GIE (Malayalam)

മുകുന്ദ്ഗഡ് കോട്ട (കോട്ട # 81) (ദിവസം # 42 – രാത്രി 08:42)


11
രാവിലെ എന്നെ യാത്രയാക്കാൻ ദിലീപ് എത്തി. യാതൊരു മുൻ പരിചയവുമില്ലാത്ത ഞാനുമായി എന്തൊരു ഊഷ്മളമായ സൗഹൃദമാണ് അദ്ദേഹം പങ്കുവെക്കുന്നത്!

മണ്ടാവയിൽ നിന്നും 15 കിലോമീറ്ററേ ഉള്ളൂ മുകുന്ദ്ഗഡ് കോട്ടയിലേക്ക്. ഈ കോട്ട, കുന്നിന് മുകളിലോ മലയ്ക്ക് മുകളിലോ അല്ല. പൊതുവഴിയുടെ ഒരു വശത്താണ് നിലകൊള്ളുന്നത്. കോട്ടയിൽ എത്തിയപ്പോൾ അതിന്റെ വലിയ കവാടം അടഞ്ഞാണ് കിടക്കുന്നത്.
കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി നിന്നു. പെട്ടെന്ന് ഒരാൾ കോട്ടയുടെ കവാടം തുറന്ന് പുറത്തേക്ക് വന്നു. കോട്ടയുടെ കാര്യസ്ഥൻ ആകാതെ തരമില്ല. ഞാൻ അയാളുമായി സംസാരിച്ചു. സുരേന്ദ്രസിങ്ങ് ഷെഖാവത്ത് എന്നാണ് അദ്ദേഹത്തിന്റെ പേര്. കുട്ടികളെ സ്കൂളിൽ അയക്കുന്നതിന്റെ തിരക്കിലാണ്. അത് കഴിഞ്ഞ് തിരികെ വന്ന് കോട്ട തുറന്ന് കാണിച്ചു തരാം എന്ന് പറഞ്ഞു.

അധികം വൈകാതെ അദ്ദേഹം തിരികെ എത്തുകയും ചെയ്തു.

“കോട്ടയിൽ ആരെയും കയറ്റാൻ അനുമതിയില്ല. പക്ഷേ, താങ്കൾ രാജ്യത്തെ മുഴുവൻ കോട്ടകളും സന്ദർശിക്കുമ്പോൾ, ഞാൻ എങ്ങനെ ഈ കോട്ടയിൽ കയറ്റില്ല എന്ന് പറയും.”

അദ്ദേഹം എന്നെ കോട്ടയുടെ ഓരോ ഭാഗങ്ങളും കൊണ്ട് നടന്ന് കാണിച്ചു. കോട്ടയുടെ ഏറ്റവും മുകളിൽ നിന്ന് നോക്കിയാൽ മുകുന്ദ്ഗഡ് നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച്ച സാദ്ധ്യമാണ്. അല്പം ദൂരെ മാറി മണ്ടാവ നഗരവും കാണാം.

* 1710 നും 1750 നും ഇടയ്ക്ക് ഷേഖാവത്ത് രാജവംശത്തിലെ രാജാ മുകുന്ദ് സിംഗ് ആണ് ഈ കോട്ട നിർമ്മിച്ചത്.

* ഷഹബ്സർ എന്നായിരുന്നു മുകുന്ദ്ഗഡ് കോട്ടയുടെ ആദ്യത്തെ പേര്.

* ഗാനേലിവാൽ ഹവേലി, കനോഡിയ ഹവേലി, സറഫ് ഹവേലി എന്നിങ്ങനെ മൂന്ന് ഹവേലികളാണ് ഈ കോട്ടയുടെ പ്രധാന ആകർഷണം.

* സറഫ് ഹവേലി വഴി കയറി പോയാൽ കോട്ടയുടെ ഏറ്റവും ഉയരമുള്ള ഭാഗത്ത് ചെല്ലാം.

* മറ്റ് ഹവേലികളിലേക്ക് പ്രവേശനമില്ല. ഉടമസ്ഥൻ ദുർഗ്ഗാ പ്രസാദ് അഗർവാളിന്റെ കയ്യിലാണ് അതിന്റെ താക്കോൽ എന്നതാണ് കാരണം.

