കല

കല്യാണസൌഗന്ധികം – ശീതങ്കൻ തുള്ളൽ


zaa - Copy

“നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ നീയങ്ങ് മാറിക്കിട ശഠാ “

സ്ക്കൂളിൽ പഠിച്ച വരികളാണ്. കുഞ്ചൻ നമ്പ്യാരുടെ കല്യാണസൌഗന്ധികം പഠിച്ചിട്ടുള്ളവരും വായിച്ചിട്ടുള്ളവരുമൊക്കെ ഒരിക്കലും മറക്കാൻ സാദ്ധ്യതയില്ലാത്ത വരികൾ.

കാര്യമിങ്ങനെയൊക്കെ ആണെങ്കിലും തുള്ളലിന്റെ വകഭേദങ്ങളിൽ ഓട്ടൻ തുള്ളലല്ലാതെ പറയൻ തുള്ളലും ശീ‍തങ്കൻ തുള്ളലും കാണാനുള്ള ഭാഗ്യം ഇന്നലെ വരെയുണ്ടായിട്ടില്ല. വൈപ്പിൻ കരയിലെ നായരമ്പലത്ത് ലോകധർമ്മിയുടെ നാടകവീട്ടിൽ നടക്കുന്ന പ്രതിമാസ (എല്ലാ രണ്ടാം ശനിയാഴ്ച്ചയും) പരിപാടികളുടെ ഭാഗമായി കലാമണ്ഡലം പ്രഭാകരൻ മാഷിന്റെ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ കാണാൻ സാധിച്ചത് വളരെ വലിയ ഒരു അനുഭവം തന്നെയായിരുന്നു.

പ്രഭാകരൻ മാഷിനെ പരിചയപ്പെടുത്താൻ ഞാനാളല്ല, പരിചയപ്പെടുത്താൻ പോയാൽ അതിനേ സമയമുണ്ടാകൂ. നിലവിൽ കലാമണ്ഡലം എക്സിക്യുട്ടീവ് കമ്മറ്റി അംഗവും വിസിറ്റിങ്ങ് പ്രൊഫസറുമായ അദ്ദേഹം തുള്ളൽ കലയ്ക്ക് നൽകിയിട്ടുള്ള സംഭാവനയും അതിന്റെ ഭാഗമായി അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളും നിരവധിയാണ്. ലോകധർമ്മിയുടെ മുൻ കമ്മറ്റിയംഗം കൂടെയായ പ്രഭാകരൻ മാഷ് അരങ്ങിൽ വന്നപ്പോൾ പക്കമേളവും പാട്ടുമായി മാഷിന്റെ ശിഷ്യന്മാരും സ്ക്കൂൾ അദ്ധ്യാപകരുമായ രഞ്ജിത്ത് മാഷും പ്രവീൺ (മകൻ) മാഷുമെത്തി.

പ്രഭാകരൻ മാഷ് അരങ്ങിലെത്തി സംസാരിച്ച് തുടങ്ങിയും വൈദ്യുതി പോയി. പിന്നീടുള്ള അരമണിക്കൂർ പഴയ തുള്ളൽക്കാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കളിവിളക്കിന്റെ വെളിച്ചത്തിൽ, ചാക്യാർ കൂത്തിൽ നിന്ന് തുടങ്ങി കുഞ്ചൻ നമ്പ്യാരിലൂടെ തുള്ളൽ പ്രസ്ഥാനത്തിന്റെ ഉത്ഭവവും നാൾവഴികളുമൊക്കെ മാഷ് വിശദമാക്കിയപ്പോൾ സദസ്സിനത് പ്രത്യേക അനുഭൂതിയായി. തുള്ളൽ വലിയൊരു ജനകീയ കലയാണെന്ന കാര്യത്തിൽ ഇന്നലെത്തെ തുള്ളൽ കണ്ടാസ്വദിച്ചവർക്കാർക്കും ഒരു തർക്കവും ഉണ്ടാകാൻ സാദ്ധ്യതയില്ല.

അരങ്ങിൽ 73 വയസ്സുകാരനായ പ്രഭാകരൻ മാഷ് പ്രായത്തിന്റെ അസ്ക്കിതകളേതുമില്ലാതെ കൈമെയ്യ് മറന്നുതുള്ളി. പാഞ്ചാലിയായും ഭീമനായും ഹനുമാനെന്ന കിളവൻ കുരങ്ങനായും മാഷിന്റെ ഭാവപ്പകർച്ച അമ്പരിപ്പിക്കുന്നതായിരുന്നു. ഇന്നലത്തെ സായാഹ്നം ധന്യമാക്കിത്തന്നതിന് മാഷോടുള്ള നന്ദി അവിടെത്തന്നെ പറയാൻ എനിക്കവസരവും കിട്ടി. ഷഷ്ടിപൂർത്തിക്ക് അധികം ബാക്കിയില്ലെന്നിരിക്കെ, ഇതുവരെ ശീതങ്കൽ തുള്ളൽ കണ്ടിട്ടില്ലെന്ന ജാള്യത ഇനിയില്ലല്ലോ. അരങ്ങിൽ മാഷണിഞ്ഞിരുന്ന കൈത്താമര ഒരു സോവനീറായി ഊരി വാങ്ങുകയും ചെയ്തു. തലപ്പാമ്പ്, കൈത്താമര എന്നിങ്ങനെയുള്ള കുരുത്തോല ആഭരണങ്ങൾ മണിക്കൂറുകളെടുത്ത് നെയ്തുണ്ടാക്കി അണിയണമെന്നുള്ളതുകൊണ്ടാകാം ശീതങ്കൻ തുള്ളൽ അപൂർവ്വമായിപ്പോകുന്നത്. യുവജനോത്സവ മത്സരങ്ങളിൽ പക്ഷേ, തുള്ളൽ വിഭാഗത്തിൽ ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ ഏത് വേണമെങ്കിലും അവതരിപ്പിക്കാമെന്ന് നിയമാവലി മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്. ലോകധർമ്മിയിൽത്തന്നെ പറയൻ തുള്ളലും ‘തുള്ളൽ ത്രയ‘വും എന്നെങ്കിലുമൊരിക്കൽ പ്രഭാകരൻ മാഷ് തന്നെ അവതരിപ്പിക്കുമെന്ന് കാത്തിരിക്കുന്നു.

pixlr_20181014162102631

കുരുത്തോല കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കുന്നത് മുതൽ ചമയവും തുള്ളലും എല്ലാം കാണാൻ അവസരമുണ്ടാക്കിയതിന്, ഇന്നലത്തെ നല്ലൊരു സായാഹ്നത്തിന്, പ്രഭാകരൻ മാഷിനും രഞ്ജിത് മാഷിനും പ്രവീൺ മാഷിനും ലോകധർമ്മിക്കും ഒരിക്കൽക്കൂടെ നന്ദി, സ്നേഹം.

വാൽക്കഷണം:- ലോകധർമ്മി എറണാകുളം നഗരത്തിൽ നിന്ന് അത്ര ദൂരെയൊന്നുമല്ല. എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും വ്യത്യസ്തങ്ങളായ പരിപാടികളാണവിടെ നടക്കുന്നത്. സൌജന്യമായിത്തന്നെ കാണാൻ പറ്റുമെന്നിരിക്കെ എന്തിന് മടിച്ച് നിൽക്കണം ? ഒന്ന് ശ്രമിച്ചാൽ എല്ലാ കലാസ്വാദകർക്കും എത്താനാകും.