ജയ്സൽമേഡ് ദൻസർ സ്റ്റേഡിയത്തിൽ ആയിരുന്നു മൂന്നാം ദിവസത്തെ മരുമഹോത്സവ് പരിപാടികൾ. അതിൽ ചിലത് ഇങ്ങനെ…
* ഇന്ത്യക്കാരും വിദേശികളും തമ്മിലുള്ള വടംവലി. (പുരുഷന്മാർ) 2- 0 ന് ഇന്ത്യ ജയിച്ചു.
* ഇന്ത്യക്കാരും വിദേശികളും തമ്മിലുള്ള വടംവലി. (സ്ത്രീകൾ) 2- 0 ന് വിദേശികൾ ജയിച്ചു.
* ഒട്ടകത്തെ തയ്യാറാക്കി ഓടിക്കൽ മത്സരം. അടിവസ്ത്രങ്ങൾ മാത്രം ഇട്ട് ട്രാക്കിൽ വരുന്ന ഒട്ടകക്കാരൻ, നിശ്ചിത ദൂരങ്ങളിൽ വെച്ചിരിക്കുന്ന മേൽവസ്ത്രങ്ങൾ ഓടിച്ചെന്ന് ഓരോന്നോരോന്നായി അണിഞ്ഞ്, തലപ്പാവ് കെട്ടി ഒട്ടകത്തിന്റെ മുകളിൽ ഇരിക്കാനുള്ള സംവിധാനങ്ങൾ അതിന്റെ മേൽ കെട്ടി വെച്ച്, മുകളിൽ കയറി അതിനെ ഓടിച്ച് അൽപ്പ ദൂരം പോകണം.
* ഒട്ടകത്തിനെ അണിയിച്ച് ഒരുക്കി കൊണ്ടുവന്നുള്ള മത്സരം. അണിഞ്ഞൊരുങ്ങിയ ഒട്ടകങ്ങളുടെ ചന്തം ഒന്ന് കാണേണ്ടതാണ്.
* അഞ്ചര കിലോഗ്രാം ഭാരമുള്ള റൈഫിൾ കറക്കിയും എറിഞ്ഞും ഇന്ത്യൻ നേവിയുടെ പ്രകടനം.
* കുടത്തിൽ വെള്ളവുമായി ദേശി വിദേശിസ്ത്രീകളുടെ ഓട്ടം. ഒന്നാം സ്ഥാനം ഇന്ത്യക്കാരിക്ക്, രണ്ടാം സ്ഥാനം വിദേശി വനിതയ്ക്ക്.
* ഒട്ടകപ്പുറത്തിരുന്ന് കളിക്കുന്ന പോളോ. ഫുട്ബോൾ ആണ് പന്തായി ഉപയോഗിക്കുന്നത്. നാട്ടുകാരും ബിഎസ്എഫ് ഉം തമ്മിലുള്ള കളി. 3-3ൽ സമനില. ടൈ ബ്രേക്കറിൽ 2-0ന് പട്ടാളക്കാർ ജയിച്ചു. അതിനിടയ്ക്ക് നാട്ടുകാരനും അയാളുടെ ഒട്ടകവും മറിഞ്ഞ് കെട്ടി വീണതും കാണേണ്ടി വന്നു.
* നാൽപ്പതോളം ഒട്ടകങ്ങളുടെ പുറത്ത് ബിഎസ്എഫ് ൻ്റെ മാർച്ച് പാസ്റ്റും അഭ്യാസപ്രകടനങ്ങളും. ശലഭാസനം, മയൂരാസനം, എന്ന് തുടങ്ങി ഓടുന്ന ഒട്ടകത്തിന്റെ പുറത്ത് ശീർഷാസനം വരെ ചെയ്യുന്നതും ഓടുന്ന ഒട്ടകത്തിന്റെ ഒരു വശത്ത് ശത്രു കാണാതെ മറഞ്ഞിരിക്കുന്നതും യന്ത്രത്തോക്ക് പ്രവർത്തിക്കുന്നതും എല്ലാം റിപ്പബ്ലിക് പരേഡിൽ കണ്ടിട്ടുണ്ടെങ്കിലും നേരിൽ കാണാനും അവസരമുണ്ടായി.
ഇതെല്ലാം മൈതാനത്ത് നടക്കുന്നത് കൊണ്ടും പലപ്പോഴും ക്യാമറയ്ക്ക് അഭിമുഖമായി സൂര്യൻ വരുന്നത് കൊണ്ടും ചിത്രങ്ങൾ എടുക്കാൻ സാധിച്ചില്ല.
സൈക്കിളിസ്റ്റ് രജനീഷിനെ സ്റ്റേഡിയത്തിൽ കണ്ടുമുട്ടി. രജനീഷ് നാളെ രജനീഷ് ജയ്സൽമേഡ് വിടുന്നു. നാല് ദിവസത്തിനകം രാജസ്ഥാനിൽ നിന്ന് ഹരിയാനയിലേക്കും പഞ്ചാബിലേക്കും പോകുന്നു. പകൽ ചൂട് വളരെക്കൂടിയെന്നും രാജസ്ഥാനിൽ അധിക ദിവസം തങ്ങാനാവില്ല എന്നുമാണ് രജനീഷ് പറയുന്നത്.
അപ്പറഞ്ഞത് എൻ്റെ കാര്യത്തിലും സത്യമാണ്. പകൽച്ചൂട് അധികരിച്ചിരിക്കുന്നു. ഈ വെയിലിൽ കോട്ട കാണാൻ നടക്കുന്നത് ബുദ്ധിയല്ല. പക്ഷേ, രാത്രിയും രാവിലെ 8 മണി വരെയും നല്ല തണുപ്പുണ്ട്.
എന്തായാലും നാലാം ദിവസം മരുഭൂമിയിലെ മരുമഹോത്സവ് ആഘോഷങ്ങൾക്ക് ശേഷം എൻ്റെ ഈ രാജസ്ഥാൻ യാത്രയുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും. അത് വഴിയെ അറിയിക്കാം.
രാത്രി പൂനം സ്റ്റേഡിയത്തിൽ ജാസ്സി ഗിൽ ബബ്ബൽ റായ് എന്നിവരുടെ സംഗീത പരിപാടി. ഞാൻ നിമാറാമിൻ്റെ ദരി സ്റ്റാളിൽ ഇന്നലെ തുടങ്ങി വെച്ച ദരിയുടെ നിർമ്മാണം ഏതുവരെ ആയെന്ന് അറിയാൻ ചെന്നു. പകൽ സ്റ്റാളിൽ സന്ദർശകർ ഉണ്ടായിരുന്നത് കൊണ്ട് പണി അൽപ്പം പോലും മുന്നോട്ട് നീങ്ങിയില്ല എന്നത് സങ്കടമായി.
ഇന്നലെ ഉണ്ടാക്കിയ ദരി വീഡിയോ നിമാറാമിനെ കാണിച്ച്, ദരി നിർമ്മാണം രണ്ട് മണിക്കൂർ അവിടെ ഇരുന്ന് കണ്ടശേഷം പറ്റുമെങ്കിൽ വർഷാവസാനം വീണ്ടും കാണാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
പകൽച്ചൂട് കാരണം താൽക്കാലികമായി ഈ പര്യടനം നിർത്തി വെച്ച് കേരളത്തിലേക്ക് മടങ്ങേണ്ടി വരുമോ എന്ന് നിലവിൽ ഞാൻ ദുഃഖിതനാണ്. നാളെ അക്കാര്യത്തിൽ തീരുമാനം ഉണ്ടാകും.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#DesertFestival2024
#motorhomelife
#boleroxlmotorhome