കല

നോ ബഡ്ജറ്റ്


0000

1982 മുതൽ 86 വരെ മണിപ്പൂർ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു ഡോ: യുംനാം സദാനന്ദ സിങ്ങ്. അക്കാലത്താണ്, കൃത്യമായിപ്പറഞ്ഞാൽ 1984ൽ ആണ് ഫുട്ബോൾ കളിക്കാനായി ആദ്യമായി അദ്ദേഹം കേരളത്തിൽ (കണ്ണൂർ) എത്തുന്നത്. ഇന്ത്യൻ ഫുട്ട്ബോൾ ടീമിലേക്കുള്ള സെലൿഷന്റെ കടമ്പകൾ വരെ കടന്നെങ്കിലും എന്തുകൊണ്ടോ അവിടെ വച്ച് അദ്ദേഹം ഫുട്ബോളിനോട് വിടപറഞ്ഞു.

1984 ലെ ആ കേരള സന്ദർശനത്തിന് ശേഷം വീണ്ടും അദ്ദേഹം കേരളത്തിൽ വരുന്നത് രണ്ട് ദിവസം മുൻപാണ്. ഇപ്രാവശ്യം വരുന്നത് ഫുട്ബോൾ കളിക്കാരൻ ആയിട്ടല്ല മറിച്ച് ഒരു നാടകസംവിധായകൻ ആയിട്ടാണ്.

പറഞ്ഞു വരുന്നത് ‘നോ ബഡ്ജറ്റ്‘ എന്ന മൈമിനെക്കുറിച്ചാണ്; അഥവാ സംഭാഷണങ്ങൾ ഇല്ലാത്ത ഒരു നാടകത്തെ കുറിച്ചാണ്. ഇത്രയും നാളും സ്കൂൾ – യൂണിവേഴ്സിറ്റി തലങ്ങളിൽ നാം കണ്ടുവന്നിരുന്ന മൈമുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മൈമാണ് ഡോ:യുംനാമിന്റെ ‘കാഗ്ലി മൈം തീയറ്റർ റിപ്പെർട്ടറി‘ അവതരിപ്പിക്കുന്നത്. ഇതിൽ പ്രകാശ സജ്ജീകരണമുണ്ട്, മേക്കപ്പുണ്ട്, വസ്ത്രാലങ്കാരമുണ്ട്, പാട്ടുണ്ട്. കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നത് അംഗവിക്ഷേപങ്ങളോടെയും ശരീരചലനങ്ങളിലൂടെയുമാണെന്ന് മാത്രം.

20190512_195320

ഇതര സംസ്ഥാനങ്ങളിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഒരുപാട് സ്റ്റേജുകൾ കീഴടക്കിയവരാണ് ഇവർ. കേരളത്തിൽ നമുക്കവരെ കാണാൻ അവസരമുണ്ടായത് സംസ്ഥാനസർക്കാരും ഭാരത് ഭവനും ചേർന്ന് തിരുവനന്തപുരത്ത് പരിപാടി അവതരിപ്പിക്കാൻ ഇവരെ മണിപ്പൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ്. ലോകധർമ്മിയുടെ ഡയറക്ടർ ചന്ദ്രദാസൻ മാഷുമായുള്ള സൗഹൃദത്തിന്റെ പേരിൽ, തിരുവനന്തപുരത്തെ പ്രകടനത്തിന് ശേഷം വൈപ്പിൻകരയിലെ നായരമ്പലത്തെ നാടകവീട്ടിൽ എത്തി ഇന്നലെ ‘നോ ബഡ്ജറ്റ്’ പ്രദർശിപ്പിക്കാൻ അവർ തയ്യാറായി.

