GIE (English)

ഇനി മടക്കയാത്ര


ർത്തൽ എന്ന സംഗീതോപകരണം വാങ്ങാൻ രാവിലെ (25 ഫെബ്രുവരി) ജയ്സൽമേഡ് കോട്ടയിലേക്ക് നടന്നു. സമയം എട്ട് മണി ആയിട്ടില്ല. കടകൾ തുറന്ന് വരുന്നതേയുള്ളൂ. ഒന്നാം ഗേറ്റിനകത്ത് ആദ്യത്തെ ബെഞ്ചിൽ കുറേ നേരം ഇരുന്നു. അവിടെയാണ് മഹേഷിന്റെ കട.

ജനത്തിരക്കില്ലാത്ത കോട്ടയുടെ പടങ്ങൾ എടുത്തു. ഈ യാത്രയുടെ കാര്യത്തിലും ഒരു തീരുമാനം എടുത്തു.

13

ചൂട് കൂടിക്കഴിഞ്ഞിരിക്കുന്നു. ആളില്ലാത്ത കോട്ടകളിൽ കറങ്ങി നടക്കുമ്പോൾ എന്തെങ്കിലും അത്യാഹിതം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ആയതിനാൽ കേരളത്തിലേക്ക് മടങ്ങുക തന്നെ. വറചട്ടിയിൽ നിന്ന് എരിതീയിലേക്കാണ് വരുന്നത് എന്നറിയാം. പക്ഷേ നിവൃത്തിയില്ലല്ലോ.

വീണ്ടും സെപ്റ്റംബറിൽ രാജസ്ഥാനിൽ എത്തി GIE തുടരുന്നതാണ്. അതിനിടയ്ക്ക് ഭാഗിയെ കൂട്ടിയും കൂട്ടാതെയും മറ്റ് യാത്രകൾ ഉണ്ടായിരിക്കുന്നതാണ്. അത് വഴിയെ പറയാം.

മഹേഷ് വന്ന് കട തുറന്ന് കർത്തൽ എടുത്ത് തന്നു. പോരാത്തതിന്, ഓടിപ്പോയി ജയ്സൽമേഡിലെ ധൻരാജ് ഭാട്ടിയ എന്ന ബേക്കറിയിലെ പ്രശസ്തമായ ലഡു, ഒരു ബോക്സ് വാങ്ങിത്തന്നു. ഞാൻ അതിശയിച്ചു. പല ദിവസങ്ങളിൽ ആ കടയ്ക്ക് മുന്നിൽ ഇരുന്നിട്ടുണ്ട്. മഹേഷുമായി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. മരുമഹോത്സവത്തിൻ്റെ പ്രോഗ്രാം ഷീറ്റ് അയച്ച് തന്നത് മഹേഷാണ്. ഒരു ഗൈഡ് ആകാൻ വേണ്ടി ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിക്കുന്നു ഈ ചെറുപ്പക്കാരൻ. എത്രയോ സഞ്ചാരികൾ വന്ന് പോകുന്ന സ്ഥലമാണ്. ലഡു വാങ്ങിത്തരാനും വേണ്ടിയുള്ള അടുപ്പവും സ്നേഹവും അയാൾക്കെന്നോട് തോന്നിയല്ലോ. എന്റെ കണ്ണ് നിറഞ്ഞത്, മടങ്ങുകയാണല്ലോ എന്ന ചിന്തകൊണ്ട് കൂടെ ആകാം.

12

അപ്പോഴേക്കും സഞ്ജയ് വിളിച്ചു. അയാൾ വിവിധ തരം കല്ലുകൾ എനിക്ക് സമ്മാനിച്ചു. ഞാൻ പോകുന്നതിൽ അയാൾക്ക് സങ്കടം. നാല് തവണയെങ്കിലും അയാളെനിക്ക് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്ന് തന്നിട്ടുണ്ട്. ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം വിളമ്പുകയും ചെയ്തു. തീർച്ചയായും എനിക്കുമുണ്ട് സങ്കടം. പക്ഷേ, ‘സഫറോം കാ സിന്തഗി’ ആണ്. ഒരിടത്തും അധികം തങ്ങാൻ പാടില്ല. സങ്കടം അധികരിക്കും.

