ആദരാഞ്ജലി

യഥാർത്ഥ ഇന്ത്യ ഇതാണ്


ww
ഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ അലയൊളികൾ അടങ്ങുന്നതിന് മുൻപുതന്നെ ഏറെ സങ്കടപ്പെടുത്തുകയും അതേ സമയം കുറച്ചെങ്കിലും പ്രതീക്ഷ നൽകുകയും ചെയ്യുന്ന രണ്ട് വാർത്തകളുണ്ട്.

സങ്കടവാർത്ത:- ജയ്പൂരിലെ ഒരു സ്‌കൂളിൽ, ഉയര്‍ന്ന ജാതിക്കാര്‍ക്കായി നീക്കിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്‍റെ പേരില്‍ അദ്ധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ചു. ജാതിയിൽ വലിയവരെന്ന് കരുതുന്ന ഏഭ്യന്മാർക്ക് വേണ്ടി വെള്ളം നീക്കി വെക്കുന്നു പോലും! ആ വെള്ളം എടുത്ത് കുടിച്ചതിന് അദ്ധ്യാപകൻ എന്ന പദവിയിലിരിക്കുന്ന ഒരു മഹാൻ തൻ്റെ വിദ്യാർത്ഥിയെ തച്ച് കൊല്ലുന്നത്രേ! 75 വർഷം കഴിഞ്ഞപ്പോൾ, ആർക്ക് ആരിൽ നിന്നും എന്തിൽ നിന്നുമാണ് സ്വാതന്ത്ര്യം കിട്ടിയത് ഹേ ?!

പ്രതീക്ഷ നൽകുന്ന വാർത്ത:- ഈ സംഭവത്തിൽ മനം നൊന്ത് കോൺഗ്രസ്സ് MLA പനംചന്ദ് മെഹ്വാൽ രാജി വെച്ചു. “സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരിപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. ആ അടിച്ചമര്‍ത്തലിനെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നു“….. എന്ന് പനംചന്ദ് മെഹ്‌വാള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

അധികാരത്തിൻ്റെ രുചിയറിഞ്ഞുകഴിഞ്ഞാൽപ്പിന്നെ എങ്ങനേയും അതിൽ കടിച്ച് തൂങ്ങിക്കിടക്കണമെന്ന് മാത്രം ആഗ്രഹിക്കുന്ന ജനപ്രതിനിധികൾ എമ്പാടുമുള്ള രാഷ്ട്രത്തിലെ, ഒരു MLAയെങ്കിലും തൻ്റെ സ്ഥാനം ഇട്ടെറിഞ്ഞ് പ്രതിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമായിരിക്കാമെങ്കിലും, ശരിക്കും പ്രതീക്ഷയുണർത്തുന്നു.

ദളിത് രാഷ്ട്രപതി ദ്രൗപദി മുർമു ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാൻ അക്ഷമനായി കാത്തിരിക്കുന്നു.

വാൽക്കഷണം:- ചിത്രത്തിലുള്ളത്, അടികൊണ്ട് കണ്ണുവീർത്ത് ശ്വാസം നിലച്ചുപോയ ആ കുരുന്നിന്റെ ചിത്രം തന്നെ. അവനെ ദേശീയ പതാകയോട് ചേർത്ത് തന്നെ പിടിക്കണം അന്ത്യയാത്രയിലെങ്കിലും.