സാഹിത്യം

ജോറാം പാഗുവിൻ്റെ മുളവീട്


11

രുണാചൽ പ്രദേശിലെ സിറോയിലെ നിഷി ഗോത്രക്കാരൻ ജോറാം പാഗുവിൻ്റെ വീടിന്റെ ദൃശ്യമാണ് ഈ വീഡിയോയിൽ. ഗാവ് ബുഢാ (ഗോത്രത്തലവൻ) കൂടെയാണ് അദ്ദേഹം.

മുള കൊണ്ടുണ്ടാക്കിയ പഴയ വീടിനോട് ചേർന്ന് പുതിയ കോൺക്രീറ്റ് വീട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം ഉറങ്ങുന്നതും ഞങ്ങളെ സ്വീകരിച്ചതും പഴയ വീട്ടിലാണ്. തറയടക്കം മുള കൊണ്ട് ഉണ്ടാക്കിയ ആ വീട്ടിലെ അന്തരീക്ഷം പുതിയ കോൺക്രീറ്റ് വീട്ടിൽ കിട്ടില്ല എന്നുറപ്പ്.

ഫ്രിഡ്ജ്, ഗ്യാസ് ഒക്കെയുള്ള വീട്ടിൽ ശുചിമുറി അറ്റാച്ച്ഡ് അല്ല. കട്ടിലിൽ അല്ല കിടപ്പ് എന്നതുകൊണ്ടാകാം കട്ടിലുകളും കണ്ടില്ല. മുൻവാതിൽ കടന്ന് കയറിച്ചെല്ലുന്ന വലിയ ഹാളിന്റെ നടുക്ക് നാഗന്മാരുടെ വീടുകളിൽ എന്നത് പോലെ നെരിപ്പോട് കാണാം. വേനൽക്കാലത്ത് പോലും 15 ഡിഗ്രി താപമാനം ഉള്ള സ്ഥലമായതിനാൽ തീകായാനും മുറിയിൽ ചൂട് നിലനിർത്താനും ഈ നെരിപ്പോട് ഉപയോഗിക്കുന്നുണ്ടെന്ന് സ്പഷ്ടം. അതിന് മുകളിലായി വലിയ ഇറച്ചിക്കഷണങ്ങൾ ഉണക്കി തൂക്കുന്ന പരിപാടിയും നാഗന്മാരുടെ വീടുകളിലേതിന് സമം.

സാധാരണ അരുണാചൽ പ്രദേശുകാരിൽ കാണാത്ത ഒന്ന് പാഗുവിന് ഉണ്ട്. അത് അദ്ദേഹത്തിൻ്റെ മീശയാണ്. വളരെ കുറച്ച് രോമങ്ങളേ, താടി മീശ ഭാഗത്ത് അരുണാചലുകാർക്ക് ഉണ്ടാകാറുള്ളൂ. അങ്ങനെ നോക്കിയാൽ ജോറാം പാഗുവിന്റേത് ഗംഭീര മീശയാണ്. മീശ നന്നായിട്ടുണ്ട് എന്ന് പ്രശംസിച്ചപ്പോൾ പാഗുവിന് വലിയ സന്തോഷം.

2

ഏല കൃഷിക്കാരൻ എന്നതിന് പുറമേ ബിജെപിയുടെ വലിയ നേതാവ് കൂടിയാണ് ജോറാം പാഗു. തലേന്ന് രാത്രി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് വൈകിയെത്തി കിടന്നുറങ്ങിയ അദ്ദേഹത്തിനെ വിളിച്ചെഴുന്നേൽപ്പിച്ചാണ് ഞങ്ങൾ കണ്ടത്.

കൃഷിയും രാഷ്ട്രീയവുമൊക്കെ സംസാരിച്ച് ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെ ലാഘവത്തോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും സുഹൃത്തുക്കളെ. അതുകൊണ്ട് മാത്രം ആ വിഷയത്തിലേക്ക് ഞാൻ കടക്കുന്നില്ല.

ജോറാം പാഗുവിന്റെ മുളവീട്ടിലേക്ക് ഞങ്ങളെ നയിച്ചത് വയനാട്ടുകാരനും സ്പൈസസ് ബോർഡിൽ ഉദ്യോഗസ്ഥനുമായ സുധീഷ് ആണ്. സുധീഷിന് പ്രത്യേകം നന്ദി.