India

യാത്രയ്ക്കിടയിൽ ലോഹ്യം കൂടിയ നായ്ക്കൾ


w
നുഷ്യനോട് എറ്റവും നന്ദിയും കൂറും സ്നേഹവും കാട്ടുന്ന മൃഗം. മനുഷ്യൻ്റെ സന്തത സഹചാരിയായ മൃഗം. ഏത് അപകടത്തിലും മനുഷ്യന് രക്ഷയാകുന്ന മൃഗം.

അങ്ങനെയങ്ങനെ, ആദികാലം മുതൽക്ക് വിശേഷണങ്ങൾ അനവധിയാണ് നായകൾക്ക്. എത്ര പറഞ്ഞാലും തീരില്ല, യജമാനനോട് ഒട്ടിയിണങ്ങി അയാളെ പരിരക്ഷിച്ചും കാവലിരുന്നും സ്നേഹിച്ചും കടന്ന് പോയ നായ്ക്കളുടെ കഥകൾ!

എനിക്കുമുണ്ട് പറയാൻ ചില നായ്ക്കളുടെ കഥകൾ. ഇന്ത്യയിലെ 800ൽപ്പരം വരുന്ന കോട്ടകൾ സന്ദർശിക്കാനും ഡോക്യുമെൻ്റ് ചെയ്യാനും വേണ്ടി, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായുള്ള എൻ്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ നായ്ക്കളെപ്പറ്റിയാണ് ഏറെപ്പറയാനുള്ളത്.

അതിന് മുൻപ് എൻ്റെ ചെറുപ്പകാലത്ത് വീട്ടിൽ വളർത്തിയിരുന്ന രണ്ട് സവിശേഷ നായ്ക്കളെ സ്മരിക്കാതെ വയ്യ. കീപ്പറും ജൂഡിയും. എൻ്റെ നായ സ്നേഹം തുടങ്ങിയത് അവരിൽ നിന്നാകണം. ജ്യൂഡി ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട പൊക്കം കുറഞ്ഞ നായയായിരുന്നു. പക്ഷേ, കൂർമ്മബുദ്ധിയാണ് ആ വർഗ്ഗത്തിന്. കീപ്പറിൻ്റെ ഇനം എനിക്ക് കൃത്യമായി അറിയില്ല. അൽസേഷ്യൻ അല്ല. പക്ഷേ അത്രത്തോളം ഉയരം, അതേ ശൗര്യം, കാലുകൾക്ക് മഞ്ഞ നിറം, ശരീരത്തിന് കറുപ്പും. അൽസേഷന് നാടൻ നായയിൽ ഉണ്ടായതാകാം.

പല ദിവസങ്ങളിലും, കഷ്ടി നാലരയടി ഉയരം മാത്രമുണ്ടായിരുന്ന ഞങ്ങളുടെ മതിൽ ചാടിക്കടന്ന് രാവിലെ തന്നെ ഗ്രാമം ചുറ്റിയടിക്കാനായി കീപ്പർ പോകും. ഗ്രാമത്തിൽ ആർക്കും ഒരുപദ്രവവും ഉണ്ടാക്കില്ല. ഉച്ചയ്ക്ക് എവിടെ നിന്നെങ്കിലും ഭക്ഷണം കഴിക്കും. ഇരുട്ടുന്നതിന് മുന്നേ തിരികെ വരും. ചില ദിവസങ്ങളിൽ തിരികെ വരാറുമില്ല. പക്ഷേ, ഞങ്ങളതേപ്പറ്റി അധികം ബേജാറാകാറില്ല. അതും അവൻ്റെ ശീലങ്ങളിൽ ഒന്നാണെന്ന് ഞങ്ങൾക്കറിയാം.

വയസ്സ് ചെന്നതോടെ ജ്യൂഡിക്ക് ഹർണിയ രോഗം പിടിപെട്ടു. കാലുകൾക്കിടയിൽ വലിയ മുഴ വന്നു. അതും തൂക്കിയിട്ട് പിന്നെയും കുറേക്കാലം അവൾ ജീവിച്ചു. പിന്നൊരു ദിവസം പെട്ടെന്ന് അവൾ വിട പറഞ്ഞു. നായ്ക്കളെ വളർത്തുന്നത് കൊണ്ടുള്ള വലിയ ദുഖം ഇതാണ്. മനുഷ്യരേക്കാൾ ആയുസ്സ് കുറഞ്ഞ ആ ജീവികളുടെ അവസാനകാലവും അന്ത്യവും നമ്മൾ വേദനയോടെ സഹിക്കേണ്ടി വരും.

