സൈബർ ലോകം

വൃദ്ധദമ്പതിമാരുടെ മിനോറ


22
സംഗതിവശാൽ ആക്രിപെറുക്കികൾക്ക് ഇത് മോശം കാലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? എന്നുവെച്ച് ആക്രി പെറുക്കുന്ന സ്വഭാവം ഉപേക്ഷിക്കാനും പറ്റുന്നില്ല.

ആക്രികൾ എന്ന് ഒരു ഓളത്തിന് പറയുന്നതാണ്. അത്ര വലിയ പണച്ചിലവൊന്നും ഇല്ലാത്ത പുരാവസ്തുക്കളും കൗതുകം തോന്നുന്ന അല്ലറ ചില്ലറ ഏതൊരു സാധനങ്ങളും ചേർന്നതാണ് എൻ്റെ ആക്രിശേഖരം. അക്കൂട്ടത്തിൽ കുറച്ചധികമുള്ളത് മാസ്ക്കുകളും വിളക്കുകളുമാണ്. യൂ-ട്യൂബിൽ ഈ ആക്രികളുടെ വീഡിയോകൾ ഞാൻ പങ്കുവെച്ചിട്ടുണ്ട്.

പക്ഷേ, ജൂതന്മാർ ധാരാളമുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായിരുന്നിട്ടും, അതിലേറെ ജൂതന്മാർ ഉണ്ടായിരുന്ന ‘മാള’യോട് അടുത്തൊരിടത്ത് ജനിച്ചു വളർന്നിട്ടും, എന്നെ മോഹിപ്പിച്ചുകൊണ്ട് വർഷങ്ങൾ ഏറെയായി ഒരു വിളക്ക് മാത്രം പിടിതരാതെ മാറി നിന്നു. അതാണ് മിനോറ. ജൂതന്മാർ ഏറെപ്പേർ ഉണ്ടായിരുന്ന ജില്ലയിൽ നിന്ന് ഒരു മിനോറ മെഴുകുതിരിക്കാൽ സംഘടിപ്പിക്കാൻ അത്ര ബുദ്ധിമുട്ടില്ലെന്ന് തന്നെയാണ് ഞാനും കരുതിപ്പോന്നിരുന്നത്. പക്ഷേ കാണാൻ നല്ല ചന്തമുള്ളതും അൽപ്പസ്വൽപ്പം പഴക്കവും തൂക്കവുമുള്ള ഒരു മിനോറ തന്നെ സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിൻ്റെ പേരിൽ, അതുവരെ കണ്ട മിനോറകളെയൊന്നും കൂടെക്കൂട്ടിയില്ല. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ പലപ്പോഴായി മിനോറ തിരഞ്ഞലഞ്ഞതിന് ‘കാലും കണക്കുമില്ല‘. ജൂതന്മാരുടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിൽ നിന്ന് സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ വരെ നടത്തി നോക്കിയെങ്കിലും അതും ചീറ്റിപ്പോയി.

അങ്ങനെ എപ്പോഴോ എവിടെയോ സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഞാൻ സൂചിപ്പിച്ചത് ഓൺലൈൻ സുഹൃത്ത് സുചിത്ര  ശ്രദ്ധിക്കുകയും മിനോറ സംഘടിപ്പിച്ച് തരാമെന്ന് ഏൽക്കുകയും ചെയ്തു. സുചിത്ര കുടുംബത്തോടൊപ്പം നെതർലാൻഡിലാണ് കഴിയുന്നത്. ലീവിന് വരുമ്പോൾ മിനോറ കൊണ്ടുവരാമെന്ന വാഗ്ദാനം ഓർത്തുവെച്ച് എവിടെയൊക്കെയോ പരതി; ഒരു മിനോറ കണ്ടെത്തി അതിൻ്റെ പടമെനിക്ക് അയച്ചുതന്നു. ഒറ്റനോട്ടത്തിൽത്തന്നെ എനിഷ്ടമായി. ഐറ്റം കൈക്കലാക്കിയ സുചിത്ര നെതർലാൻഡിൽ നിന്ന് കഴിഞ്ഞയാഴ്ച്ച പാലക്കാട്ടുള്ള വീട്ടിലേക്ക് പറന്ന് ക്വാറൻ്റൈനിൽ കയറി. ഇങ്ങ് ബാംഗ്ലൂരിൽ അക്ഷമനായി ഞാൻ!

