സാഹിത്യം

വായനാദിനത്തിൻ്റെ ബാക്കിപത്രം


33
ജൂൺ 19 വായനാദിനം കഴിഞ്ഞതോടെ, ‘വായനാ‘ദിനമാണോ ശരി ‘വായന‘ദിനമാണോ ശരി എന്നുള്ള ചർച്ചകൾ പലയിടത്തും കണ്ടു.

നേരിട്ട് അതിനുത്തരം പറയുന്നതിന് മുൻപ് മറ്റ് പല കാര്യങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. മലയാളത്തിൽ അങ്ങനെ എത്രയോ കാര്യങ്ങൾക്ക് തീർപ്പാകാതെയും തീർപ്പായും കിടക്കുന്നു!

അദ്ധ്യാപകൻ ആണോ അധ്യാപകൻ ആണോ ശരി എന്ന ചർച്ച നാളേറെയായി നമ്മൾ കാണുന്നതാണ്. എല്ലാവരും കൂടെ ഇപ്പോൾ അഭിപ്രായ സമന്വയത്തിൽ എത്തിയിരിക്കുന്നത് രണ്ടും ശരി എന്നാണ്. മാദ്ധ്യമവും മാധ്യമവും ശരിയാണ് എന്ന തീർപ്പും വന്നിട്ടുണ്ട്. എങ്കിൽപ്പിന്നെ ‘ദ്ധ‘ എന്ന കൂട്ടക്ഷരത്തിൻ്റെ ആവശ്യമെന്താണ്?

അച്ച് നിരത്തുന്നതിൻ്റെ സൗകര്യത്തിന് വേണ്ടി പത്രക്കാരാണ് ‘ദ്ധ‘ എന്ന അക്ഷരം ഒഴിവാക്കി ‘ധ‘ മതി എന്ന് തീരുമാനിച്ചത്, എന്നാണ് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞത്. മാദ്ധ്യമങ്ങൾ വിചാരിച്ചാൽ ഭാഷയിലുള്ള പരിവർത്തനങ്ങൾ എളുപ്പമാണെന്ന് സാരം.

എന്നാൽപ്പിന്നെ അവരെങ്കിലും നല്ല നിലയ്ക്ക് ഭാഷ ഉപയോഗിക്കണ്ടേ? വിദ്യാർത്ഥി എന്ന് തെറ്റില്ലാതെ പറയാൻ കഴിയുന്ന മാദ്ധ്യമപ്രവർത്തകർ ചുരുക്കമാണ്. വിത്ഥ്യാർത്ഥി, വിധ്യാർത്ഥി, വിത്യാർത്ഥി, വിഥ്യാർത്ഥി, വിഥ്യാർത്തി എന്നിങ്ങനെ പോകുന്നു ഉച്ചാരണങ്ങൾ. അൽപ്പം കടുപ്പിച്ച് പറഞ്ഞാലേ മാദ്ധ്യമപ്രവർത്തകർ ആകൂ എന്ന് മുൻവിധി ഉള്ളത് പോലെ. ഇവർ പറയുന്നത് കേട്ടല്ലേ പഴയ ജനങ്ങളും പുതുജനങ്ങളും പഠിക്കേണ്ടത്. നാളെ ‘വിദ്യാർത്ഥി’ ആണോ ‘വിഥ്യാർത്തി’ ആണോ ശരി, എന്ന് ചർച്ചകൾ വന്നാലും അത്ഭുതപ്പെടാനില്ല.

പരിപാടി അവതരിപ്പിക്കുന്ന വനിതയെ, അവതാരിക, അവതാരക എന്നിങ്ങനെ രണ്ട് തരത്തിൽ പറഞ്ഞാലും ശരിയാണ് എന്നാണ് പുതിയ കണ്ടുപിടുത്തം. (ആ ഇണ്ടാസിൻ്റെ ലിങ്ക് നോക്കിയിട്ട് കാണുന്നില്ല.) രഞ്ജിനി ഹരിദാസ് ഒരേസമയം അവതാരകയും അവതാരികയും ആകുന്നു എന്ന് ! അങ്ങനാണെങ്കിൽ പുസ്തകത്തിനുള്ളിൽ കാണുന്നതോ? അതിനെ അവതാരിക എന്ന് മാത്രം പറയണം എന്നുണ്ടോ ? രഞ്ജിനി ഹരിദാസ് എന്നോ അവതാരക എന്നോ അതിനേയും പറഞ്ഞോട്ടേ? വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് അങ്ങനേം പറയാം ഇങ്ങനേം പറയാം എന്ന് ഒത്തുതീർപ്പ് ആക്കുന്നതിലും ഭേദം തമിഴിനെ അനുകരിച്ചുകൂടെ?