ജൂഡി കണ്ണടയ്ക്കുമ്പോൾ കീപ്പർ ഗ്രാമ സഞ്ചാരത്തിലായിരുന്നു. രാത്രി അവൻ മടങ്ങി എത്തിയപ്പോഴേക്കും ഞങ്ങൾ ജൂഡിയെ മറവ് ചെയ്തിരുന്നു. ഇരുട്ടിൽ കീപ്പർ ജൂഡിക്ക് വേണ്ടി തിരയുന്നത് ഞങ്ങളാരും കാര്യമായി ശ്രദ്ധിച്ചില്ല. വീട്ടിൽ നിന്ന് അൽപ്പം മാറി പടിഞ്ഞാറേ പറമ്പിൽ അവളെ കുഴിച്ചിട്ട സ്ഥലം അവൻ കണ്ടുപിടിച്ചു. അവിടെ ദുഖിതനായി കിടക്കുന്ന കീപ്പറെയാണ് അടുത്ത മൂന്ന് നാളുകൾ ഞങ്ങൾ കണ്ടത്. ആ ദിവസങ്ങളിൽ കാര്യമായ ഭക്ഷണമൊന്നും അവൻ കഴിച്ചില്ല; ഗ്രാമസഞ്ചാരവും ഒഴിവാക്കി. നാലാം നാൾ അവിടെക്കിടന്ന് തന്നെ അവനും ഉയിർ വേർപെടുത്തി.

വീട്ടിൽ പിന്നെയും നായ്ക്കൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ജൂഡിയേയും കീപ്പറിനേയും ഓർക്കുമ്പോൾ ഇന്നും വിഷമം കൂടുതലാണ്.

പോകപ്പോകെ നായ്ക്കളെ വളർത്താൻ തന്നെ താൽപ്പര്യമില്ലെന്നായി. അവറ്റകളെ വേർപിരിയാനുള്ള ബുദ്ധിമുട്ടും സങ്കടവും തന്നെ കാരണം.

ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ എന്ന് ഞാൻ പേരിട്ടിരിക്കുന്ന ഇന്ത്യാ യാത്രയിൽ, നന്നായി പരിശീലനം നൽകിയ ഒരു നായയെ
കൂടെ കൂട്ടണമെന്നത് എൻ്റെയൊരു വലിയ ആഗ്രഹമാണ്. പക്ഷേ, അതിനുള്ള ആർജ്ജവം ഒട്ടില്ല താനും. അതിന് കാരണങ്ങൾ പലതാണ്. പലയിടത്തും ഭക്ഷണം കിട്ടാൻ ഞാൻ തന്നെ വലയാറുണ്ട്. മാംസാഹാരം വല്ലപ്പോഴെങ്കിലും നായയ്ക്ക് കൊടുക്കണമെന്ന് വെച്ചാൽ വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതൊരു ബുദ്ധിമുട്ടാണ്. പല ദേവാലയങ്ങളിലും റസ്റ്റോറൻ്റുകളിലും നായ്ക്കളുമായി ചെല്ലാനാവില്ല. അവയെ പുറത്ത് നിർത്തി പോയാലുള്ള പ്രശ്നങ്ങൾ മറുവശത്ത്. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഒരു നായയെ യാത്രയിൽ ഒപ്പം കൂട്ടണമെന്ന എൻ്റെ ആഗ്രഹം നീണ്ട് നീണ്ട് പോകുകയാണ്.

പിന്നെയുള്ള ഒരാശ്വാസം, ചെന്നെത്തിപ്പെടൂന്ന സ്ഥലങ്ങളിലെ നായ്ക്കളുമായി ചങ്ങാത്തം കൂടുമ്പോളാണ്. ഒറ്റയ്ക്കുള്ള യാത്രയായതുകൊണ്ട് ഗൂഗിൾ മാപ്പിൽ വഴി പറഞ്ഞ് തരുന്ന സ്ത്രീ ശബ്ദത്തിനോട് മുതൽ വഴിയിൽ കാണുന്ന നായ്ക്കളോടും ആട്, പശു, പ്രാവ് തുടങ്ങി സകല ജീവികളോടും മിണ്ടിപ്പറയുന്നതിൻ്റെ ഭ്രാന്തമായ രസങ്ങളിലൂടെ ഞാൻ കടന്ന് പോകാറുണ്ട്. ഞാൻ പറയുന്നത് വല്ലതും അവറ്റകൾക്ക് മനസ്സിലാകുന്നുണ്ടോ എന്നത് എനിക്ക് സംശയമായിരുന്നു തുടക്കത്തിലെങ്കിൽ, അവർക്ക് ചിലതെങ്കിലും മനസ്സിലാകുന്നുണ്ട് എന്നതിപ്പോൾ ബോദ്ധ്യമായി മാറിയിട്ടുണ്ട്.

രാത്രി കാലങ്ങളിൽ, ഭാഗീരഥി അഥവാ ഭാഗി എന്ന ഓമനപ്പേരുള്ള എൻ്റെ മോട്ടോർ ഹോം ഏതെങ്കിലും ധാബയിലോ, റസ്റ്റോറൻ്റിലോ, ഗ്യാസ് സ്റ്റേഷനിലോ നിർത്തി അതിൽത്തന്നെ അന്തിയുറങ്ങുക പതിവ്. എല്ലാം തീർത്തും അപരിചിതമായ സ്ഥലങ്ങൾ! ഏതൊരു തരത്തിലുള്ള അപകടത്തിനും സാദ്ധ്യത മുറ്റി നിൽക്കുന്ന ഇടങ്ങൾ!