പാലക്കാടുനിന്ന് ബാംഗ്ലൂർക്ക് വരുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ കൈയോടെ മിനോറ ബാംഗ്ലൂരെത്തിക്കാൻ എനിക്ക് തിടുക്കമായി. സാധാരണ നിലയ്ക്കാണെങ്കിൽ ധാരാളം പേരെ ഈ ദൗത്യത്തിനായി കിട്ടുമായിരുന്നെങ്കിലും കൊറോണ കാരണമായിരിക്കണം, ചെമ്പരത്തി വരിക്കയുടെ ചുളകൾ ഇനാമായി നൽകാമെന്ന് പറഞ്ഞിട്ട് പോലും ആരെയും സഹായത്തിന് കിട്ടിയില്ല. അപ്പോഴേക്കും സുചിത്രയുടെ കസിൻ സന്ദീപ് ബാംഗ്ലൂർക്ക് പുറപ്പെടുകയും മിനോറ സുരക്ഷിതമായി ബാംഗ്ലൂർ എത്തുകയും ചെയ്തു. ഇന്ന് രാത്രി അൽപ്പം മുൻപ് ഞാനത് കൈപ്പറ്റി. മനം നിറഞ്ഞു. പ്രകാശത്തിന്റെ പെരുന്നാളായ ഹനൂക്ക കാലം തെറ്റി തെളിഞ്ഞിരിക്കുന്നു. ഒരുപാട് സന്തോഷം.

33

ഇനി ഈ വിളക്കിൻ്റെ ചരിത്രം ഒരൽപ്പം. എൻ്റെ മറ്റ് ശേഖരങ്ങളുടെ പ്രത്യേകതയും മറ്റും കണക്കിലെടുത്ത് ഞാൻ എത്തരത്തിലുള്ള മിനോറയാണ് തിരയുന്നതെന്ന് സുചിത്രയ്ക്ക് നല്ല ധാരണയുണ്ടായിരുന്നെന്ന് തോന്നുന്നു. പഴക്കം തോന്നിക്കണം, നല്ല ഭാരമുണ്ടാകണം, ആരെങ്കിലും ഉപയോഗിച്ചതാണെങ്കിൽ അത്രയും നല്ലത്. അന്നാട്ടിലെ ഒരു വ്യാപാരിയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം മറ്റൊരാളിലേക്ക് വിരൽ ചൂണ്ടി. പഴയ സാധനങ്ങൾ അദ്ദേഹത്തിൻ്റെ പക്കൽ ഉണ്ട് പോലും. ഈയടുത്ത കാലത്ത് ഇസ്രായേലിലേക്ക് താമസം മാറ്റിയ ഒരു വൃദ്ധദമ്പതിമാർ കൊടുത്തിട്ട് പോയ ഒരു മിനോറ അടക്കം ആ വീട്ടിലെ ഒരുപാട് സാധനങ്ങൾ അദ്ദേഹത്തിൻ്റെ പക്കലുണ്ട്. വിമാനത്തിൽ കൊണ്ടുപോകാവുന്നതിനപ്പുറം ഭാരം വന്നപ്പോൾ മിനോറയടക്കമുള്ള പലതും ഉപേക്ഷിച്ച് പോകുകയായിരുന്നു ആ വൃദ്ധദമ്പതിമാർ.

ഇത് ചിലപ്പോൾ അവരുടെ നല്ല കാലത്ത് വാങ്ങിയ ഒരു മിനോറയാകാം. അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടേത്. പുരാവസ്തു മൂല്യം കൂട്ടണമെങ്കിൽ 10 തലമുറകളായി ആ കുടുംബത്തിൻ്റെ വിളക്കാണിതെന്ന് തള്ളി വിടാം. പക്ഷേ സാഹചര്യം മോശമാണല്ലോ ? പഴക്കമുണ്ടെന്നത് തന്നെയാണ് യാഥാർത്ഥ്യമെങ്കിലും മോൺസൺ സഹായിച്ച് കൂടുതൽ തള്ളിയാൽ തല്ല് കിട്ടുമെന്ന അവസ്ഥയിലാണ് ഓരോ ആക്രിപെറുക്കികളും. ആയതിനാൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നില്ല.

എൻ്റെ വിളക്ക് ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള, ഏറ്റവുമധികം ഞാൻ തേടിനടന്ന, എനിക്ക് വേണ്ടി എൻ്റെ സുഹൃത്തിന് പോലും അലയേണ്ടി വന്ന, നെതർലാൻ്റിൽ നിന്നും ഇസ്രായേലിലേക്ക് പോയ ആ ജൂത വൃദ്ധദമ്പതിമാരുടെ രണ്ടര കിലോഗ്രാം ഭാരമുള്ള മിനോറ ഇന്നുമുതൽ എൻ്റെ ശേഖരത്തിൽ സുരക്ഷിതമായി തിളങ്ങും.

