GIE (Malayalam)

സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം 2025, കൊടിയിറങ്ങി


19d
സുന്ദര മൂർത്തി നായനാരുടെ യാത്രാപഥങ്ങൾ തേടിയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും അനുചരരും നാട്ടുകാരുമായ തമിഴർ 91 വർഷം മുൻപ് കൊടുങ്ങല്ലൂരിൽ എത്തിയത്. അതായത് സ്വാതന്ത്ര്യത്തിനും ഏറെ വർഷങ്ങൾക്ക് മുൻപ്. യാത്രാസൗകര്യവും വെള്ളവും വെളിച്ചവും ഭക്ഷണവും താമസസൗകര്യവും ഒന്നുമില്ലാതിരുന്ന ആ കാലം മുതൽ ഇന്നുവരെ അവരത് ഒരു ഉത്സവമാക്കി മാറ്റി. അതാണ് ‘സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം’.

കേരളക്കരയുടെ രാജനായിരുന്ന ചേരമാൻ പെരുമാളുമായുള്ള സൗഹൃദമാണ് സുന്ദര മൂർത്തി നായനാരെ കൊടുങ്ങല്ലൂരിൽ എത്തിച്ചത്. ശിവഭക്തർ ആയിരുന്ന രണ്ടുപേരും കൊടുങ്ങല്ലൂരിൽ വെച്ചാണ് സ്വർഗാരോഹണം ചെയ്തത് എന്നാണ് ഐതിഹ്യം. നായനാർ വെളുത്ത ആനയുടെ പുറത്തും പെരുമാൾ വെളുത്ത കുതിരയുടെ പുറത്തും സ്വർഗ്ഗാരോഹണം ചെയ്തു.

19b

17

സ്വർഗ്ഗാരോഹണ സമയത്ത് പാട്ടുകാരനും കവിയും ആയിരുന്ന നായനാർ കവിതകൾ എഴുതി താഴേക്ക് ഇട്ടു കൊണ്ടിരുന്നു. ആ കവിതകൾ വന്ന് വീണ മാകോതൈ കടപ്പുറം ആണ് ഇന്നത്തെ അഴീക്കോട് മുനക്കൽ കടപ്പുറം എന്ന് വിശ്വസിച്ചു പോരുന്നു.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിലും അഴീക്കോട് കടപ്പുറത്തുമായി 2 ദിവസം ആയിരക്കണക്കിന് തമിഴർ കർക്കിടകത്തിലെ ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ഈ ഉത്സവം ആഘോഷമാക്കുന്നു. 2025 ജൂലയ് 31, ആഗസ്റ്റ് 01 എന്നീ ദിവസങ്ങളിൽ ആയിരുന്നു ഈ വർഷത്തെ ഉത്സവം.

19a

18

കഴിഞ്ഞ രണ്ട് വർഷങ്ങളായി വളരെ താല്പര്യമുള്ള 20ൽ താഴെ സുഹൃത്തുക്കളെ ഒരു ടെമ്പോ ട്രാവലറിലും മുസിരീസ് പൈതൃക പദ്ധതിയുടെ ബോട്ടിലുമായി ഈ ഉത്സവത്തിൽ പങ്കെടുപ്പിച്ചിരുന്നു ഈയുള്ളവൻ.

നമ്മുടെ ഒരു പഴയ രാജാവിന്റെ പേരിലുള്ള ഉത്സവം ആയിട്ട് പോലും, നിർഭാഗ്യവശാൽ മലയാളത്തിലെ ഒരു ചാനലുകാരും ആയിരക്കണക്കിന് തമിഴ് പങ്കെടുക്കുന്ന ഈ ഉത്സവം സംപ്രേഷണം ചെയ്യാൻ താല്പര്യം കാണിക്കുന്നില്ല. കണ്ണ് നിറയെ കാണിക്കാനുള്ള രംഗങ്ങൾ; പറയാനുള്ള ചരിത്രവും ഐതിഹ്യവും ധാരാളം. പക്ഷേ ഹരം പിടിപ്പിക്കുന്ന പീഡന കഥകൾക്കിടയിൽ ഇത്തരം ഒരു ഉത്സവത്തിന് എന്ത് സാംഗത്യം, അതിന്റെ പിന്നിലുള്ള ചരിത്രത്തിന് എന്ത് പ്രാധാന്യം! പോരാത്തതിന് തമിഴർ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നവരും!

11

12

15

KTDC, DTPC എന്നിവർ വിചാരിച്ചാൽ ഈ ദിവസങ്ങളിൽ ടൂറിസം ഗംഭീരമാക്കി മാറ്റാൻ കഴിയും. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും തിരുവഞ്ചിക്കുളം ക്ഷേത്രത്തിലും അഴീക്കോട് കടപ്പുറത്തും നടക്കുന്ന ഉത്സവ പരിപാടികളുടെ ഇടവേളകളിൽ മുസിരീസ് പദ്ധതിയുടെ ചരിത്ര പ്രാധാന്യമുള്ള എല്ലാ ഇടങ്ങളും മ്യൂസിയങ്ങളും ജലമാർഗ്ഗവും റോഡ് മാർഗവും സന്ദർശിക്കാൻ അവസരം ഒരുക്കിയാൽ കാര്യങ്ങൾ ഗംഭീരമാകും അത്തരത്തിലാണ് ഞാനിത് ചെയ്തു പോന്നിരുന്നത്.

ഏതെങ്കിലും ഒരു ചാനലുകാരോ പ്രമുഖ പത്രങ്ങളോ വിശദമായി ഇതേപ്പറ്റി എഴുതുന്നതുവരെയോ സംരക്ഷണം ചെയ്യുന്നതുവരെയോ സുഹൃത്തുക്കളെ എല്ലാവർഷവും ഈ ഉത്സവം കാണിച്ച് പ്രചരിപ്പിക്കും എന്നതായിരുന്നു എന്റെ ഒരു വാശി. ഈ വർഷത്തോടെ പക്ഷേ ആ വാശി ഞാൻ ഉപേക്ഷിക്കുകയാണ്. നമ്മൾ മലയാളികളോ മലയാളം ചാനലുകാരോ ആ ഭാഗത്ത് ഇല്ലാത്തതാണ് ഒരു വിധത്തിൽ നല്ലത്. എത്ര ഭംഗിയായാണ് അതവർ ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത്. നിങ്ങൾ അങ്ങോട്ട് ചെന്നാൽ അത് അലങ്കോലമാവുകയേ ഉള്ളൂ. വിട്ട് നിൽക്കുന്നതാകും ഭംഗി.

16

14

19

പെരുമാളിനോടും നായനാരോടും വീണ്ടും കാണാമെന്ന് പറഞ്ഞ് ഉപചാരം ചൊല്ലിത്തന്നെയാണ് ഞാൻ പിരിഞ്ഞത്. പക്ഷേ ഇനി സംഘം ചേർന്ന് വരില്ല. ഒറ്റയ്ക്കായിരിക്കും എന്ന് മാത്രം. അക്ഷരമില്ലാത്തവൻ തോറ്റ് പോയിരിക്കുന്നു പെരുമാളേ. നിങ്ങളെപ്പോലുള്ള നല്ല രാജന്മാരെ ഈ നാട് അർഹിക്കുന്നില്ല.

വാൽക്കഷണം:- കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഈ ഉത്സവത്തിൽ എനിക്കൊപ്പം പങ്കെടുത്ത എല്ലാ സുഹൃത്തുക്കൾക്കും നിറയെ സ്നേഹം; നന്ദി. നിങ്ങൾ എടുത്ത ചില ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)