എണ്ണപ്പാടം

CPC-Sharjah-146

മങ്കി ജമ്പിങ്ങ്


ണ്ണപ്പാടത്തെ ഒരു അസാധാരണ കാഴ്ച്ചയാണിത്. ‘മങ്കി ജമ്പിങ്ങ് ‘ എന്നാണ് ഈ പരിപാടിയുടെ ഔദ്യോഗിക നാമം. ഇക്കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ഒരു ഓഫ്‌ഷോര്‍ എണ്ണപ്പാടത്ത് പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. സാധാരണ എണ്ണപ്പാടങ്ങളില്‍ ക്യാമറ അനുവദിക്കാറില്ലെങ്കിലും ഇപ്പറഞ്ഞ സ്ഥലത്ത് ക്യാമറയ്ക്ക് വിലക്കൊന്നുമില്ല.


ചിത്രത്തില്‍ കാണുന്ന വ്യക്തി നില്‍ക്കുന്നത് ആഴക്കടലില്‍ എണ്ണക്കിണറുകളും താങ്ങിനില്‍ക്കുന്ന ഒരു പ്ലാറ്റ്‌ഫോമിലാണ്. ഞങ്ങളെപ്പോലുള്ളവര്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് ഹെലിക്കോപ്റ്ററിലാണ് പലപ്പോഴും ചെന്നെത്തുന്നത്.


ചുരുക്കം ചിലയിടങ്ങളില്‍ ഈ യാത്ര ബോട്ടിലൂടെയായിരിക്കും. അത്തരത്തില്‍ ഒരു ബോട്ടിലേക്ക് പ്ലാറ്റ്‌ഫോമിന്റെ ബോട്ട് ലാന്റിങ്ങ് എന്നുവിളിക്കുന്ന പടികളില്‍ നിന്ന് ചാടിക്കടക്കാനാണ് ഞങ്ങള്‍ മങ്കി ജമ്പിങ്ങ് നടത്തുന്നത്.


പ്ലാറ്റ്‌ഫോമിന്റെ മുകളില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന വടത്തില്‍ പിടിച്ച് ടാര്‍സനെപ്പോലെ ബോട്ടിലേക്ക് ചാടുന്ന സമയത്ത് കടലിലെ തിരകള്‍ ഉയരുന്നതിനും താഴുന്നതിനുമനുസരിച്ച് ബോട്ട് പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടിരിക്കും. ബോട്ട് പ്ലാറ്റ്ഫോമിന്റെ അതേ നിരപ്പില്‍ വരുന്ന സമയത്ത് വേണം കയറില്‍ത്തൂങ്ങി മങ്കി ജമ്പിങ്ങ് നടത്താന്‍.


പല കമ്പനികളിലും ഈ മങ്കി ജമ്പിങ്ങ് കരയില്‍ത്തന്നെ പരിശീലിപ്പിക്കുന്നത് പതിവാണ്.


നല്ലൊരു ക്രിക്കറ്റ് ബാറ്റ്‌സ്‌മാനെപ്പോലെ ടൈമിങ്ങാണ് ഈ ചാട്ടത്തില്‍ വളരെ പ്രധാനപ്പട്ട ഒരു കാര്യം. ടൈമിങ്ങ് തെറ്റിയാല്‍ ക്രിക്കറ്റ് താരത്തിന്റെ വിക്കറ്റ് തെറിക്കുകയോ ടീമിലെ ഇടം പോകുകയോ ചെയ്തേക്കാം. ഇവിടെ അങ്ങിനെ കളഞ്ഞുകുളിക്കാന്‍ അധികം വിക്കറ്റുകള്‍ ഞങ്ങള്‍ക്കില്ല. ‘ഇന്നിങ്ങ്‌സ് ‘ പൂട്ടിക്കെട്ടാതിരിക്കണമെങ്കില്‍ ടൈമിങ്ങ് തെറ്റാതെ ചാടിയേ പറ്റൂ.