GIE (Malayalam)

അവിചാരിതമായ വഴികളിലൂടെ….


2
റണാകുളത്ത് നിന്ന് ഇടപ്പള്ളിക്ക് പോകുമ്പോൾ, മണപ്പാട്ടിപ്പറമ്പ് കവലയിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ക്യാമ്പസ് എന്നും കാണുന്നതാണ്. പക്ഷേ അതിനകത്തുള്ള ലോകം എന്നെങ്കിലും കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെയൊരു ആവശ്യം ഒരു സാധാരണക്കാരന് ഉണ്ടാകുന്നില്ലല്ലോ.

ഇന്നലെ (21.02.2025) പക്ഷേ അതിനും അവസരം ലഭിച്ചു.

ലോക മാതൃഭാഷാ ദിനം പ്രമാണിച്ച്, ഒന്നരമണിക്കൂർ നീളുന്ന ഒരു പരിപാടി RBI ഉദ്യോഗസ്ഥർക്ക് മാത്രമായി അതിനകത്ത്. അതിലേക്ക് ക്ഷണം വന്നത് സുഹൃത്ത് പ്രിയ Priya Patnaik വഴിയാണ്.
നായ മണം പിടിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ ആ ക്യാമ്പസിന് അകത്ത് കാലുകുത്താൻ പറ്റൂ. ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു അനുഭവം.

പരിപാടിക്ക് ശേഷം RBIയ്ക്ക് വേണ്ടി, ജനറൽ മാനേജർ, ശ്രീ. ടി.വി. റാവു സമ്മാനിച്ച 75രൂപയുടെ സ്മരണികാ നാണയത്തിന്റെ കാര്യം സൂചിപ്പിക്കാനാണ് മുഖ്യമായും ഈ കുറിപ്പ്. എന്നെപ്പോലെ ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച സമ്മാനമാണത്.

1945ൽ സ്ഥാപിതമായ, UNൻ്റെ പ്രത്യേക ഏജൻസിയായ FAOൻ്റെ (Food & Agricultural Organization) 75-)ം വാർഷികം പ്രമാണിച്ച് 16 ഒക്ടോബർ 2020ൽ പുറത്തിറക്കിയതാണ് ഈ 75രൂപാ നാണയം.
ഇത്തരം നാണയങ്ങൾ ലിമിറ്റഡ് എഡിഷൻ ആയിരിക്കുമെന്ന് നാണയങ്ങൾ ശേഖരിക്കുന്നവർക്ക് തീർച്ചയായും അറിയുന്നതാണ്. പുറത്തിറങ്ങുന്ന സമയത്ത് കാലേക്കൂട്ടി ബുക്ക് ചെയ്യുന്ന കുറച്ച് പേർക്ക് ലഭിക്കും. പിന്നെ അത് സ്റ്റോക്ക് ഉണ്ടാകാൻ സാദ്ധ്യത RBI പോലുള്ള സ്ഥാപനങ്ങളിൽത്തന്നെ ആണ്. പുറത്തിറങ്ങി 5 വർഷത്തിന് ശേഷം അത്തരമൊരു നാണയം കിട്ടി എന്നുള്ളതിൽ എനിക്ക് എത്രത്തോളം സന്തോഷം ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?!

നാണയത്തിന്റെ Print ചെയ്ത മൂല്യം 75 രൂപ ആണെങ്കിലും, 35 ഗ്രാം തൂക്കമുള്ള ഈ നാണയത്തിൽ 50% വെള്ളിയാണ്. അതായത് 17.5 ഗ്രാം വെള്ളി!

ബാക്കി 40% ചെമ്പ്, 5% നിക്കൽ, 5% സിങ്ക്. എന്ന് വെച്ചാൽ, അത് വെറുമൊരു 75 രൂപ നാണയം അല്ല. ലോഹങ്ങളുടെ വിലയും ചേർത്ത് കണക്ക് കൂട്ടിയാൽ കിട്ടുന്നതിലും പതിന്മടങ്ങ് മൂല്യമാണ് ഞാൻ അതിന് നൽകുന്നത്. എന്റെ നാണയ ശേഖരത്തിലെ ഏറ്റവും ഉൽകൃഷ്ടമായ നാണയം എന്ന പദവി ഇന്നലെ മുതൽ ഈ 75രൂപാ നാണയം കൈയടക്കിയിരിക്കുന്നു.

ഇതെല്ലാം യാത്രകൾ കൊണ്ടുവന്ന് തന്ന സൗഭാഗ്യമാണ്. ഒരു വഴിക്ക് പുറപ്പെട്ടിട്ട് ഏതെല്ലാം വഴികളിലാണ് ചെന്ന് നിൽക്കുന്നതെന്ന് നോക്കൂ.

നന്ദി RBI. നന്ദി റാവു സർ, നന്ദി മധുശ്യാം, നന്ദി പ്രിയ. സാകൂതം എന്നെ കേട്ടിരുന്ന, ചോദ്യങ്ങൾ കൊണ്ട് അതിശയിപ്പിച്ച ഒരോ RBI ഉദ്യോഗസ്ഥർക്കും നന്ദി.