കാസര്‍ഗോട്ടെ ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരം കിഴക്കുദിശയിലേക്ക് യാത്ര ചെയ്താല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത അനന്തപുര ക്ഷേത്രത്തിലെത്താം. കേരളത്തിലെ ഏക തടാകക്ഷേത്രമാണിത്. കടുശര്‍ക്കര കൊണ്ട് പ്രതിഷ്ഠ നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ മൂന്നേ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്ന്. തിരുവനന്തപുരത്തെ അനന്തപത്മനാഭ പ്രതിഷ്ഠയുടെ മൂലസ്ഥാനമാണിത് എന്നതാണ് മറ്റൊരു പ്രാധാന്യം.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കഥകളും ഐതിഹ്യങ്ങളുമൊക്കെ ഈ ക്ഷേത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. അമ്പലപ്രാവുകള്‍ കുറുകുന്ന ശബ്ദമൊഴിച്ചാല്‍ നിശബ്ദത തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷമായതുകൊണ്ടായിരിക്കണം, ചുരുക്കം ചില ദേവാലയങ്ങളില്‍ മാത്രം അനുഭവപ്പെടാറുള്ള ദൈവസാന്നിദ്ധ്യം അവിടെയുമുണ്ടെന്ന് എനിക്ക് തോന്നിയത്.