അനുഭവം

മനോജുമാർ സൂക്ഷിക്കുക!


11
ദൈവങ്ങളുടെ പേര് പോയിട്ട്, പര്യായം പോലും സിനിമയിലെ കഥാപാത്രങ്ങൾക്ക് ഇടാൻ പാടില്ല എന്നാണല്ലോ സെൻസർ ബോർഡും കോടതിയും ചേർന്ന് തീർപ്പാക്കിയിരിക്കുന്നത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ, സ്വന്തം പേര് ദൈവത്തിൻ്റെ പേരായതിൻ്റെ ആശങ്ക പങ്കിടുന്ന പലരേയും ഓൺലൈനിൽ കണ്ടു.

ഇതേ ആശങ്കയിലൂടെയാണ് ഞാനും കടന്ന് പോകുന്നത്. നിരക്ഷരനായ ഈയുള്ളവൻ്റെ പൂർവ്വാശ്രമത്തിലെ ‘മനോജ് ‘ എന്ന പേരിന് നാളെ എന്തെല്ലാം ഭീഷണികൾ ഉണ്ടാകുമെന്ന് കണ്ടറിയണം.

മനോജ് എന്ന പേരിന് ഏത് ദൈവവുമായാണ് ബന്ധം എന്ന് ആരും നെറ്റി ചുളിക്കണ്ട; വിശദമാക്കാം.

മനോജ് എന്നാൽ മനസ്സിൽ ജനിച്ചവൻ.

ആരുടെ മനസ്സിൽ ജനിച്ചവൻ?

മറ്റാരുടേയുമല്ല…സ്രഷ്ടാവായ ബ്രഹ്മാവിൻ്റെ മനസ്സിൽ!

എന്നുവെച്ചാൽ ബ്രഹ്മാവിൻ്റെ മാനസ പുത്രൻ!

ഹിന്ദു പുരാണം പ്രകാരം ബ്രഹ്മാവിന് ഒരേയൊരു മാനസ പുത്രനാണ് ഉള്ളത്.

അത് മറ്റാരുമല്ല…..

അത് പറയാൻ അൽപ്പം വൈക്ലബ്യമുണ്ട് സുഹൃത്തുക്കളേ. സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന പരിപാടിയാണ്. എന്നാലും നിലവിലെ സാഹചര്യത്തിൽ അത് പറയാതിരിക്കാനും വയ്യ.

ബ്രഹ്മാവിൻ്റെ മാനസപുത്രനാണ്….

അത് മറ്റാരുമല്ല….

അയാൾ അൽപ്പം പ്രശ്നക്കാരനാണ്…

അത് അയാൾ തന്നെയാണ്….

അയാളുടെ പേരാണ്…..മന്മഥൻ അഥവാ കാമദേവൻ.

വാൽക്കഷണം:- ലോകത്തിൽ ആദ്യമായി LIC ഏജൻ്റ് പേരിടുന്നത് എനിക്കാണ്. പോളിസി പിടിപ്പിക്കണമെങ്കിൽ കുരുപ്പിന് ഒരു പേര് വേണമല്ലോ. ആ കർമ്മം ഏജൻ്റ് അങ്ങ് നിർവ്വഹിച്ചു. എന്നാലും എൻ്റെ LIC ഏജൻ്റേ… ഇമ്മാതിരി 8ൻ്റെ പണി ശത്രുക്കൾക്ക് പോലും കൊടുക്കരുത്.

ചിത്രം:- മൈസൂർ കോയമ്പത്തൂർ റൂട്ടിൽ എവിടെയോ ഭാഗിക്ക് ഒപ്പം.