മലയാളത്തിൽ ആവശ്യത്തിലധികം അക്ഷരങ്ങൾ ഉണ്ടെന്നുള്ളതും എന്നിട്ടത് നേരെ ചൊവ്വേ ഉപയോഗിക്കാൻ അറിയില്ല എന്നതുമാണ് പ്രധാന പ്രശ്നം. തമിഴിൽ അക്ഷരങ്ങൾ കുറവാണ്. ഒരേ അക്ഷരം തന്നെ സന്ദർഭത്തിന് അനുസരിച്ച് അവർ മാറ്റി ഉച്ചരിക്കും.

ഈയിടെ കാണാനിടയായ മറ്റൊരു പദമാണ് ‘വീണ്ടാമതും‘ ! ആദ്യം ഒരിടത്ത് വായിച്ചപ്പോൾ ഞെട്ടി. പിന്നെയത് സാർവ്വത്രികമായി കാണാൻ തുടങ്ങി. ‘വീണ്ടും‘ എന്ന് പറയുമ്പോൾ കിട്ടുന്നതിനേക്കാൾ വലിയ എന്ത് അനുഭൂതിയാണ് വീണ്ടാമതും എന്ന് പറയുമ്പോൾ കിട്ടുന്നത്? സ്റ്റൈൽ ആക്കാനോ ഹാസ്യരസപ്രദാനമാക്കാനോ വേണ്ടിയായിരിക്കാം പലരും ഈ പദം എഴുതുന്നത്. എനിക്ക് പക്ഷേ, അത് വായിക്കുമ്പോൾ ഓക്കാനമാണ് വരുക. അങ്ങനെയൊരു പദം ശബ്ദതാരാവലിയിൽ ഇല്ലെന്ന് മനസ്സിലാക്കുക. അങ്ങനെയൊരു പദമുണ്ടെന്ന് വരുംതലമുറ കരുതിയാൽ അതിനുത്തരവാദികൾ ഇന്ന് ആ പദം ഉപയോഗിക്കുന്നവർക്കാണ്.

“താളമൊരു മോക്ഷം
താളമൊരു രോക്ഷം.. “

എന്നൊക്കെ തകർത്ത് പോകുന്ന ഒരു പാട്ടുണ്ട് ഈയിടെ വന്ന ഒരു മലയാള സിനിമയിൽ. വയലാറും ഭാസ്ക്കരൻ മാഷുമൊക്കെ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ. ശ്രീകുമാരൻ തമ്പി സാർ ആ പാട്ട് കേൾക്കാത്തതുകൊണ്ടാവും ഇപ്പോഴും ജീവനോടെയിരിക്കുന്നത്. രൂക്ഷം എന്നൊരു പദമുണ്ട് മലയാളത്തിൽ; പക്ഷേ രോക്ഷം ഇല്ല. രോഷം ആണ് ശരിയായ പദം ന്യൂ ജെൻ കവീ, രോഷം രോഷം! ദയവു ചെയ്ത് രോഷം ആണോ രോക്ഷമാണോ ശരി എന്ന് ചോദിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് വളമിടരുത്.

തെറ്റായ കുറച്ച് ഇംഗ്ലീഷ് പദപ്രയോഗങ്ങൾ കൂടെ പറയാതെ പോകാൻ വയ്യ. മലയാള ഭാഷയെ നാശമാക്കിയത് പോരാഞ്ഞ് സായിപ്പിനേയും തുലക്കാൻ ഇറങ്ങിരിക്കുകയാണെന്ന് തോന്നും സ്ഥിരമായി ചില തെറ്റായ ഇംഗ്ലീഷ് പദപ്രയോഗങ്ങൾ കാണുമ്പോൾ.

