India

ഖാബ കോട്ട (# 64)


ന്നലെ രാത്രി ഭാഗിയിൽ കിടന്ന് ഒരു ഫോൺ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് ജനലിൽ തട്ടി. പട്വ ഹവേലിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടെന്നാണ് പറയുന്നത്. പേര് സഞ്ജയ് ജയ്സൽമേഡ്. സൗജന്യ ഗൈഡ് ആണ് കക്ഷി. ജയ്സൽമേഡിൽ വരുന്നവർക്ക് യാത്രാസൗകര്യങ്ങളും താമസസൗകര്യങ്ങളും ചെയ്തുകൊടുക്കും. ഒന്ന് രണ്ട് മലയാളി സുഹൃത്തുക്കളുടെ വീഡിയോകൾ എനിക്ക് അയച്ച് തന്നു. അവരെയെല്ലാം സഞ്ജയ് സഹായിച്ചതായി മലയാളികൾ വീഡിയോയിൽ പറയുന്നുണ്ട്.

രാവിലെ ഞാൻ സഞ്ജയ്നെ വിളിച്ചു. എത്തി. ഞങ്ങൾ ഒരുമിച്ച് 30 കിലോമീറ്റർ ദൂരത്തുള്ള കോട്ടയിലേക്ക് തിരിച്ചു. സഞ്ജയ് കൂടെ വന്നതുകൊണ്ട് മാത്രം ഇന്ന് അത്ഭുതങ്ങളാണ് സംഭവിച്ചത്.

12

13

14

15

28

29

പോകുന്ന വഴിക്കുള്ള അമർ സാഗർ ജൈനക്ഷേത്രത്തിൽ സഞ്ജയ് ഇല്ലായിരുന്നെങ്കിൽ ഞാൻ കയറുമായിരുന്നില്ല. എത്രയോ ജൈനക്ഷേത്രങ്ങൾ രാജസ്ഥാനിൽ ഉണ്ട്. അക്കൂട്ടത്തിൽ ചെറിയ ഒരു ക്ഷേത്രം മാത്രം. പക്ഷേ ക്ഷേത്രത്തിൽ നിന്ന് നോക്കിയാൽ കാണുന്ന ഭാഗത്താണ് മലൈക്കോട്ട വാലിബൻ സിനിമയിലെ മോഹൻലാൽ രംഗങ്ങൾ പലതും ചിത്രീകരിച്ചത്. അന്ന് മോഹൻലാൽ താമസിച്ചിരുന്ന സൂര്യഗഡ് സപ്ത നക്ഷത്ര ഹോട്ടലും സഞ്ജയ് കാണിച്ചു തന്നു.

ഖാബ കോട്ടയെപ്പറ്റി വലിയ ചരിത്രമൊന്നും പറയാനില്ല. ഉള്ളതാകട്ടെ സ്ഥിരീകരിക്കാത്ത ഒരു നാട്ടുകഥ മാത്രം.

കുൽധാര ഗ്രാമത്തിന് ചുറ്റുമായി 84 ഗ്രാമങ്ങൾ പലിവാൽ ബ്രാഹ്മണരുടേതായി ഉണ്ടായിരുന്നു. രാജാവിന്റെ ദിവാനായിരുന്ന സലിം സിങ്ങിന് കുൽധാര ഗ്രാമത്തിലെ ഒരു പാലിവാൽ ബ്രാഹ്മണ പെൺകുട്ടിയിൽ മോഹമുദിച്ചു. ആലോചിച്ചിട്ട് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് പോയ ഗ്രാമവാസികൾ ഒറ്റരാത്രികൊണ്ട് ഗ്രാമം വിട്ടൊഴിഞ്ഞ് പോയി. അവർ ഉപേക്ഷിച്ചു പോയ വീടുകൾ തകർന്ന അവസ്ഥയിൽ ചുറ്റുവട്ടത്ത് എല്ലായിടത്തും കാണാം.

16

17

18

19

30

31

പത്തൊമ്പതാം നൂറ്റാണ്ട് വരെ ആരും പിന്നെ ഈ ഗ്രാമത്തിലേക്ക് വന്നില്ല. ഗ്രാമങ്ങൾക്ക് ഇടയിൽ നിന്നിരുന്ന കോട്ടയും അങ്ങനെ ആളില്ലാത്ത ഒരു കോട്ടയായി മാറി.