ഇപ്പറഞ്ഞ എല്ലായിടത്തും തെരുവ് നായ്ക്കൾ ഉണ്ടെന്നതാണ് ഒരാശ്വാസം. ഭാഗിയുടെ ഡാഷ് ബോർഡിൽ എപ്പോഴും ബിസ്ക്കറ്റുകൾ ഉണ്ടാകും. ചെല്ലുന്നയിടന്ന് ആദ്യം കാണുന്ന നായ്ക്കൾക്ക് ഞാനത് കൊടുത്ത് പാട്ടിലാക്കും. വൈകാതെ, ആ വിവരമറിഞ്ഞ് കൂടുതൽ നായ്ക്കൾ എത്തിച്ചേരും. എല്ലാവർക്കും കൊടുക്കാനുള്ള ബിസ്ക്കറ്റ് എൻ്റെ കൈയിൽ ഉണ്ടാകും. അത് തീരുന്ന മുറയ്ക്ക് തൊട്ടടുത്ത കടകളിൽ നിന്ന് വാങ്ങി സ്റ്റോക്ക് വർദ്ധിപ്പിക്കുകയാണ് പതിവ്.

ബിസ്ക്കറ്റ് കിട്ടിയാലുടൻ നായകൾ സജീവമാകും. ഭക്ഷണം നൽകിയവനോടുള്ള സ്നേഹം കാണിക്കാൻ ചുറ്റിപ്പറ്റി നിൽക്കും. പോരാത്തതിന്, രാത്രി ഞാൻ കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഒരു പങ്കും അവർക്ക് കൊടുക്കും. അപ്പോഴേക്കും അതിലൊരു നായ എൻ്റെ വാഹനത്തിൻ്റെ ടയറിൽ മൂത്രമൊഴിച്ചിരിക്കും. അതൊരു സൂചനയും അടയാളവുമാണ്. ‘ടെറിട്ടറി മാർക്കിങ്ങ് ‘ എന്ന പേരിൽ മൃഗങ്ങൾക്കിടയിൽ ഉള്ള പ്രവർത്തിയാണത്. ഇത്രയും ഭക്ഷണമൊക്കെ നൽകിയിട്ടും ഇവറ്റകൾ എൻ്റെ വാഹനത്തിൽ മൂത്രമൊഴിച്ചല്ലോ എന്ന് ദേഷ്യപ്പെടാനോ നിരാശപ്പെടാനോ പാടില്ല. ഈ വാഹനവും ഇതിൻ്റെ ഉടമസ്ഥനും എൻ്റെ പരിരക്ഷയിലാണ്, അഥവാ ഇത് എൻ്റെ അധികാര പരിധിയിൽ വരുന്ന മനുഷ്യനാണ്, എന്ന് നമ്മെ അവർ അടയാളപ്പെടുത്തുകയാണ്. മറ്റ് ഭാഗങ്ങളിൽ നിന്ന് അലഞ്ഞ് തിരിഞ്ഞ് വരുന്ന നായ്ക്കൾക്ക് പിന്നെ ആ ഭാഗത്തേക്ക് പ്രവേശനമില്ല. അവർ മാറിപ്പൊയ്ക്കോളണം.

തെരുവ് നായ്ക്കൾ എന്നാൽ സാധാരണ ഗതിയിൽ, കേരളക്കരയിലുള്ള നമുക്ക് ഭയമാണല്ലോ? അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലേക്ക് ചെന്നപ്പോൾ, അവറ്റകൾ അടുത്ത് വരുമ്പോൾ ആദ്യമാദ്യം ഞാനും അകന്ന് നിന്നിരുന്നു. പിന്നീട് ആ ഭയം മാറി. ഞാൻ അനങ്ങുമ്പോൾ നായ്ക്കളാണ് ഭയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവറ്റകൾക്ക് ബിസ്ക്കറ്റും എന്റെ ഭക്ഷണത്തിന്റെ പങ്കും നൽകാൻ തുടങ്ങി. ദ്രുതഗതിയിലുള്ള ഫലമാണ് അത് ഉണ്ടാക്കുന്നത്. രാത്രി ഞാൻ കിടന്ന് കഴിഞ്ഞാൽ നായ്ക്കൾ എന്റെ മോട്ടോർ ഹോമിന്റെ പരിസരത്ത് തന്നെ കിടക്കും. ഒരു ചെറിയ ആളനക്കമോ ഇലയനക്കമോ ഉണ്ടായാൽ കുരക്കും.

രാജസ്ഥാനിലെ രൺധംബോറിൽ ഒരു റസ്റ്റോറന്റിന്റെ പരിസരത്താണ് ഭാഗിയെ പാർക്ക് ചെയ്ത് അതിനുള്ളിൽ ഞാൻ കിടന്നിരുന്നത്. ആ ഭാഗത്ത് മരങ്ങളിൽ ധാരാളം കുരങ്ങുകൾ ഉണ്ട്. അവ വാഹനത്തിന് മുകളിൽ ചാടി മറിഞ്ഞും മരത്തിൽ നിന്ന് കായ്കൾ പറിച്ച് എറിഞ്ഞുമൊക്കെ രാത്രിയിൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ നൽകിയ ഭക്ഷണം കഴിച്ച നായ്ക്കൾ, കുരങ്ങുകളെ തുരത്തി ഓടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാത്രി എനിക്ക് സുഖനിദ്രയും അപകടം ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസവും! അതിൽപ്പരം എന്തുവേണം?

