പ്രളയം 2018

ദുരിതാശ്വാസം / നഷ്ടപരിഹാരം ലഭിക്കാൻ ?


ദുരന്തം ഉണ്ടായപ്പോൾ ക്യാമ്പുകളിൽ ചെന്ന് രജിസ്റ്റർ ചെയ്ത് അവിടെ കഴിയാതെ, സ്വന്തം നിലയ്ക്ക് രക്ഷപ്പെട്ട് ബന്ധുക്കളുടെ വീടുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ പോയവർക്ക്, ദുരിതാശ്വാസം അഥവാ ദുരന്തത്തിന്റെ പേരിലുള്ള നഷ്ടപരിഹാരം നഷ്ടമാകുമോ എന്ന ആശങ്ക പലരിലും കടന്നുകൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.

ഈ വിഷയത്തിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലുള്ളതും അപൂർണ്ണവുമായ സന്ദേശങ്ങൾ ഓൺലൈൻ സമൂഹത്തിൽ പ്രചരിക്കുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിൽ കളൿടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി സംസാരിച്ച് മനസ്സിലാക്കിയ ചില വിവരങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഇപ്പറയുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ ഇങ്ങനെയൊന്ന് പ്രചരിപ്പിച്ചതിന്റെ പേരിൽ നിയമനടപടി നേരിടാൻ ഞാൻ ബാദ്ധ്യസ്ഥനാണെന്ന പൂർണ്ണബോദ്ധ്യമുള്ളതുകൊണ്ട് അന്വേഷിച്ച് ഉറപ്പ് വരുത്തിയ കാര്യങ്ങളാണ് തുടർന്ന് പറയുന്നത്. ആവശ്യമെങ്കിൽ എനിക്ക് ഈ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥന്മാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ബാദ്ധ്യസ്ഥനാണ്, തയ്യാറുമാണ്.

ദുരന്തം ഉണ്ടാകുമ്പോൾ സർക്കാർ ആരംഭിക്കുന്ന ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും, നഷ്ടപരിഹാരത്തിന് അർഹനായ ഒരാൾക്ക് അത് തീർച്ചയായും കിട്ടുന്നതാണ്. ദുരന്തപ്രശ്നങ്ങൾ എല്ലാം തീർന്നതിന് ശേഷം വില്ലേജ് ഓഫീസർക്ക് ഒരു അപേക്ഷ കൊടുത്താൽ അദ്ദേഹം അന്വേഷണം നടത്തി ബോദ്ധ്യപ്പെട്ടാൽ അവകാശമുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

എന്നിരുന്നാലും, വില്ലേജ് ഓഫീസർ ഫസ്റ്റ് ഹാൻഡ് റിപ്പോർട്ട് തയ്യാറാക്കുന്നത്, ക്യാമ്പിലുള്ളവരുടെ കണക്കുകളും വിവരങ്ങളും വെച്ചാണെന്നുള്ളതുകൊണ്ട് ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, വില്ലേജ് ഓഫീസർ അദ്ദേഹത്തിന് കിട്ടുന്ന അപേക്ഷകൾ പരിശോധിച്ച് നടപടി എടുക്കുന്നതിന്റേയും കടലാസുകൾ നീങ്ങുന്നതിന്റേയും കാലതാമസം ഒഴിവാക്കപ്പെടുമെന്ന് മാത്രം.

ക്യാമ്പുകളിൽ ചെന്ന് പേര് രജിസ്റ്റർ ചെയ്തശേഷം സ്വന്തം നിലയ്ക്ക് മാറിത്താമസിക്കാൻ താൽ‌പ്പര്യമുള്ളവരും നിലവിൽ അങ്ങനെ മാറിത്താമസിക്കുന്നവരും, ‘ദുരന്തബാധിതൻ, പക്ഷേ ക്യാമ്പിൽ താമസിക്കുന്നില്ല‘ എന്ന വിഭാഗത്തിൽ കൃത്യമായി പേര് രജിസ്റ്റർ ചെയ്താൽ ക്യാമ്പിലെ ഭക്ഷണത്തിന്റേയും സൌകര്യങ്ങളുടേയും ബാദ്ധ്യത ക്യാമ്പ് നടത്തുന്നവർക്ക് ഒഴിവായിക്കിട്ടുകയും ചെയ്യും. നഷ്ടപരിഹാരം കിട്ടാൻ വേണ്ടി മാത്രം, മറ്റ് സൌകര്യങ്ങൾ ഉണ്ടെങ്കിലും ക്യാമ്പിൽ ആരും തുടരണമെന്നില്ല.

ഒരു ദുരന്തം ഉണ്ടാകുമ്പോൾ യാതൊരു തരത്തിലും അത് ബാധിച്ചിട്ടില്ലാത്തവർ ക്യാമ്പിൽ ആദ്യമേ പേര് രജിസ്റ്റർ ചെയ്യുകയും അവിടെ ജീവിക്കുകയും നഷ്ടപരിഹാരം നേടിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ ദുരന്തങ്ങൾക്കൊപ്പം കാലാകാലങ്ങളായി സംഭവിക്കുന്ന ദുരന്തങ്ങൾ തന്നെയാണ്. പാർട്ടിക്കാരുടേയും ഉദ്യോഗസ്ഥന്മാരുടേയുമൊക്കെ വേണ്ടപ്പെട്ടവരും ഇഷ്ടക്കാരുമൊക്കെ ഇത്തരത്തിൽ അന്യായമായി നഷ്ടപരിഹാരം നേടിയെടുത്ത സംഭവങ്ങളും കഥകളുമൊക്കെ ഓരോ ദുരന്തങ്ങളുമായി ചേർന്ന് ഒരെണ്ണമെങ്കിലും സംഭവിച്ചിട്ടുമുണ്ടാകാം. അങ്ങനെ അന്യായമായി നഷ്ടപരിഹാരം തട്ടിയെടുക്കുന്നവരെ വിവരാവകാശം വഴി തുറന്ന് കാട്ടാനും സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള സൌകര്യം ഇന്നത്തെക്കാലത്ത് ഉണ്ടെന്നുള്ളതുകൊണ്ട്, തട്ടിപ്പുകാർ അത്തരം നടപടികളിൽ നിന്ന് പിൻ‌വാങ്ങുന്നതായിരിക്കും നല്ലത്. ‘ഊളകൾക്കെന്ത് ഉളുപ്പ്’ എന്നൊരു നാടൻ ചൊല്ല് ഈയിടെ കേൾക്കാനിടയായി. അങ്ങനെയുള്ളവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. എന്നിരുന്നാലും അറിയാനായ കാര്യങ്ങൾ പങ്കുവെച്ചെന്ന് മാത്രം.

വാൽക്കഷണം:- മഴ ഒന്ന് മാറിനിന്നിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ പ്രളയത്തിന്റെ പ്രശ്നങ്ങളും തീവ്രതയും കഴിഞ്ഞെന്ന് കരുതാനായിട്ടില്ല. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തെപ്പറ്റി ചിന്തിക്കാനും ആയിട്ടില്ല. കൂടുതൽ നഷ്ടങ്ങൾ ആർക്കും വരാതിരിക്കട്ടെ എന്നും, നഷ്ടം സംഭവിച്ചവർക്ക് തന്നെ ന്യായമാ‍യ നഷ്ടപരിഹാരങ്ങൾ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.