കോട്ട ഇപ്പോൾ പുതുക്കി പണിത് കൊണ്ടിരിക്കുകയാണ് കോട്ടയ്ക്കകത്ത് ചെറിയൊരു ക്ഷേത്രവും ഉണ്ട്. 50 രൂപ കൊടുത്ത് കുൽധാരയിലേക്ക് കടന്നാൽ, ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട വീടുകളിൽ പലതും പുനരുദ്ധരിച്ച് നിർത്തിയിരിക്കുന്നത് കാണാം. സമീപത്തായി ചെറിയൊരു തടാകവും ഉണ്ട്.

മടക്കവഴിയിൽ ഒരിടത്ത് വാഹനം നിർത്താൻ സഞ്ജയ് എന്നോട് ആവശ്യപ്പെട്ടു. റോഡ് മുറിച്ചു കടന്ന് ഞങ്ങൾ ഒരു കുടിലിന് അകത്തേക്ക് കയറി.

20

21

22

23

35

36

അവിടെ കമച്ച, ഹാർമോണിയം, രാവൺ, മോർച്ചങ്ങ്, അൽഗോജ, ചപ്ലാങ്കട്ട എന്നീ സംഗീതോപകരണങ്ങൾ ഉപയോഗിച്ച്, അരഡസൻ സംഗീതജ്ഞന്മാർ രാജസ്ഥാനി നാടോടി ഗാനങ്ങൾ ആലപിക്കുന്നു. ഒന്ന് രണ്ട് വിദേശികൾ അവിടെയുണ്ട് അവർക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ്. സംഗീതം നയിക്കുന്ന തഗറാം ഭീലിനെ സഞ്ജയിന് പരിചയമുണ്ട്. അങ്ങനെയാണ് ഞങ്ങൾ അതിനകത്തേക്ക് കടന്നത്.

ഞാൻ ആഗ്രഹിച്ച നടന്നിരുന്നതാണ് അത്തരം ഒരു സംഗീതവിരുന്ന്. സഞ്ജയ് ഇല്ലായിരുന്നെങ്കിൽ എനിക്കത് കാണാൻ കഴിയുമായിരുന്നില്ല.

പക്ഷേ ഇന്ന് ചില്ലറ അത്യാഹിതങ്ങളും സംഭവിച്ചു. രാവിലെ മുതൽ നല്ല പൊടിക്കാറ്റ് ആയിരുന്നു. റോഡിന് ഇരുവശവും താർ മരുഭൂമിയാണ്. കണ്ണിലും മൂക്കിലും ഒക്കെ നന്നായി പൊടി കയറി. ഡോർ തുറന്നപ്പോൾ ഭാഗിക്കും കിട്ടി ധാരാളം പൊടിമണ്ണ്. പോരാത്തതിന് ഭാഗിയുടെ മുൻവശത്തെ രണ്ട് ഡോറിന്റേയും സ്റ്റോപ്പറുകൾ കാറ്റത്ത് പറിഞ്ഞുപോയി. സഞ്ജയ് ഇരിക്കുന്ന ഭാഗത്തെ കണ്ണാടിയും പൊട്ടി വീണു.

24

25

26

27

33

34

32

പൊടിക്കാറ്റ്, എന്നെ പഴയ എണ്ണപ്പാട ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോകും. സെയ്ദ് അൽ അലവി എന്ന സഹപ്രവർത്തകൻ്റെ മരണം ഓർമ്മിപ്പിക്കും. അബുദാബിയിൽ ഒരു പൊടിക്കാറ്റിനിടയിലൂടെ റോഡ് കുറുകെ കടക്കുമ്പോൾ വാഹനം ഇടിച്ചാണ് സൈദ് മരിക്കുന്നത്.

വൈകുന്നേരം നഗരത്തിലെത്തി ഭാവിയുടെ കേടുപാടുകൾ തീർത്തതിന് ശേഷം 5 മണിക്കാണ് ഉച്ചഭക്ഷണം കഴിച്ചത്.

എത്ര നിർബന്ധിച്ചിട്ടും ഗൈഡിന്റെ ഫീസ് വാങ്ങാൻ സഞ്ജയ് തയ്യാറായില്ല. ഏതൊരു ഗൈഡും 500 രൂപ അര ദിവസത്തെ സേവനത്തിന് ഈടാക്കുന്ന നഗരത്തിലാണ്, സജ്ഞയ് മുഴുവൻ ദിവസവും സൗജന്യ സേവനം തരുന്നതെന്ന് ഓർക്കണം. ഇങ്ങനെയുണ്ടോ ഈ ലോകത്ത് മനുഷ്യർ?!

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#motorhomelife
#boleroxlmotorhome
#malaikottaivaaliban
#khabafort