രാജസ്ഥാനിലെ ചിറ്റോർഗഡ് കോട്ട, ഒരുപാട് മനുഷ്യർ താമസിക്കുന്ന വലിയൊരു കോട്ടയാണ്. വീടുകൾ, തടാകങ്ങൾ, മ്യൂസിയം, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കടകൾ എന്നിങ്ങനെ ഒരുപാട് കെട്ടിടങ്ങൾ ആ കോട്ടയ്ക്കുള്ളിൽ ഉണ്ട്. അതിനുള്ളിൽ നേർരേഖയിലുള്ള ഒരു റോഡിന്റെ നീളം 16 കിലോമീറ്റർ ആണ്. മൂന്ന് രാത്രി ഞാൻ അതിനുള്ളിലെ തെരുവുകളിൽ തങ്ങിയിരുന്നു. ബിസ്കറ്റും ഭക്ഷണവും ഒക്കെ എന്റെ കയ്യിൽ നിന്ന് കഴിച്ച നായ്ക്കൾ അവിടെയും എൻ്റെ വാഹനത്തിന് കാവൽ കിടന്നു.

നാലാം ദിവസം ചിറ്റോർഗഡ് കോട്ടയോട് യാത്ര പറയുന്നതിന് മുൻപായി, അടുത്തതായി പോകാനുള്ള സ്ഥലത്തെപ്പറ്റിയുള്ള കാര്യങ്ങൾ മൊബൈലിൽ പരിശോധിക്കുകയായിരുന്നു ഞാൻ. മുൻ ദിവസങ്ങളിൽ ഞാൻ ഭക്ഷണം നൽകിയ ഒരു നായ എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഇരുന്നിരുന്ന പടികളിൽ വന്ന് അതെന്നെ മുട്ടിയുരുമ്മി നിന്നു. ഞാൻ വിട്ട് പോകുകയാണെന്ന് അതിന് മനസ്സിലായത് പോലെ ഒരു സങ്കടം അന്തരീക്ഷത്തിൽ ഉണ്ട്. അത് എന്നോട് കൂടുതൽ ചേർന്ന് നിന്നു. ഞാൻ അതിന് വീണ്ടും ബിസ്ക്കറ്റ് കൊടുത്തു. പക്ഷേ ഭക്ഷണമായിരുന്നില്ല അതിന് ആവശ്യം. മൂന്ന് ദിവസം ഭക്ഷണം നൽകിയ ഈ മനുഷ്യൻ എന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ എന്ന് അത് ആഗ്രഹിക്കുന്നത് പോലെ. അങ്ങനെ എന്തോ ഒന്ന് അത് പറയുന്നതുപോലെ. ഞാനും വല്ലാതെ സങ്കടപ്പെട്ടു. പക്ഷേ ഒരു നായയെ കൂടെ കൂട്ടാൻ എനിക്കുള്ള ബുദ്ധിമുട്ട് മുൻപേ ഞാൻ പറഞ്ഞല്ലോ. എനിക്ക് അതിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒരു നിവൃത്തിയുമില്ല.

അതിന്റെ കണ്ണുവെട്ടിച്ച് മെല്ലെ ഞാൻ വാഹനത്തിൽ കയറിയെങ്കിലും, വാഹനം അവിടന്ന് നീങ്ങുന്നത് മുന്നേ അത് വാഹനത്തിന് പിന്നിലെത്തി. റോഡിലൂടെ കുറേ ദൂരം എന്റെ പിന്നാലെ ഓടി വന്നു. ദുഷ്ടനായ ഞാൻ ആക്സിലറേറ്ററിൽ കാല് ആഞ്ഞമർത്തി. വാഹനത്തിനെത്തന്നെ നോക്കിനിൽക്കുന്ന ആ നായയുടെ റിയർവ്യൂ മിറർ ദൃശ്യം ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.

ഗുജറാത്തിലെ വട്നഗറിൽ നിന്ന് 34 കിലോമീറ്റർ ദൂരെയുള്ള തരംഗ കോട്ട തിരക്കി ഞാൻ ആദ്യം ചെന്നെത്തിയത് ആരവല്ലി മലനിരകളിലുള്ള വലിയൊരു ജൈനക്ഷേത്രത്തിലാണ്. 900 വർഷം പഴക്കമുള്ള ശ്വേതാംബര ക്ഷേത്രമാണത്. അത്രയും തടിയൻ ഒരു ക്ഷേത്രം മുൻപ് ഞാൻ കണ്ടിട്ടില്ല. വലിയ ക്ഷേത്രം എന്നല്ല ഉദ്ദേശിച്ചത്. കുറഞ്ഞ സ്ഥലത്ത് നിൽക്കുന്ന ഭീമാകാരമായ ക്ഷേത്രം. അതിന്റെ അകത്തുള്ള ഒരു തൂണിന്റെ ചുറ്റളവ് മാത്രം 9 അടിയോളം ഉണ്ട്. ശില്പവേലകളുടെ ധാരാളിത്തമാണ് ക്ഷേത്രത്തിനകത്ത്. അകത്ത് ശ്വേതാംബരന്റെ അതിഗംഭീരമായ പ്രതിമ. ഈ ക്ഷേത്രത്തിന് പിന്നിലായി ദിഗംബരന്റെ ക്ഷേത്രവും ഉണ്ട്.