പദം 1:- Bestest:- ബെസ്റ്റിനേക്കാൾ ഗംഭീരമാണെന്ന് കാണിക്കാനാവും ബെസ്റ്റെസ്റ്റ് എന്ന് പറയുന്നത്. Good, better, best എന്നൊക്കെ യു. പി. ക്ലാസ്സുകൾക്ക് മുൻപ് പഠിക്കുന്നതാണ്. നേരത്തേ പറഞ്ഞത് പോലെ ഹാസ്യവും സ്റ്റൈലും ഒക്കെ ആയിരിക്കാം ഈ പ്രയോഗത്തിന് പിന്നിലും. സൂപ്പർലെറ്റീവിനും മുകളിൽ പറയണമെങ്കിൽ ‘Better than the best’ എന്ന് സായിപ്പ് നിർദ്ദേശിക്കുന്നുണ്ട്. അങ്ങനെ പറഞ്ഞാൽ സ്റ്റൈലിന് വല്ല കുറവുമുണ്ടോ ? Bestest എന്നത് തെറ്റായതും informal ആയതുമായ പ്രയോഗമാണെന്ന് സായിപ്പ് തന്നെ പറയുന്നുണ്ട്.

പദം 2:- Medias:- മീഡിയം (medium) എന്ന ഏകവചനത്തിൻ്റെ ബഹുവചനം മീഡിയ (Media) ആണ്. നിങ്ങളതിൽ വീണ്ടും S ചേർത്ത് Medias ആക്കേണ്ടതില്ല. മീഡിയംസ് (Mediums) എന്ന് പറഞ്ഞാലും ശരിയാണ്. മീഡിയാസ് തെറ്റായ പ്രയോഗമാണ്. മാദ്ധ്യമപ്രവർത്തകർ പോലും തെറ്റിച്ച് പറയുന്ന ഒരു പദമാണിത്.

പദം 3:- Datas:- തെറ്റായ പദമാണത്. ഡാറ്റം (Datum) എന്ന ഏകവചനത്തിൻ്റെ ബഹുവചനമാണ് ഡേറ്റ (Data). പിന്നാലെ ഒരു S ചേർത്ത് നിങ്ങളതിനെ വീണ്ടും ബഹുവചനം ആക്കേണ്ടതില്ല. കോളേജിൽ എത്തുന്നത് വരെ ഞാനീ ഇംഗ്ലീഷ് പദം കേട്ടിട്ടില്ല. ഇന്നത് എൽ. പി. സ്ക്കൂളിൽ പഠിപ്പിക്കുന്നുണ്ടാകണം. നിത്യജീവിതത്തിൽ സാധാരണക്കാരൻ പോലും പറയുന്ന ഒരു ഇംഗ്ലീഷ് പദമായി മാറിയിരിക്കുന്നു അത്. ആയതുകൊണ്ട് തന്നെ അത് ശരിയായി ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. പത്രക്കാർ, ചാനലുകാർ, സിനിമാക്കാർ, സാഹിത്യകാർ എന്നിങ്ങനെയുള്ളവരാണ് ആദ്യം തിരുത്തപ്പെടേണ്ടത്. അവർ തെറ്റിച്ച് പറഞ്ഞാൽ പൊതുജനം കരുതും അതാണ് ശരിയെന്ന്. ഈയടുത്ത് കണ്ട ‘തലവൻ‘ എന്ന സിനിമയിൽ സിദ്ധിക്ക് അഭിനയിച്ച കഥാപാത്രം ‘ഡാറ്റാസ്‘ എന്ന് പറയുമ്പോൾ, സിദ്ധിക്കിനും ആ സിനിമയുടെ പിന്നാമ്പുറത്തുള്ള കഥാകാരനും, തിരക്കഥാകൃത്തിനും, അസിസ്റ്റൻ്റ് സംവിധായകനും സംവിധായകനും ഒന്നും ഇക്കാര്യം അറിയില്ല എന്ന് വേണം മനസ്സിലാക്കാൻ.

