എണ്ണപ്പാടം

DSC03130

ക്രിസ്‌‌മസ്സ് ട്രീ


ന്താ ജോലി / എവിടെയാ ജോലി ? “

“ ഞാന്‍ ഓയല്‍ ഫീല്‍ഡിലാ. “

“ റിഗ്ഗിലാണോ ? “

80% പേരുടേയും രണ്ടാമത്തെ ചോദ്യം അതായിരിക്കും.

എന്താണ് റിഗ്ഗ് എന്നറിയില്ലെങ്കിലും, ഓയല്‍ ഫീല്‍ഡെന്നു പറഞ്ഞാല്‍ റിഗ്ഗാണെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളുടേയും വിചാരം. ബാക്കിയുള്ള 20% ജനങ്ങളുടെ ചോദ്യങ്ങള്‍ താഴെപ്പറയുന്ന പ്രകാരമായിരിക്കും.

1. ഡ്രില്ലിങ്ങിലാണോ ? (2%)
2. മാഷേ, ഈ എണ്ണക്കിണറിനൊക്കെ എത്ര ആഴം കാണും ? (5%)
3. നിങ്ങളീ എണ്ണക്കിണറിന്റെ അടിയിലേക്കൊക്കെ ഇറങ്ങി പോകാറുണ്ടോ ? (13%)

മുകളില്‍ കാണുന്ന ചിത്രത്തിലെ ചുവന്ന തൊപ്പിക്കാരന്‍ കയറി നില്‍ക്കുന്നത് ഒരു എണ്ണക്കിണറിന്റെ മുകളിലാണ്. അയാളുടെ ഇടത് ഭാഗത്ത് മുകളിലേക്ക് നീണ്ടുനില്‍ക്കുന്നതാണ് ഒരു എണ്ണക്കിണറിന്റെ മുകള്‍ഭാഗം. അഞ്ചോ ആറോ ഇഞ്ച് വ്യാസമുള്ള ആ കുഴലില്‍ക്കൂടെ എങ്ങിനെയാണ് ഈ എണ്ണക്കിണറിലേക്ക് ഇറങ്ങിപ്പോകാന്‍ പറ്റുക ?

കുഴല്‍ക്കിണറില്‍ വെള്ളം മുകളിലേക്ക് കയറി വരുന്ന പൈപ്പുപോലെ തന്നെ, എണ്ണ മുകളിലേക്ക് കയറി വരുന്ന ഒരു പൈപ്പാണ് ഈ എണ്ണക്കിണറും. എണ്ണ മുകളിലെത്തിയാല്‍ അതിന്റെ ഒഴുക്ക് (Flow) നിയന്തിക്കാനും, തിരിച്ചുവിടുവാനും മറ്റുമായി ആ പൈപ്പില്‍ ചില അനുബന്ധ വാല്‍‌വുകളും, പൈപ്പുകളും മറ്റും ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന് മാത്രം. അതെല്ലാം കൂടെ ചേര്‍ന്നുള്ള സംവിധാനമാണ് ചിത്രത്തില്‍ കാണുന്നത്. ഈ സംവിധാനം ക്രിസ്‌‌‌മസ്സ് ട്രീ (Christmas Tree) എന്ന രസകരമായ പേരിലാണ് അറിയപ്പെടുന്നത്. അതുപോലൊരു ക്രിസ്‌‌മസ്സ് ട്രീയുടെ മുകളില്‍ കയറിനിന്നാണ് ക്രൂഡോയലില്‍ കുളിച്ച് ആ ചുവന്ന തൊപ്പിക്കാരന്‍, പച്ചരി വാങ്ങാനുള്ള കാശിനായി, കാര്യമായിട്ട് എന്തോ ജോലി ചെയ്യുന്നത്.

അടുത്ത പ്രാവശ്യം ഓയല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഒരാളെ കാണുമ്പോള്‍ ചോദിക്കേണ്ട ചോദ്യം ഇപ്പോള്‍ പിടികിട്ടിയില്ലേ ?
ഇല്ലെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞുതരാം.

“ മാഷേ, നിങ്ങളീ ക്രിസ്‌മസ്സ് ട്രീയുടെ മുകളിലൊക്കെ കയറിയിട്ടുണ്ടോ ? “