മലയുടെ അടിവാരത്ത് നിൽക്കുന്ന ആ ക്ഷേത്രങ്ങളുടെ ഭാഗമായി മലയുടെ മുകൾ ഭാഗത്തും ചില ക്ഷേത്രനിർമ്മിതികൾ ഉണ്ട്. അവിടെ ചെല്ലുന്നവരെല്ലാം 500ൽപ്പരം പടികൾ കയറി മുകളിൽ പോകാറുണ്ട്. താഴെയുള്ള പ്രധാന ക്ഷേത്രത്തിൽ നിന്ന് മതിൽക്കെട്ടിനെ ചുറ്റി വളഞ്ഞ് അല്പദൂരം മരക്കൂട്ടങ്ങൾക്ക് ഇടയിലൂടെ നടന്ന് വേണം മുകളിലേക്കുള്ള പടികളിലെത്താൻ. ക്ഷേത്രത്തിൽ വെച്ച് പരിചയപ്പെട്ട ഒരു കൗമാരക്കാരൻ എനിക്ക് അങ്ങോട്ടുള്ള വഴി പറഞ്ഞു തന്നു. ആ സമയത്ത് ഞങ്ങൾക്കിടയിൽ ഒരു തെരുവുനായ നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞാൻ മുന്നോട്ട് നടന്നതും നായ എൻ്റെ മുന്നിലേക്ക് ഓടിവന്ന് 10 അടി ദൂരത്തിൽ മുന്നിൽ സഞ്ചരിക്കാൻ തുടങ്ങി.

ആദ്യം ഞാനത് അത്ര കാര്യമാക്കിയില്ല. പിന്നീട് എനിക്കത് കൃത്യമായി മനസ്സിലായി. അവൻ എനിക്ക് വഴി കാണിച്ചു മുന്നിൽ പോകുകയാണ്. കൗമാരക്കാരൻ പറഞ്ഞുതന്ന വഴിയിലൂടെ കൃത്യമായി നായ മുന്നോട്ട് നീങ്ങുന്നു. ഞങ്ങൾ തമ്മിലുള്ള ദൂരം അധികമായാൽ അവൻ എനിക്ക് വേണ്ടി കാത്തു നിൽക്കുന്നു! അതിനിടയിൽ ചെറിയ കാട് പോലുള്ള പ്രദേശം വന്നപ്പോൾ, അവിടെ നിന്ന് ചില ഇലയനക്കങ്ങൾ കേട്ടതും നായ കാടിനുള്ളിലേക്ക് ഓടിപ്പോയി. ഞാൻ അവിടെത്തന്നെ നിന്നു. മരങ്ങൾക്കിടയിൽ നിന്ന് നായയുടെ കുര കേൾക്കാം. മറുവശത്തുള്ളത് കുരങ്ങുകളാണ്. അവർ മരങ്ങളിൽ ചാടി മറിയുന്നത് എനിക്ക് കാണാം. അല്പം കഴിഞ്ഞതും കാടിനുള്ളിൽ നിന്ന് നായ തിരികെ വന്ന് വീണ്ടും എനിക്ക് മുന്നിൽ നടന്നു തുടങ്ങി. ഞാൻ അവന് പിന്നാലെ നടന്നു. എനിക്ക് കുരങ്ങുകളെക്കൊണ്ട് ശല്യമോ അപകടമോ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുകയായിരുന്നു ശ്വാനൻ.

മുന്നിൽ മല മുകളിലേക്കുള്ള പടികൾ കാണാറായി. ഞാൻ അതിലൂടെ കയറ്റം തുടങ്ങിയിട്ടും നായ എന്നെ വിട്ടു പോകുന്നില്ല. വൈകാതെ അതിൻ്റെ കാരണവും എനിക്ക് മനസ്സിലായി. അല്പം ദൂരം മുന്നോട്ട് ചെന്നാൽ പടികൾ രണ്ടായി തിരിയുന്നുണ്ട്. എനിക്ക് പോകേണ്ടത് ഇടത് വശത്തേക്കാണ്. നായ ഇടത് വശത്തേക്കുള്ള പടികളിൽ കയറി. ഞാൻ അവനെ പിന്തുടർന്ന് കയറുന്നു എന്ന് മനസ്സിലാക്കിയതും അഞ്ച് പത്ത് പടികൾക്ക് ശേഷം അവൻ പടികളിൽ ഇരുന്നു. ‘ഇനി ഈ വഴി മുന്നോട്ട് പോയ്ക്കൊള്ളൂ’ എന്ന് കൃത്യമായി സംവദിച്ച് കൊണ്ട് തന്നെ.

