പാചകം

avacado-005

അവക്കാഡോ ചിപ്പ്‌സ്


പൊട്ടാറ്റോ ചിപ്പ്‌സ് കൊറിച്ചുകൊണ്ടിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടം തന്നെയല്ലേ ? ഇത്തിരി ഡെക്കറേഷനും കൂടെ നടത്തി ചിപ്പ്‌സ് കഴിച്ച് നോക്കിയാലോ ? അവക്കാഡോ ചിപ്പ്‌സ് എന്നാണ് ഡെക്കറേറ്റഡ് ചിപ്പ്‌സിന്റെ പേര്.

ഇതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍.

1.അവക്കാഡോ നന്നായി പഴുത്തത് ഒരെണ്ണം.
2.ലാമിനേറ്റ് ചെയ്യാത്ത കുക്കുംബര്‍ ഒരെണ്ണം.
(എനിക്കിവിടെ കിട്ടുന്നത് ലാമിനേറ്റ് ചെയ്ത കുക്കുംബറാണ്.ഫോട്ടോയില്‍ കണ്ടില്ലേ?)
3.ചെറുനാരങ്ങ ഒരെണ്ണം.
4.പച്ചമുളക് മൂന്നെണ്ണം.
5.പൊട്ടാറ്റോ ചിപ്പ്‌സ് ഒരു പാക്കറ്റ്.
(വീട്ടില്‍ വറുത്തതായാലും വിരോധമില്ല.)
6.ഉപ്പ് ആവശ്യത്തിന്.


തൊലി ചെത്തി, കുരു മാറ്റിയതിനുശേഷം മുഴുവന്‍ അവക്കാഡോയും, അതിന്റെ നാലില്‍ മൂന്ന് ഭാഗത്തോളം അളവിന് കുക്കുമ്പറും, മൂന്ന് പച്ചമുളകും ചെറുതായി അരിഞ്ഞ് സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക. അതിലേക്ക് പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പിട്ട്, വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതത്തെ ചിപ്പ്‌സിന്റെ മുകളില്‍ സ്ഥാപിക്കുക. അവക്കാഡോ ചിപ്പ്‌സ് റെഡി.

മുളകൊന്നും എടുത്ത് കളയാതെ നല്ല എരിവോടെ തിന്നാനാണ് കൂടുതല്‍ രസം. എന്തിന്റെ കൂടെ കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നതൊക്കെ കഴിക്കുന്നവരുടെ സൌകര്യത്തിന് വിടുന്നു.

പീറ്റര്‍ബറോയിലെ തമിഴ്‌നാ‌ട്ടുകാരനായ സുഹൃത്ത്, റാമാണ് ഇതുണ്ടാക്കാന്‍ പഠിപ്പിച്ചുതന്നതെങ്കിലും, ഇതിന്റെ പേര് എന്റെ വകയാണ്. പേരിന് കോപ്പി റൈറ്റൊന്നും എടുത്തിട്ടില്ല. മറ്റെന്തെങ്കിലും പേര് നിര്‍ദ്ദേശിക്കാനുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു.