്ലീഷ് സിനിമകൾ കണ്ടിട്ട് പോലും ഇളകാത്ത അവളാകട്ടെ, രക്തരക്ഷസ് കണ്ട് കുലുങ്ങി ചിരിക്കുന്നു; ഞാനേതോ കോമഡി നാടകം കാണിക്കാൻ കൊണ്ടുപോയത് പോലെ.

രക്തരക്ഷസിന്റെ മേക്കപ്പ് ആണ് ഏറ്റവും മോശം ഒരു കാര്യമായി അവളന്ന് അഭിപ്രായപ്പെട്ടത്. അത് ശരിയാണെന്ന് എനിക്കും തോന്നി. കണ്ടത്തിൽ വെക്കുന്ന വലിയ നോക്കുകുത്തിയുടെ പോലെ വലിയ ഒരു തലയും ഉടലുമാണ് രക്തരക്ഷസ്സിന്. കാലത്തിനനുസരിച്ച് അതിന്റെ കോലത്തിൽ വ്യത്യാസം വരുത്തിയിട്ടില്ല എന്നത് ഒരു ന്യൂനതയാണ്. അതുകൊണ്ടാണ് ന്യൂജനറേഷന് രക്തരക്ഷസ് ഒരു കോമഡി ആകുന്നത്.

വർഷങ്ങൾക്ക് ശേഷം, കഴിഞ്ഞ ആഴ്ച്ച തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രമൈതാനത്ത്, രക്തരക്ഷസിനെ കാണാൻ വീണ്ടും ഞാൻ പോയി. നിർഭാഗ്യവശാൽ, രക്തരക്ഷസിന്റെ കോലത്തിന് ഒരു മാറ്റവും വന്നിട്ടില്ല.

കഴിഞ്ഞ ദിവസം, ചുടല യക്ഷിയുമായി പ്രേമത്തിലാകുന്ന ഒരു യുവാവിന്റെ വീഡിയോ കണ്ടിരുന്നു. ആ യക്ഷിയുടെ ചിത്രമാണ് പോസ്റ്റിന് ഒപ്പമുള്ളത്. അതിൽ കാണുന്നത് പോലുള്ള മാറ്റങ്ങൾ മാത്രം നൽകിയാൽ മതിയാകും രക്തരക്ഷസ്സിനെ ഭയപ്പെടുത്തുന്ന ഒരു രൂപമായി അരങ്ങിലെത്തിക്കാൻ.
2025 ജൂൺ 22 വരെ പുതിയകാവിൽ രക്തരക്ഷസ് ഉണ്ടാകും. പറ്റുന്നവരെല്ലാം പോയി കാണുക.

ഒരുകാലത്ത് കേരളക്കരയെ മുഴുവൻ അത്ഭുതപ്പെടുത്തിയ നാടക വേദിയാണ്. മേൽ സൂചിപ്പിച്ചത് പോലുള്ള ചില ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ, ഇന്നും അത്ഭുതങ്ങൾക്ക് കുറവൊന്നുമില്ല. പണ്ട് എന്തൊക്കെ നാടക വേദികൾ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ വേണ്ടിയെങ്കിലും പുതുതലമുറക്കാരും കണ്ടിരിക്കണം കലാനിലയത്തിന്റെ നാടകങ്ങൾ.

വാൽക്കഷണം:- ഇന്റർവെൽ സമയത്ത് നാടകാധികാരിയായ അനന്തപത്മനാഭൻ സാറിനോട് സംസാരിച്ചിരുന്നു. മുഴുവൻ കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്താം എന്ന് പറഞ്ഞിരുന്നു. ഇതുതന്നെയാണ് അഭിപ്രായം. രക്തരക്ഷസ്സിൻ്റെ രൂപത്തിൽ മാറ്റം വരുത്തണം; ഏറ്റവും കുറഞ്ഞത് മുഖത്തിനെങ്കിലും. കാണികൾക്ക് ഭയപ്പെടാനുള്ള അവകാശം നിഷേധിക്കരുത്.

#kalanilayam
#കലാനിലയം