ഞാൻ ശരിക്കും അത്ഭുതപരതന്ത്രനായി നിന്നു. എന്തൊരു ജീവിയാണ് ഇത്. എവിടുന്നോ വന്ന ഏതോ ഒരു മനുഷ്യന് വഴികാണിച്ച് അര കിലോ മീറ്ററെങ്കിലും അത് സഞ്ചരിച്ചിരിക്കുന്നു. ആ ഭാഗത്ത് വരുന്ന മറ്റു മനുഷ്യർക്കും നായ ഇതുപോലെ വഴി കാണിക്കുന്നുണ്ടാകാം. പക്ഷേ എനിക്ക് അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. ഞാനവന് ബാഗിൽ നിന്ന് ബിസ്ക്കറ്റ് എടുത്തു കൊടുത്തു. സന്തോഷത്തോടെ അവനത് കഴിക്കുന്നത് അൽപനേരം നോക്കി നിന്ന ശേഷം ഞാൻ മലകയറ്റം തുടർന്നു.

ഹരിയാനയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഞാൻ നൽകിയ ബിസ്ക്കറ്റ് കഴിക്കാൻ ഒരു നായ അൽപ്പം മടിച്ച് നിന്നു. പിന്നീട് തൊട്ടടുത്ത് കിടന്നിരുന്ന ഇലകളും മറ്റും തട്ടിയിട്ട് ആ ബിസ്ക്കറ്റുകൾ മറച്ച് വെച്ച ശേഷം അതവിടന്ന് ഓടിപ്പോയി. അവൻ മടങ്ങി വന്നത് മറ്റൊരു നായയ്ക്കൊപ്പമാണ്. അവർ രണ്ടുപേരും ചേർന്നാണ് അത് കഴിക്കാൻ ആരംഭിച്ചത്. തനിക്ക് കിട്ടിയ ഭക്ഷണം സഹജീവിക്ക് പങ്കുവെക്കുന്ന മനോഹരമായ ദൃശ്യമായിരുന്നു അത്. ഞാനവർക്ക് കൂടുതൽ ബിസ്ക്കറ്റുകൾ നൽകി. അന്ന് രാത്രി അവർ ആ ഗ്രാമത്തിലെ ക്വാളി ഫ്ലവർ തോട്ടത്തിൽ എനിക്ക് കൂട്ടുകിടന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഗുജറാത്ത് ഹരിയാന രാജസ്ഥാൻ എന്നീ വടക്കൻ സംസ്ഥാനങ്ങളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. വീടിൻ്റെ പരിസരത്തും കടകളുടെ പരിസരത്തും ഒക്കെ കറങ്ങി നടക്കുന്ന പശുക്കൾക്കും നായ്ക്കൾക്കും പ്രാവുകൾക്കും ഒക്കെ അന്നാട്ടുകാർ ഭക്ഷണം കൊടുക്കും. ഒരു രാത്രി, ഹരിയാനയിൽ ഒരു വർക്ക് ഷോപ്പിന് മുന്നിലാണ് ഞാൻ തങ്ങിയത്. ആ ഭാഗത്ത് റസ്റ്റോറൻ്റുകൾ ഒന്നുമില്ല. ഞാൻ ഭാഗിയുടെ അടുക്കളയിൽ അത്യാവശ്യം പ്രാതൽ പാകം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും രണ്ട് പശുക്കളും മൂന്നോ നാലോ നായ്ക്കളും വാഹനത്തെ വളഞ്ഞു. എനിക്ക് കഴിക്കാനുള്ളത് ഒഴിച്ച് ബാക്കിയുള്ള ബ്രഡും ബിസ്കറ്റും എല്ലാം ഞാൻ അവർക്ക് കൊടുത്തു. എൻ്റെ സ്റ്റോക്ക് തീർന്നത് അവർക്ക് അറിയില്ലല്ലോ. അവറ്റകൾ പിന്നെയും വാഹനത്തെ ചുറ്റിപ്പറ്റി നിന്നു. ഡോറുകൾ അടച്ച് ഭാഗിയെ മുന്നോട്ട് നീക്കാൻ പറ്റാത്ത അവസ്ഥ. ഞാൻ ധർമ്മസങ്കടത്തിലായി. അപ്പോഴേക്കും കടക്കാരൻ വന്ന് കട തുറക്കാനുള്ള പരിപാടികളിലേക്ക് കടന്നു. അയാൾ എൻ്റെ അവസ്ഥ കണ്ടു.

അതീവ ഹൃദ്യമായ ഒരു രംഗമാണ് ഞാൻ പിന്നീട് കണ്ടത്. ആ കെട്ടിടത്തിനോട് ചേർന്നുള്ള മതിലിന് മുകളിൽ അയാൾ ധാന്യങ്ങൾ വിതറി. പ്രാവുകൾ അത് കൊത്തി തിന്നാൻ തുടങ്ങി. നായ്ക്കൾക്കും പശുക്കൾക്കും അയാൾ തലേന്ന് ബാക്കി വന്ന ചപ്പാത്തി നൽകി. ആ തക്കത്തിന് ഞാൻ ഭാഗിയെ അവിടന്ന് റോഡിലേക്ക് കടത്തി.

