സാഹിത്യം

പുസ്തകദിന കുറിപ്പ്


777
ന്ന് ലോക പുസ്തകദിനം പ്രമാണിച്ച് സ്വന്തം പുസ്തകങ്ങളുടെ കാര്യം ആലോചിക്കുകയായിരുന്നു.

ആദ്യ പുസ്തകം ‘മുസിരീസിലൂടെ’ 2018ൽ ഇറങ്ങി, അധികം വൈകാതെ കോപ്പികളെല്ലാം വിറ്റ് പോയി. പിന്നീട് ആവശ്യക്കാർ ഉണ്ടായിട്ടും ഇതുവരെ മറ്റൊരു പ്രതി അച്ചടിച്ചിട്ടില്ല.

അതിന്റെ ഇംഗ്ലീഷ് പതിപ്പ് ‘Rediscovering Muziris’ തർജ്ജിമ ചെയ്ത് തയ്യാറാക്കിയത് ഐഷ ചേച്ചിയാണ്. ഈ രണ്ട് പുസ്തകങ്ങളും മുസിരീസ് മ്യൂസിയങ്ങളിലും നാഷണൽ ബുക്ക് സ്റ്റാളിലും (SPCS) വിൽപ്പനയ്ക്ക് വെച്ചിരുന്നു. പക്ഷേ അഞ്ച് പൈസ പോലും പുസ്തകം വിറ്റ് തീർന്നിട്ടും കിട്ടിയില്ല. CICC ബുക്ക്സ്റ്റാളിൽ വെച്ച് വിറ്റ കോപ്പികളുടെ പണമെല്ലാം കൃത്യമായി ശ്രീ. ജയചന്ദ്രൻ തരികയും ചെയ്തു.

മുസിരീസ് മ്യൂസിയത്തിൽ ഈ പുസ്തക വില്പനയുടെ ചുമതല ഉണ്ടായിരുന്ന നിക്സൺ എന്ന ചെറുപ്പക്കാരൻ ജോലി ഉപേക്ഷിച്ച് പോയത് കൊണ്ടാണ് പണം തരാൻ പറ്റാത്തതത്രേ! ഒരു സർക്കാർ സ്ഥാപനത്തിൽ ഒരാൾ ജോലി കളഞ്ഞ് പോയാൽ അതോടെ അയാൾ കൈകാര്യം ചെയ്യുന്നതെല്ലാം അവതാളത്തിൽ ആകുമെന്നത് എനിക്ക് പുതിയ അറിവാണ്. രണ്ടിടത്തേയും ചേർത്ത് മൊത്തത്തിൽ ₹20,000ന് മുകളിൽ നഷ്ടമായി. ഒന്ന് രണ്ട് പ്രാവശ്യം മുസിരീസ് ഓഫീസിൽ പലരോടും തിരക്കി. എല്ലാവരും കൈമലർത്തി. പിന്നെ ഞാനത് ഉപേക്ഷിച്ചു.

ഒരിക്കൽ സഹോദരൻ അയ്യപ്പൻ മ്യൂസിയത്തിൽ നിൽക്കുമ്പോൾ ബോട്ട് ഇറങ്ങി ടൂറിസ്റ്റുകൾക്കൊപ്പം വന്ന ഒരു ഗൈഡ് പെൺകുട്ടി എന്നെ തിരിച്ചറിഞ്ഞ് എൻ്റെയടുത്തെത്തി സംസാരിക്കാൻ തുടങ്ങി. ആ കുട്ടിക്ക് അവിടെ ഗൈഡായി ജോലി കിട്ടാൻ സഹായിച്ചത് മുസിരീസിലൂടെ എന്ന പുസ്തകമായിരുന്നു, എന്ന് പറഞ്ഞപ്പോൾ മനം കുളിർത്തു. അങ്ങനെയൊരു ഗുണമെങ്കിലും ആ പുസ്തകം കൊണ്ട് ഒരാൾക്കെങ്കിലും ഉണ്ടായല്ലോ.