ഇന്നലെ വൈകീട്ട് നാടകവീട്ടിൽ ചെന്നില്ലായിരുന്നെങ്കിൽ ഒന്നാന്തരമൊരു കലാപ്രകടനം ജീവിതത്തിൽ എനിക്ക് നഷ്ടമായിപ്പോകുമായിരുന്നു. അത്രയ്ക്ക് ഉജ്ജ്വലമായ ഒരു പ്രകടനമായിരുന്നു അത്. സംസാരം ഇല്ലാതാകുമ്പോൾ, ആംഗ്യഭാഷയും ശരീരഭാഷയും മാത്രം പ്രേക്ഷകരിലേക്ക് സംവദിക്കാൻ ഉപയോഗിക്കുമ്പോളുള്ള വെല്ലുവിളി എത്ര മനോഹരമായിട്ടാണ് അവർ ഏറ്റെടുത്തിരിക്കുന്നത് !! നർമ്മത്തിന് നർമ്മം, നൃത്തത്തിന് നൃത്തം, അഭിനയ സാദ്ധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തിയുള്ള കലാസൃഷ്ടി. ഭാഷയുടെ അതിർ‌വരമ്പില്ലാത്തതുകൊണ്ട് ചെവി കേൾക്കാത്തവർക്ക് പോലും ഈ കലാശിൽ‌പ്പം നിഷ്പ്രയാസം മനസ്സിലാക്കാം. എന്നിരുന്നാലും മണിപ്പൂരിന്റെ തനതായ വസ്ത്രരീതിയും സംഗീതവുമെല്ലാം സംവിധായകൻ ഇതിൽ ചേർത്ത് നിർത്തിയിരിക്കുന്നു. കലാകാരന്മാരിൽ രണ്ട് പേർ ശരിക്കും കേൾവിയും സംസാരവും ഇല്ലാത്തവരാണ്. കൈയ്യടികൾ അവർക്ക് കേൾക്കാനാവില്ല. പകരം കൈകളുയർത്തി വിരലുകൾ വിടർത്തി ഇളക്കി കാണിച്ച് വേണം നമ്മളവരെ പ്രോത്സാഹിപ്പിക്കാൻ. ഇതിൽ പകുതിയിലേറെ കലാകാരന്മാർ കേന്ദ്രസർക്കാറിന്റേയും മണിപ്പൂർ സർക്കാരിന്റേയും അംഗീകാരം ലഭിച്ചിട്ടുള്ളവരാണ്.

20190512_205256

പതിമൂന്നോളം കലാകാരന്മാർ തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്ത് നായരമ്പലത്ത് എത്തുന്നു. നേരെ സ്റ്റേജ് സെറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു, മൈമം കളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, സ്റ്റേജ് സെറ്റിങ്ങ്സ് എല്ലാം വാരിക്കെട്ടുന്നു, കേരളത്തിൽ വന്നിട്ട് ഇന്നേവരെ കഴിച്ചതിൽ ഏറ്റവും നല്ല ഭക്ഷണം ആണെന്ന് പ്രശംസിച്ച് രാത്രി 10 മണിയോടെ തിരികെ തിരുവനന്തപുരത്തേക്ക് പോകുന്നു. ഒരു വലിയ കൈയ്യടിയോ വിരലുകൾ വിടത്തി ഇളക്കലോ അതിന് പകരമാവില്ലൊരിക്കലും.

20190512_205824

ഡോ:യുംനാം മണിപ്പൂരിന്റെ ഓ. മാധവനോ എൻ. എൻ. പിള്ളയോ ആണെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മകൻ, അനുജൻ എന്നിങ്ങനെ അഞ്ചു പേർ ഈ ഗ്രൂപ്പിലുണ്ട്. കായിക ഇനങ്ങൾക്ക് മണിപ്പൂർ സർക്കാർ വാരിക്കോരി കൊടുക്കുമ്പോൾ കലാകാരന്മാർക്ക് ഒന്നും കൊടുക്കുന്നില്ല എന്ന പ്രതിഷേധം കൂടിയാണ് ഈ മൈമിലൂടെ ഡോക്ടർ വരച്ചു കാണിക്കുന്നത്. ഇടയ്ക്കിടയ്ക്കുള്ള കനത്ത കൈയ്യടികൾ, 70 മിനിറ്റ് നീണ്ട മനോഹരമായ സ്റ്റേജ് പ്രോഗ്രാം കാണികൾ മുഴുവൻ ആസ്വദിച്ചെന്നതിന്റെ തെളിവാണ്.