പദം 4:- ഒരു വീട് പണിയുടെ ചിട്ടവട്ടങ്ങളിൽ ആയതുകൊണ്ട് ടൈം ലൈനിൽ മുഴുവൻ വീട് പണിയാനുള്ള സാധനസാമഗ്രികളുടെ പരസ്യമാണ്. ഫർണ്ണീച്ചർ കടയുടെ പരസ്യത്തിൽ വരുന്ന സുന്ദരി പലവട്ടം പറയുന്നത് ഫർണ്ണീച്ചറുകൾ എന്നാണ്. Furniture, Children എന്നതൊക്കെ ബഹുവചനമാണെന്ന് ഇംഗ്ലീഷിലെ ആദ്യപാഠങ്ങളിൽ വരുന്ന കാര്യമാണ്. ഒരു പരസ്യം ഉണ്ടാക്കുന്നവർക്കും അതിൽ അഭിനയിക്കുന്നവർക്കും അതിൻ്റെ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നവർക്കുമടക്കം ഒറ്റയാൾക്ക് പോലും ഫർണ്ണീച്ചറുകൾ എന്ന പദപ്രയോഗം തെറ്റാണെന്ന് അറിയില്ലെന്നത് വലിയ കഷ്ടം തന്നെ. “നിങ്ങളാദ്യം തെറ്റില്ലാതെ ഫർണ്ണീച്ചർ എന്ന് പറഞ്ഞ് പഠിക്ക്. വാങ്ങുന്ന കാര്യം അതിന് ശേഷം ആലോചിക്കാം” എന്ന് അവിടെ കമൻ്റിടേണ്ടി വന്നു.

ഫ’ർണ്ണീ’ച്ചറിൻ്റെ കാര്യം പറഞ്ഞപ്പോളാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്. സ്ക്കൂൾ തലത്തിൽ മുഴുവൻ ‘പാർട്ടി‘ എന്നാണ് പഠിപ്പിച്ചത്. പിന്നെപ്പോഴോ ചില്ലക്ഷരം കഴിഞ്ഞാൽ ഇരട്ടിപ്പ് വേണ്ട എന്ന് ഭാഷയിൽ മാറ്റം വന്നു. ‘പാർടി‘ മതി പോലും! ആ നിയമം എന്നെയാരും സ്ക്കൂളിൽ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് ഞാനിപ്പോഴും സ്വർണ്ണം, മാർഗ്ഗം, പാർട്ടി, വർഗ്ഗം, ഫർണ്ണീച്ചർ, ഓർമ്മ എന്നൊക്കെത്തന്നെ എഴുതുന്നു.

ഇങ്ങനെയൊക്കെ പരിശോധിച്ചാൽ, വായനദിനവും വായനാദിനവും ശരിയാണെന്ന് ഭാഷാപണ്ഡിതന്മാരുടെ വ്യാഖ്യാനം വൈകാതെ വരാൻ സാദ്ധ്യയുണ്ട്. അതുവരെ, സൗകര്യം പോലെ ഉപയോഗിക്കുക തന്നെ.

മറുവശത്തുള്ളവന് കാര്യം മനസ്സിലാകണം എന്നതിനപ്പുറം ഒരു കാര്യവും ഏതൊരു ഭാഷയ്ക്കും ഇല്ലെന്ന് കരുതുന്നുണ്ടെങ്കിൽ പോലും, സാഹിത്യത്തിലും സിനിമകളിലും വാർത്താ മാദ്ധ്യമങ്ങളിലും ഭാഷ ശരിയായിത്തന്നെ ഉപയോഗിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ.

വാൽക്കഷണം:- നിരക്ഷരന് ഇതിലെന്ത് കാര്യം എന്ന് അൽപ്പം മുൻപ് എൻ്റെ ദാമു  ചോദിച്ചു. ഈ വഹ സംശയങ്ങളും ആശയക്കുഴപ്പങ്ങളും കൂടെ ചേർന്നാണ് ഞാനൊരു നിരക്ഷരനായിപ്പോയത് എന്നായിരുന്നു ദാമുവിന് കൊടുത്ത മറുപടി .