കല

കൃതി പുസ്തകോത്സവം – 2018


00

കൃതി പുസ്തകോത്സവം – 2018, മാർച്ച് 11ന്  മറൈൻഡ്രൈവിൽ  സമാപിക്കുമ്പോൾ, തിരുവനന്തപുരത്ത് ചെന്ന് IFFK ആഘോഷമാക്കാനും കോഴിക്കോട് ചെന്ന് ഡീ‍സി സാഹിത്യോത്സവം അടിച്ചുപൊളിക്കാനും പറ്റാതെ പോകുന്ന എന്നെപ്പോലുള്ള എറണാകുളത്തുകാർക്കും ഇനി മുതൽ എല്ലാ വർഷവും 11 ദിവസം നീളുള്ള ഒരാഘോഷമുണ്ടെന്ന് ഉറക്കെ വിളിച്ച് പറയുവാ‍ൻ ആഗ്രഹിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ ഈ ഫേസ്ബുക്ക് ഫോൾഡറിൽ കാണാം.

Harish
അഡ്വ:ഹരീഷ് വാസുദേവനും രേണുകയ്ക്കും ഒപ്പം കൃതിയിൽ

ഒരുപാട് ഓൺലൈൻ ബന്ധങ്ങൾ ഓഫ്‌ലൈനായി. നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ജയിംസ് വി.ജെ, കെ.രേഖ, സുഭാഷ് ചന്ദ്രൻ, സിത്താര എന്നീ എഴുത്തുകാർക്ക് അടുത്തേക്ക് പോകാൻ പോലും ഒത്തില്ല. ശശികുമാ‍ർ, തസ്ലീമ എന്നിവരേയും കാണാനൊത്തില്ല. ഡോ:മഹേഷ് മംഗലാട്ട്, അടക്കമുള്ളവർ വരുന്നെന്ന് അറിയിച്ചെങ്കിലും ടൈമിങ്ങ് പ്രശ്നം കാരണം കാണാനായില്ല. പങ്കെടുക്കണമെന്ന് ആഗ്രഹിച്ച ചർച്ചകളിൽ പലതിലും കയറാനായില്ല. വരുൺ അരോളിയുടേത് അടക്കം പല പുസ്തകപ്രകാശനങ്ങളും നഷ്ടമായി. പക്ഷേ, കെ.യു.മേനോൻ എഴുതിയ ‘ഏത്താപ്പ് കെട്ടിയ നേരുകൾ’ എന്ന പുസ്തകം വൈശാഖൻ മാഷ് പ്രകാശനം ചെയ്തപ്പോൾ അതേറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി. ചില ചർച്ചാ സെഷനുകൾ നഷ്ടമായെങ്കിലും വിചാരിക്കാതെ ചില സെഷനുകളിൽ പങ്കെടുക്കാൻ പറ്റുകയും ചെയ്തു. കാരിക്കേച്ചർ പദ്ധതിയുമായി സന്നിഹിതരായ വരയൻ പുലികൾക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ചു. സുനിൽ എന്ന വൻ‌പുലിയുടെ വാട്ടർ കളറിങ്ങ് ഉത്ഘാടനം ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഒരിക്കലും കിട്ടില്ലെന്ന് കരുതിയിരുന്ന ധാരാളം പുസ്തകങ്ങൾ വാങ്ങാനായി. ഈയുള്ളവന്റെ പുസ്തകവും (മുസ്‌രീസ്) കുറേ കോപ്പികൾ വിറ്റഴിക്കപ്പെട്ടു.  പുരാവസ്തുശേഖരം വിപുലമാക്കി. നല്ല രണ്ട് ഷോർട്ട് ഫിലിമുകൾ കണ്ടു. സാധാരണക്കാരും സെലിബ്രിറ്റികളുമായ ഒരുപാട് പുതിയ സൌഹൃദങ്ങൾ സമ്പാദിച്ചു. ചക്കവിഭവങ്ങളും ഷാപ്പ് കറികളും ആവോളം ആസ്വദിച്ചു. തിന്നിട്ട് പണം തന്നാമ്മതി എന്ന് അവരെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിൽ സ്ഥിരം പറ്റുകാരനായി.

15
വിവിധ കലാകാരന്മാർ വരച്ച കാരിക്കേച്ചറുകൾ

ഇതൊരു തുടക്കം മാത്രമാണ്. ബിനാലെ പോലെ എല്ലാക്കൊല്ലവും കത്തിപ്പടരാൻ പോകുന്ന ഒരു പുസ്തകോത്സവമാണ് കൃതി. ഒരു കൊല്ലാം ദാ ഇങ്ങനങ്ങ് പോകും. വരും കൊല്ലം മുതൽ എല്ലാ സാഹിത്യകുതുകികൾക്കും പുസ്തകപ്രേമികൾക്കും സഹൃദയർക്കും നാല് ദിവസം ലീവെടുത്ത് എറണാകുളത്ത് വന്ന് തമ്പടിക്കേണ്ടി വരും. അത്രേം ലീവ് കരുതിവെച്ചോളൂ. അപ്പോൾ വീണ്ടും 2019-ൽ കണ്ടുമുട്ടാം.