പ്രളയം 2018

ഡാം തകർന്നാൽ മലയാളിക്ക് പുല്ലാണ് !


88

രു ചീള് ഡാം പൊളിഞ്ഞ് വെള്ളം പൊങ്ങിയാൽ മലയാളിക്ക് പുല്ലാണ്, പുല്ല്.

ഡാമുകൾക്കെന്തെങ്കിലും ജലദോഷം അഥവാ വന്നാൽത്തന്നെ ഞങ്ങള് പച്ചയും ഓറഞ്ചും ചുവപ്പും അലർട്ടുകൾ ഞങ്ങൾടെ സൗകര്യം പോലെ പുറപ്പെടുവിക്കും. ഒന്നോ രണ്ടോ ഷട്ടറ് തുറന്ന് ഇത്തിരി വെള്ളം പതപ്പിച്ച് വിടും. ഞങ്ങൾക്ക് സൗകര്യമുള്ളപ്പോൾ വീട്ടീന്ന് ഒഴിഞ്ഞ് പോകും. എല്ലാം കൈവിട്ട് പോകുമ്പോൾ, തീരദേശത്തു നിന്ന് ഞങ്ങൾടെ സ്വന്തം മത്സ്യബന്ധനസേന വള്ളങ്ങളുമായി പാഞ്ഞു വന്ന് മുതുക് ചവിട്ടുപടിയാക്കി രക്ഷിക്കും. നാസാദ്വാരങ്ങളിലേക്ക് വെള്ളം കയറാൻ പോകുന്ന അവസാന നിമിഷം പട്ടാളത്തിന്റെ ഹെലിക്കോപ്റ്ററിൽ കേറി ഏതെങ്കിലുമൊരു ക്യാമ്പിലേക്ക് പോകും. ചിലപ്പോൾ ഹെലിക്കോപ്റ്ററിന്റെ ഒരു പടം മൊബൈലിൽ എടുത്ത ശേഷം പട്ടാളക്കാരെ തിരിച്ച് വിടും. ഞങ്ങൾടെ ആഗോള സൈബർ സൈന്യം കാണാമറയത്തിരുന്ന് കീ ബോർഡ് വഴി ഇപ്പറഞ്ഞ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സൂര്യൻ ഉച്ചിയിലെത്തിയാലും, ആപ്പീസിലെത്താത്ത ഉദ്യോഗസ്ഥന്മാർ പോലും രാപ്പകലില്ലാതെ ഓടിനടന്ന് പണിയെടുക്കം.

വെള്ളമിറങ്ങുമ്പോൾ, ചെളി കോരി മാറ്റിയ വീടുകളിലേക്ക് പാട്ടും പാടി ഞങ്ങൾ തിരിച്ച് പോകും. ബാക്കിവന്ന ചെളി പാർട്ടി തിരിഞ്ഞും മതം തിരിച്ചും പരസ്പരം വാരിയെറിയും. കപ്പല് വഴിയും തീവണ്ടി വഴിയും വിമാനം വഴിയും റോഡ് വഴിയും ദുരിതാശ്വാസ സാമഗ്രികൾ മലയാളത്തിലേക്ക് ഞങ്ങളൊഴുക്കും. അതെല്ലാം തുറമുഖങ്ങളിൽ കെട്ടിക്കിടന്നാലും ഞങ്ങള് മൈൻഡ് ചെയ്യില്ല.

മുഖ്യന്റെ ദുരിതാശ്വാസഫണ്ടിൽ ഞങ്ങൾ കോടികൾ കുത്തിനിറയ്ക്കും. ഒരു മാസത്തെ ശബളം, പോട്ട് പുല്ലെന്ന് വെക്കും. ഇതൊന്നും പോരാഞ്ഞ് ഉടുതുണിക്ക് മറുതുണി പോലുമില്ലാത്ത മുഴുപ്പട്ടിണിക്കാർ റോഹിഗ്യകൾ പോലും കുടുക്ക പൊട്ടിച്ച ചില്ലറകൾ കേരള മുഖ്യമന്ത്രിക്കയച്ച് കൊടുക്കും. ലോകബാങ്ക് ഉദാര വായ്പകൾ പലിശ കുറച്ച് തരും.

ഇങ്ങനിങ്ങനെ ഞങ്ങള് ലോക മലയാളികളെല്ലാം കൂടെ, ജാതീം മതോം പാർട്ടിയുമൊക്കെ നോക്കാതെയാണെന്ന് പ്രത്യക്ഷത്തിൽ ആരും ധരിക്കുന്ന കണക്കിന്, പുഷ്പം പോലെ കൈപിടിച്ചുയർത്തും. പുതിയ കേരളം തന്നെ ഉണ്ടാക്കും. ലോകമതിനെ മാതൃകയെന്ന് വാഴ്ത്തും; ചരിത്രമെന്ന് ഞങ്ങള് നെഗളിക്കും.

രണ്ടാഴ്ച്ച; രണ്ടേ രണ്ടാഴ്ച്ച കൊണ്ട്, കൈവിട്ട് പോയ അഹങ്കാരവും ധാർഷ്യവും തിരിച്ച് പിടിച്ച് മലയാളി പഴേ മലയാളിയായി നെഞ്ച് വിരിച്ച് പൂർവ്വാധികം ഭംഗിയായി ബിവറേജസിൽ ക്യൂ നിൽക്കും. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ടാടും. ഓൺലൈൻ ട്രോളുത്സവങ്ങൾ പഴയപടി ആഘോഷമാക്കും. പുഴയോരങ്ങൾ വെട്ടിപ്പിടിക്കും. പശ്ചിമഘട്ടം ഇടിച്ച് നിരത്തും. മാലിന്യങ്ങൾ പുഴയിലേക്ക് തന്നെ തള്ളും.

ഡസൺ കണക്കിന് ഡാം ഒരുമിച്ച് തുറന്ന് വിട്ടിട്ട് മലയാളി കുലുങ്ങിയിട്ടില്ല. അങ്ങനുള്ള മലയാളിയെ, ഓഞ്ഞ ഒരു ഡാമിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കാൻ നോക്കുന്നോ? അടുത്ത വണ്ടിക്ക് സ്ഥലം കാലിയാക്കാൻ നോക്ക്. ചെല്ല് ചെല്ല്.

#KeralaFloods2018