മിക്കവാറും ദിവസങ്ങളിൽ ഇങ്ങനെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയും അവറ്റകൾ എൻ്റെ മോട്ടോർ ഹോമിന് സമീപം ഉറങ്ങുകയുമൊക്കെ ചെയ്ത് മുന്നോട്ടു പോയിട്ടുണ്ട്. അത് പിന്നീട് ഒരു ദിനചര്യയായി മാറി എന്നതാണ് വസ്തുത.

ഒരിക്കലും മറക്കാൻ ഒരു അനുഭവം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. 2025 ഫെബ്രുവരിയുടെ തുടക്കത്തിലാണ്. തണുത്ത കാലാവസ്ഥയെ ചെറിയ തോതിൽ ചൂട് മറികടക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് മാസത്തിലേറെ നീണ്ടുനിന്ന യാത്ര അവസാനിപ്പിച്ച് എനിക്ക് കേരളത്തിലേക്ക് മടങ്ങാനായി എന്ന് സാരം. ഗുജറാത്തിലെ സൂറത്തിലുള്ള സുഹൃത്തുക്കളായ ആഷയുടേയും സതീഷിൻ്റേയും വീട്ടിൽ നിന്നാണ് ഞാൻ ആ മടക്കയാത്ര ആരംഭിച്ചത്. അന്ന് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആഷ എനിക്ക് പൊതികെട്ടി തന്നിരുന്നു.

പിൻഡ്വൽ കോട്ടയാണ് അന്ന് കാണാൻ ഉദ്ദേശിച്ചിരുന്നത്. ഒരു മലമുകളിൽ നിന്ന് മറ്റൊരു മലമുകളിലേക്ക്. ആ പരിസരത്ത് നിന്ന് വേറൊരു ഇടത്തേക്ക്. അങ്ങനെ പലയിടത്ത് ചുറ്റിയെങ്കിലും ആ കോട്ട കണ്ടുപിടിക്കാൻ പറ്റിയില്ല. ചില കോട്ടകളുടെ കാര്യത്തിൽ അങ്ങനെ സമ്പൂർണ്ണമായും ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. അവസാനം ഞാൻ ആ പ്രദേശത്ത് തന്നെയുള്ള വില്ല്യം ഹിൽ എന്ന മലമുകളിൽ എത്തിച്ചേർന്നു. അവിടെ ഒരു പാർക്ക് ഉണ്ട്. ആ സ്ഥലത്ത് ടൂറിസ്റ്റുകളുടെ വാഹനം പാർക്ക് ചെയ്യിക്കാനും ടിക്കറ്റ് കീറാനും ഒക്കെ ഇരിക്കുന്ന കർമൽ എന്ന ഒൻപതാം ക്ലാസ്സുകാരൻ പയ്യൻ, കോട്ട ഉണ്ടെന്ന് പറയുന്ന മലയുടെ മുനമ്പ് കാണിക്കാൻ എന്നെ കൂട്ടിക്കൊണ്ട് പോയി. മനോഹരമായ ഒരു താഴ്വാരമാണ് മുകളിൽ നിന്ന് കാണാനായത്. പക്ഷേ അവിടെയും കോട്ടയുടെ ഭാഗങ്ങൾ കാണാനായില്ല.

കർമലും ഞാനും തിരിച്ച് നടക്കാൻ തുടങ്ങിയപ്പോൾ ഒരു നായ പിന്നാലെ കൂടി. വാഹനത്തിൻ്റെ അടുത്തെത്തിയിട്ട് അവന് ബിസ്ക്കറ്റ് കൊടുക്കാമെന്നായിരുന്നു എൻ്റെ പദ്ധതി. പക്ഷേ ആഷ തന്ന ഭക്ഷണപ്പൊതി തുറന്നപ്പോൾ അത് രണ്ടുപേർക്ക് കഴിക്കാനുള്ളതുണ്ട്. എനിക്ക് ആവശ്യമുള്ളത് നീക്കിവെച്ചശേഷം ബാക്കിയുള്ളത് ഞാൻ നായയ്ക്ക് നൽകി. ഞങ്ങൾ ഒരുമിച്ച് തന്നെ ഭക്ഷണം കഴിച്ചു തുടങ്ങി. ആർത്തിയോടെയാണ് അത് അവൻ കഴിച്ചു തീര്‍ത്തത്. പാവത്തിന് അതുപോലെ സമൃദ്ധമായ ഭക്ഷണം എല്ലാ ദിവസവും കിട്ടുന്നില്ലായിരിക്കാം.

കയ്യും മുഖവും കഴുകി വാഹനത്തിൽ യാത്ര തുടരാൻ തയ്യാറെടുക്കുമ്പോൾ അവൻ്റെ ദയനീയമായ നോട്ടം. ചിറ്റോർഗഡ് കോട്ടയിൽ കണ്ട നായയുടെ ദൈന്യത അതുപോലെ തന്നെയുണ്ട് ഇവൻ്റെ നോട്ടത്തിലും. ‘എന്നെ കൂടെക്കൂട്ടൂ’ എന്ന് പറയാതെ പറയുന്നത് പോലെ. സങ്കടകരമായ വല്ലാത്തൊരു ദുർബല നിമിഷമായിരുന്നു അത്.

ഞാൻ വാഹനം മെല്ലെ മുന്നോട്ട് എടുത്തു. അവൻ വാഹനത്തിന് മുന്നേ ഓടാൻ തുടങ്ങി. മൂന്ന് ഹെയർപിൻ വളവുകളിൽ, ടാറിട്ട റോഡ് വിട്ട് അവൻ ആ ചെറിയ മലയുടെ കുത്തനെയുള്ള ഇറക്കത്തിലൂടെ ഓടി എനിക്ക് മുന്നിൽത്തന്നെ എത്തി നിന്നു.

ഞാൻ വാഹനം നിർത്തി. ഞങ്ങൾ പരസ്പരം നോക്കി. അവൻ മുൻകാലുകൾ ഡ്രൈവർ സൈഡിലെ ഡോറിലേക്ക് വെച്ച് ഏന്തി വലിഞ്ഞ് നിന്നു. ‘എന്നെയും കൂടെ കൊണ്ടുപോക’ എന്ന് തന്നെയാണ് ആ മുഖത്തെ ആവശ്യം. അവന്റെ കണ്ണുകൾ അത് അടിവരയിടുന്നുണ്ട്.

ഞാനെൻ്റെ ദൗർബല്യം മുഴുവൻ അവനോട് തുറന്നു പറഞ്ഞു. ഞാൻ പച്ച മലയാളത്തിൽ അവനോട് സംസാരിക്കുകയായിരുന്നു. പക്ഷേ, അവനെന്ത് മനസ്സിലാകാൻ!

പെട്ടെന്ന് എല്ലാം മനസ്സിലായതുപോലെ അവൻ മുൻകാലുകൾ താഴേക്ക് വെച്ച് ഇറങ്ങി നിന്നു. ഞാൻ മെല്ലെ വാഹനം മുന്നോട്ട് നീക്കി. അടുത്ത ഹെയർപിൻ വളവിലേക്ക് അവൻ എനിക്കൊപ്പം ഓടിയില്ല. വാഹനം അകന്ന് പോകുന്നത് നോക്കി അവിടെത്തന്നെ നിന്നു.

എൻ്റെ കൂടെ ഒരു ക്യാമറാമാൻ ഉണ്ടായിരുന്നെങ്കിൽ പകർത്തുവാൻ പറ്റിയ ഗംഭീര ദൃശ്യങ്ങൾ ആയിരുന്നു അത്. അവൻ്റെ നോട്ടം എൻ്റെയുള്ളിൽ ഇപ്പോഴും കൊളുത്തി വലിക്കുന്നുണ്ട്.

2025 സെപ്റ്റംബറിൽ ഞാൻ വടക്കേ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണ്. രാജ്യത്തൊട്ടാകെയുള്ള 800 കോട്ടകളിൽ 161 കോട്ടകൾ മാത്രമാണ് ഇതുവരെ ഡോക്യുമെന്റ് ചെയ്തിട്ടുള്ളത്. മൂന്ന് വർഷമെങ്കിലും എടുക്കും ഈ ദൗത്യം പൂർത്തിയാക്കാൻ. ഇപ്രാവശ്യം കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ലക്ഷ്യമിടുന്നത്.

കടന്ന് പോകാനുള്ള അപരിചിതമായ വഴികളെപ്പറ്റിയും തെരുവുകളെപ്പറ്റിയും എനിക്കിപ്പോൾ ലവലേശം ആശങ്കയില്ല. തെരുവുകളിൽ ഉണ്ടുറങ്ങി യാത്ര മുന്നോട്ട് നീക്കുമ്പോൾ ഓരോ ദിവസവും ധാരാളം നായ്ക്കളുമായി ചങ്ങാത്തം കൂടാം എന്ന സന്തോഷം ഇപ്പോൾത്തന്നെ എന്നെ ത്രസിപ്പിക്കുന്നുണ്ട്. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും അവർ എനിക്കൊപ്പം തീർച്ചയായും ഉണ്ടാകും. ഒരു സംശയവും വേണ്ട.

വാൽക്കഷണം:- മാസങ്ങളോളം തുടർച്ചയായി വടക്കേ ഇന്ത്യയിൽ യാത്ര ചെയ്തിട്ടും, ഒരു തെരുവ് നായയുടെ പോലും ഉപദ്രവം ഉണ്ടായില്ല. തെരുവ് നായ്ക്കൾ മനുഷ്യരെ ഉപദ്രവിക്കുന്നത് കാണാനോ കേൾക്കാനോ ഇടയായില്ല. അവറ്റകളെക്കൊണ്ട് ഉപകാരം മാത്രമാണ് ഉണ്ടായത്. കേരളത്തിൽ പക്ഷേ, തെരുവ് നായ്ക്കളെക്കൊണ്ടുള്ള ഉപദ്രവത്തിൻ്റെ വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ഇതെന്തുകൊണ്ടാണെന്ന് പഠന വിഷയമാക്കേണ്ടതാണ്.
——————————————————————————————
ഈ ലേഖനം ജൂലൈ 2025 യുവധാര മാസികയിൽ അച്ചടിച്ച് വന്നിരുന്നു.