* നിലവിൽ, ഗനേലിവാൽ ഹവേലിയുടെ ഒരു ഭാഗം ഇടിച്ച് പൊളിച്ചുകൊണ്ടിരിക്കുന്നു. ഹോട്ടലായി നടത്തിപ്പോരുന്ന ഹവേലിയുടെ പുതുക്കിപ്പണിയൽ ആണ് നടന്നുകൊണ്ടിരിക്കുന്നത്.

* 48 മുറികളാണ് ഈ ഹവേലികളിൽ ഉള്ളത്. അതിനകത്ത് രാജകീയ പ്രൗഢിയുള്ള വലിയ കട്ടിലുകളും അലമാരകളും പൊടിപിടിച്ച് കിടക്കുന്നത് സങ്കടകരമായ കാഴ്ച്ചയാണ്.
മുകുന്ദ്ഗഡ് കോട്ട സന്ദർശനം പെട്ടെന്ന് കഴിഞ്ഞു. അടുത്തതായി, 25 കിലോമീറ്റർ മാറിയുള്ള ലക്ഷ്മൺഗഡ് കോട്ടയിലേക്ക് പോകാനായിരുന്നു ഉദ്ദേശം.

പക്ഷേ, രാവിലെ മുതൽ തോന്നിയിരുന്ന ഒരു പന്തികേട് അധികരിച്ചിരിക്കുന്നു. വല്ലാത്ത ശരീരം വേദന. സന്ധികളും പേശികളും വലിഞ്ഞു മുറുകുന്ന വേദന. നല്ല തലവേദനയും ചെറിയ പനിയും ഉണ്ട്.

ഈ അവസ്ഥയിൽ ഇന്ന് ഇനി യാത്ര ചെയ്താൽ ശരിയാവില്ല. കയ്യിൽ അത്യാവശ്യം എല്ലാത്തരം മരുന്നുകളും ഉണ്ട്. ഡോക്ടറെ വിളിച്ച് സംസാരിച്ച്, അതിൽ നിന്ന് കൃത്യമായ മരുന്ന് കഴിക്കണം. ബാക്കിയുള്ള സമയം വിശ്രമിക്കുക തന്നെ. ചുമർ ഉണ്ടെങ്കിൽ അല്ലേ ചിത്രം എഴുതാൻ പറ്റൂ. ലക്ഷ്മൺഗഡിലേക്കുള്ള വഴിയിൽ ആദ്യം കണ്ട ഒരു ഹോട്ടലിൽ ഭാഗിയെ നിർത്തി.

രാത്രി തണുപ്പുണ്ടെങ്കിലും പകല് വാഹനത്തിനകത്ത് കിടന്നാൽ വെന്തുപോകും. ആയതിനാൽ ഹോട്ടലിൽ മുറിയെടുത്തു. അപ്പോഴേക്കും എല്ലാ വേദനകളും കൂടി. നടക്കാൻ പറ്റുന്നില്ല എന്ന അവസ്ഥ. ഡെങ്കു ആണോ എന്ന് ഒരു സംശയമുണ്ട്. രണ്ട് പ്രാവശ്യം ഡെങ്കു വന്നിട്ടുള്ള ആളാണ് ഞാൻ. അന്നുണ്ടായ തരത്തിലുള്ള അതേ വേദനകൾ ആണ് ഇപ്പോൾ ഉള്ളത്.

മരുന്ന് കഴിച്ച് വൈകുന്നേരം വരെ കിടന്നുറങ്ങിയപ്പോൾ തെല്ല് ആശ്വാസമുണ്ട്. എങ്കിലും ഡെങ്കു ആണെങ്കിൽ സൂക്ഷിക്കണം. നാളെ ജയ്പൂരിലേക്ക് മടങ്ങിയാലോ എന്ന് ആലോചനയുണ്ട്. അവിടെച്ചെന്നാൽ മഞ്ജുവിന്റെ സഹായത്തോടെ രക്തപരിശോധന അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റും. എന്തായാലും അക്കാര്യം നാളെ തീരുമാനിക്കുന്നതാണ്.

ശുഭരാത്രി.