എന്തുകൊണ്ടാണ് ഇപ്പോൾ ആ പുസ്തകം മുസിരീസ് മ്യൂസിയത്തിൽ വിൽപ്പനക്ക് ഇല്ലാത്തതെന്ന് ആ കുട്ടി അന്നെന്നോട് ചോദിച്ചു. പണം കിട്ടാതെ അത്രയധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ എനിക്ക് കള്ളനോട്ടടി ഇല്ലെന്നുള്ള മറുപടി അപ്പോൾ ഞാൻ വിഴുങ്ങുകയായിരുന്നു.

ആദ്യത്തെ പുസ്തകമായി ഞാൻ പദ്ധതിയിട്ടത് സത്യത്തിൽ വേറൊരു പ്രദേശത്ത് കൂടെയുള്ള യാത്രയാണ്. ആഴ്ചകളോളം ആ പുസ്തകത്തിന് വേണ്ടി ഞാൻ യാത്ര ചെയ്തിട്ടുണ്ട്. മാസങ്ങളോളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. പബ്ലിഷറും തയ്യാറായിരുന്നു. പാതി പൂർത്തിയായ ആ പുസ്തകത്തിന്റെ പേജുകളും പടങ്ങളും എൻ്റെ ക്ലൗഡിൽ ഇന്നും വിശ്രമിക്കുന്നു. അതിനി വെളിച്ചം കാണുമെന്ന് ഒരുറപ്പുമില്ല. അതിന്റെ പിന്നിൽ സൗഹൃദത്തിൽ പൊതിഞ്ഞ സ്വാർത്ഥതയുടെ രസകരമായ ഒരു കഥയും, ആരേയും അകമഴിഞ്ഞ് വിശ്വസിക്കരുത് എന്നൊരു പാഠവുമുണ്ട്.

പിന്നീട് SPCS ആവശ്യപ്പെട്ടത് അനുസരിച്ച് രണ്ടാമത്തെ മൾട്ടിമീഡിയ ആ പുസ്തകം (കഥ പറയുന്ന കോട്ടകൾ) തയ്യാറാക്കി. ഏകദേശം 5 വർഷക്കാലം അവരുടെ മേശപ്പുറത്ത് അത് ഇരുന്നു. അത്രയും കാലം വെളിച്ചം കാണാതെ ഇരുന്നാൽ ഒരു യാത്രാവിവരണ പുസ്തകത്തിൻ്റെ പ്രസക്തി നഷ്ടപ്പെടും എന്നതുകൊണ്ട് ഞാനത് SPCSൽ നിന്ന് തിരികെ വാങ്ങി മെന്റർ മീഡിയ Mentor Media വഴി പ്രസിദ്ധീകരിച്ചു.

‘കഥ പറയുന്ന കോട്ടകൾ’ എന്ന ആ മൾട്ടിമീഡിയ യാത്രാവിവരണ പുസ്തകത്തിന്റെ കുറച്ച് കോപ്പികൾ കൂടെ ബാക്കിയുണ്ട്. ആവശ്യമുള്ളവർ 96450 84365 എന്ന നമ്പറിൽ മെൻ്റർ ബുക്സിന് വാട്ട്സ് ആപ്പ് ചെയ്തോളൂ. എത്ര ആവശ്യക്കാർ ഉണ്ടായാലും ഇതൊന്നും രണ്ടാമതൊരു പതിപ്പ് അച്ചടിക്കില്ല.

2007ൽ മുതൽ ഓൺലൈനിൽ പങ്കുവെച്ച 110 യാത്രാവിവരണങ്ങൾ 3 പുസ്തകത്തിനുള്ളത് ഉണ്ട്. അതിൽനിന്ന് സ്പെയിനും പാരീസും അടങ്ങുന്ന 55 പേജുകൾ പോരാഞ്ഞ്, എൻ്റെ ഭാര്യയേയും മകളേയും പോലും മോഷ്ടിച്ച് കൊണ്ടുപോയി ഒരു വിദ്വാൻ. മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും അത് പുസ്തകമാക്കിയതിന്റെ പേരിൽ 13 കേസുകൾ കോടതികളിലെത്തി. അതിൽ ഒന്ന് എനിക്ക് അനുകൂലമായി തീർപ്പായി.