ഇതിലുള്ള ഒരു വിഷമം എന്താണെന്ന് വെച്ചാൽ, ഇത്തരമൊരു പ്രോഗ്രാം കാണണമെങ്കിൽ നമ്മൾ ചിലപ്പോൾ മണിപ്പൂരിലോ അല്ലെങ്കിൽ ഇവരുടെ പ്രോഗ്രാമുള്ള ഒരു വിദേശരാജ്യത്തോ പോകേണ്ടി വരും. പക്ഷേ നമ്മുടെ മുറ്റത്ത് വന്ന അവരത് കളിക്കുമ്പോൾ നമുക്ക് താല്പര്യം ഇല്ല. അൻപതിൽ താഴെ കാണികൾക്ക് മുൻപിലാണ് ഈ പ്രോഗ്രാം ഇന്നലെ അവതരിപ്പിക്കേണ്ടി വന്നത്. നായരമ്പലത്ത് ലോകധർമ്മി യുടെ നാടക വീട്ടിൽ എല്ലാം മാസവും ഇത്തരത്തിൽ ഒന്നും രണ്ടും വ്യത്യസ്തമായ പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. പക്ഷേ എന്നും കാണികൾ കുറവാണ്. എന്നുവെച്ച് കലാപരിപാടികൾക്ക് ഒരു മുടക്കവും വരുത്താൻ സംഘാടകർ തീരുമാനിച്ചിട്ടില്ല.

കാണണമെന്നും പങ്കെടുക്കണമെന്നും ഉള്ളവർ അവരവരുടെ ഫോൺ നമ്പറുകൾ തന്നാൽ സംഘാടകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതാണ്. കൃത്യമായി എല്ലാ പ്രോഗ്രാമുകളുടേയും വിവരം നിങ്ങൾക്ക് വാട്ട്സ് ആപ്പിൽ ലഭിക്കും.

ജൂൺ 1ന് കൽക്കത്തയിൽ നിന്നുള്ള സോമ ഗിരി എന്ന കലാകാരി നൃത്ത പരിപാടിയുമായി എത്തുന്നുണ്ട് ലോകധർമ്മിയിൽ. പരമ്പരാഗത നൃത്ത നാട്യ ആയോധന കലാ രൂപങ്ങളിൽ നിന്ന് ഊർജ്ജം കൊണ്ട് വികസിപ്പിച്ചെടുത്ത സമകാലീന നൃത്ത നാടകരൂപമാണ് അവരുടെ നൃത്യമന്ദിർ അവതരിപ്പിക്കുന്നത്. വേറെ എവിടെയെങ്കിലും ചെന്ന് അനായാസം നിങ്ങൾക്ക് ഇത് കാണാൻ പറ്റിയെന്നു വരില്ല. ജൂൺ 2 ന് അവർ സംഘടിപ്പിക്കുന്ന വർക്ക്ഷോപ്പും നാടകവീട്ടിലുണ്ട്. ഇതെല്ലാം സൌജന്യമായാണ് കാണാനൊക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഒരു പ്രാവശ്യമെങ്കിലും വന്നു നോക്കൂ. നഗരത്തിൽ നിന്ന് അല്പം ദൂരെ ആണെന്നുള്ളത് ശരിയാണ്. പക്ഷേ നിങ്ങൾക്ക് നാടകവീട്ടിൽ ലഭിക്കാൻ പോകുന്ന കലാപരിപാടികൾ ഇതല്ലാതെ കാണണമെങ്കിൽ ചിലപ്പോൾ എത്രയോ ദൂരം കിടക്കുന്ന മണിപ്പൂർ പോലുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ വരെ യാത്ര ചെയ്യേണ്ടി വരും. അതിന് പകരം കഷ്ടി 10 – 12 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നാൽ അതിലൊരു നഷ്ടവുമില്ല. മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ച്ചയും പ്രതിമാസ പരിപാടികളുണ്ടാകും. അതിന് പുറമെ മറ്റനേകം പരിപാടികളും.

സൂചിപ്പിച്ച് പോകുന്നു എന്നുമാത്രം. സൗകര്യമുള്ളവർ സ്വീകരിക്കുക. ഇതൊക്കെ സംഘടിപ്പിക്കുന്നവർ അമരന്മാരൊന്നുമല്ല. മണ്ണടിഞ്ഞുപോയതിനുശേഷം, അവിടെ അങ്ങനെയുണ്ടായിരുന്നു ഇങ്ങനെയുണ്ടായിരുന്നു, അയാൾ കലയ്ക്ക് വേണ്ടി ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു, ഇന്നാരുമില്ല അങ്ങനെയൊക്കെ ചെയ്യാൻ എന്നൊക്കെ പരാതിയും വ്യസനവും പ്രകടിപ്പിക്കുന്നതിനേക്കാൾ ഭേദമാകും അത്.