15

അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു. മലപ്പുറത്ത് നിന്ന് ഷബീബ്  ആണ്. ഫേസ്ബുക്കിൽ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹം. ‘ജയ്സൽമേഡിൽ ഉണ്ട്, കാണാൻ പറ്റുമോ’ എന്നാണ് ചോദ്യം. റയിൽവേ സ്റ്റേഷൻ പരിസരത്ത് ചെന്ന് ഷഹീബിനേയും സുഹൃത്ത് അനീസിനേയും കണ്ടു. ഇതുവരെ ഞാൻ കണ്ടിട്ടില്ലെങ്കിലും യാത്രാസംബന്ധിയായും അല്ലാതെയും ഒരുപാട് സംസാരിച്ചിട്ടുള്ള മാലതിയുടെ  സുഹൃത്തുക്കളാണ് ഇവർ രണ്ടുപേരും. മാലതിയെ വീഡിയോ കോൾ ചെയ്ത് ഞങ്ങൾ എല്ലാവരും സംസാരിച്ചു. സഞ്ചാരികൾ എത്ര പെട്ടെന്നാണ് ബന്ധങ്ങൾ ഉണ്ടാക്കുന്നത്!

16

ജയ്സൽമേഡിൽ നിന്ന് എട്ടര മണിക്കൂർ ഡ്രൈവ് ചെയ്ത് ഉദയ്പൂരിൽ എത്തിയപ്പോൾ വൈകീട്ട് 6 മണി. സുനിൽ സാറിനെ കണ്ട് ഇതുവരെ RTDC ജനറൽ മാനേജർ എന്ന നിലയിലും അല്ലാതെയും ചെയ്ത് തന്ന എല്ലാ സഹായങ്ങൾക്കും നന്ദി പറഞ്ഞു. ഈ മാസം 29ന് അദ്ദേഹം വിരമിക്കുകയാണ്. സെപ്റ്റംബറിൽ വരുമ്പോൾ, എനിക്ക് ഔദ്യോഗിക സഹായങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല. അദ്ദേഹത്തിന് നല്ലൊരു വിശ്രമ ജീവിതം ആശംസിച്ചു.

14

ഇന്ന് (26 ഫെബ്രുവരി) വെളിച്ചം വീഴുന്നതേയുള്ളൂ. അരമണിക്കൂറിനുള്ളിൽ പുറപ്പെടാൻ പറ്റുമെന്ന് കരുതുന്നു. അഹമ്മദാബാദ്, സത്താറ, ഹൂബ്ലി, ബാംഗ്ലൂർ വഴി കൊച്ചിയിലെത്താൻ ഇനിയും 4 ദിവസം എടുക്കും. അതിനിടയിൽ സാധാരണ പോസ്റ്റുകളുമായി ഈ വഴി ഞാൻ വന്നേക്കാം.

ഈ യാത്രയുടെ വിവരണങ്ങൾ തൽക്കാലം ഇവിടെ അവസാനിക്കുന്നു. ഷോളുകളെപറ്റി സമീറിൽ നിന്ന് പഠിച്ചത് മാത്രമാണ് എഴുതാൻ ബാക്കിയുള്ളത്. അത് കൊച്ചിയിൽ എത്തിയ ശേഷം എഴുതാം.

ഇതുവരെ ഈ യാത്രയിൽ, വായന, കമന്റ്, ലൈക്ക്, ഷെയർ, എന്നിങ്ങനെ ഭാഗിക്കും എനിക്കും ഒപ്പം നിന്ന എല്ലാവർക്കും ഒരുപാട് നന്ദി, സ്നേഹം. ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നൽ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരുന്നത് നിങ്ങൾ ഒരോരുത്തരുമാണ്. അതൊരു ചെറിയ കാര്യമല്ല എനിക്ക്.

വാൽക്കഷണം:- കൈ കാണിച്ചിട്ടും ഭാഗിയിൽ ലിഫ്റ്റ് തരാൻ പറ്റാതെ പോയ നൂറുകണക്കിന് രാജസ്ഥാനികൾ എന്നോട് ക്ഷമിക്കുക. നിങ്ങൾക്ക് നേരേ ചൊവ്വേ കയറി ഇരിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു വാഹന സൗകര്യം അല്ലായിരുന്നു ഇത്. എന്റെ കിടപ്പിടം കൂടെ ആയതുകൊണ്ട് എനിക്ക് നിങ്ങളെ അവഗണിക്കേണ്ടി വന്നതാണ്. സദയം ക്ഷമിക്കുക.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#motorhomelife
#boleroxlmotorhome