ആ കേസുകൾ എല്ലാം തീർപ്പായതിന് ശേഷം, ഇന്ത്യൻ പകർപ്പവകാശ നിയമങ്ങളെപ്പറ്റിയും നിയമലംഘനങ്ങളെപ്പറ്റിയും കേരളത്തിൽ നടന്നിട്ടുള്ള പ്രമുഖ കോപ്പിയടികളെപ്പറ്റിയുമൊക്കെ ഒരു പുസ്തകം മനസ്സിലുണ്ട്. ഇക്കാര്യം എപ്പോഴോ എവിടെയോ ഇതുപോലെ സൂചിപ്പിച്ചതിന് പിന്നാലെ, ‘അയാളെപ്പറ്റി എഴുതരുത്, ഇയാളെപ്പറ്റി എഴുതരുത്, ആ പദം ഉപയോഗിക്കരുത്, ഇങ്ങനെ എഴുതരുത് ‘ എന്നെല്ലാം പറഞ്ഞ് ഒന്നു രണ്ട് ഫോൺ വിളികളും സന്ദേശങ്ങളും വന്നപ്പോൾ സത്യത്തിൽ ചിരിവന്നു. കള്ളത്തരം കാണിക്കുന്നവർക്കൊപ്പം കരുതലുമായി കൂടെ നിൽക്കുന്ന അത്രയും പേർ നമുക്കൊപ്പം പോലും ഇല്ലല്ലോ എന്ന് അസൂയപ്പെടുകയും ചെയ്തു.

ഗോവയിലും രാജസ്ഥാനിലും ഇതുവരെ നടത്തിയ യാത്രാനുഭവങ്ങൾ ചേർത്ത് വെച്ചാൽ ഒന്നോ രണ്ടോ പുസ്തകത്തിന് കൂടെ സാദ്ധ്യതയുണ്ട്. പക്ഷേ, ‘എന്ത് കാര്യത്തിന് ‘ എന്നാണ് ആദ്യം മുന്നിൽ ഉയരുന്ന ചോദ്യം. എഴുത്ത് അക്ഷരമില്ലാത്തവർക്ക് പറ്റിയ പണിയല്ല. ഞാൻ എഴുതിയില്ലെങ്കിലും ഭൂമിയുടെ കറക്കത്തിന് പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. എഴുതാൻ ചിലവാക്കുന്ന സമയം കൊണ്ട്, ഭൂമിയിൽ പലയിടത്തും കൂടുതലായി കറങ്ങാൻ പറ്റും. എവിടെ പോയി, എന്നൊക്കെ പോയി, എന്തൊക്കെ കണ്ടു, എന്തൊക്കെ അറിഞ്ഞു, എന്താക്കെ അനുഭവിച്ചു എന്ന് എപ്പോഴെങ്കിലും ഓർമ്മിച്ചെടുക്കാൻ എൻ്റെ ഡയറി തന്നെ ധാരാളം.

എന്നിട്ട്, ഇന്ന് വീണ്ടും ഞാൻ വേറൊരു വിഷയം എഴുതാൻ തുടങ്ങിയിരിക്കുന്നു. കുറേ നാൾ മുന്നേ മനസ്സിൽ കയറിക്കൂടിയ ഒരു വിത്ത് പൊട്ടി മുളച്ച് സ്വര്യക്കേട് ആകുന്നത് കൊണ്ട് മാത്രം. ചിലപ്പോൾ എഴുതി പൂർത്തിയാക്കി പബ്ലിഷ് ചെയ്തെന്നിരിക്കാം. അല്ലെങ്കിൽ പാതി വഴിക്ക് ഉപേക്ഷിച്ച് ഭാഗിക്കൊപ്പം നാട് വിട്ട് പോയെന്നിരിക്കാം.

എല്ലാവർക്കും പുസ്തക ദിനാശംസകൾ!