വിശ്വാസിയല്ലാത്തതുകൊണ്ട് ഹനൂക്ക ദിവസങ്ങളിൽ നിങ്ങൾക്ക് വേണ്ടി ഈ മിനോറ ഓർത്തിരുന്ന് തെളിയിക്കാൻ എനിക്ക് സാധിക്കണമെന്നില്ല. പക്ഷേ വിശ്വാസികളേയും നാസ്തികരേയുമൊക്കെ ഒരുപോലെ ബഹുമാനിക്കുന്ന ഒരാളായതുകൊണ്ട് ഓർമ്മ വന്നാൽ തീർച്ചയായും ഹനൂക്ക ദിവസങ്ങളിലൊന്നിൽ ഞാനിത് നിങ്ങൾക്കായി തെളിയിക്കുന്നതാണ്. എനിക്ക് ഏറെ സന്തോഷം തോന്നുന്ന, വൈദ്യുതി കൈയ്യൊഴിയുന്ന ഒരു ദിവസം ഇത് പ്രകാശിപ്പിക്കണമെന്ന് തോന്നിയാൽ അന്നേ ദിവസം ഹനൂക്ക അല്ലെങ്കിൽക്കൂടെ ഇതിൽ മെഴുകുതിരികൾ ആളിയാൽ ജൂത സഹോദരങ്ങൾക്കും എതിർപ്പുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.

നന്ദി പ്രകടനം:- വില്ലൻ ഇപ്പോഴും കൊറോണ തന്നെയാണ്. എൻ്റെ വിളക്ക് ശേഖരത്തിലേക്ക് ഏറ്റവും തിളക്കമുള്ള ഈ മിനോറ കണ്ടെത്തി കൊണ്ടുത്തന്ന സുചിത്രയെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ കൊറോണ അനുവദിക്കുന്നില്ല. ഞങ്ങളിതുവരെ നേരിൽ കണ്ടിട്ടില്ല, ഓഫ് ലൈൻ ആയിട്ടില്ല. ‘ഈ ഉപകാരം മറന്നാലും ഞാൻ മരിക്കില്ല‘ എന്നുള്ള, പറഞ്ഞുപറഞ്ഞ് തേഞ്ഞ എൻ്റെയൊരു അരസിക ഹാസ്യപ്രയോഗം മാത്രമാണ് ഈയവസരത്തിൽ നൽകാനുള്ളത്.

ആഘോഷം:- ഇനി മിനോറ വിളക്കിൻ്റെ പെരുന്നാളിനെപ്പറ്റി അൽപ്പം. 8 ദിവസം നീളുന്ന ഹനൂക്ക പെരുന്നാളിനോടനുബന്ധിച്ച് മെഴുകുതിരി കത്തിക്കാൻ ജൂതന്മാർ ഉപയോഗിക്കുന്ന വിളക്കാണ് മിനോറ. വെളിച്ചത്തിൻ്റെ ഉത്സവം എന്നാണ് ഹനൂക്ക അറിയപ്പെടുന്നത്. ചില വിളക്കുകൾക്ക് 7 മെഴുകുതിരിക്കാലുകളും ചില വിളക്കുകൾക്ക് 9 കാലുകളും കണ്ടിട്ടുണ്ട്. എനിക്ക് കിട്ടിയിരിക്കുന്നത് 9 കാലുകളുള്ള മിനോറയാണ്. 7 കാലുകളായാലും 9 കാലുകളായാലും അതിൽ നടുക്കുള്ള ഒരു കാല് മുന്നോട്ട് തള്ളിയ നിലയ്ക്കാണ് സാധാരണയായി കാണുക. നടുഭാഗത്തായി ജൂതന്മാരുടെ മതചിഹ്നമായ നക്ഷത്രവും വിളക്കിൽ ഉണ്ടായിരിക്കും. ഈ വർഷം (2021) നവംബർ 28 മുതൽ ഡിസംബർ 6 വരെയാണ് ഹനൂക്ക. എനിക്ക് പക്ഷേ ഇന്ന് ഈ നിമിഷം ഹനൂക്കയാണ്.

23

വാൽക്കഷണം:- മിനോറ വിളക്കും പഴയൊരു കപ്പലിൻ്റെ മുൻഭാഗവും സംയോജിപ്പിച്ച് ബോസേട്ടൻ എന്ന് ഞാൻ വിളിക്കുന്ന കൃഷ്ണമാചാരി ബോസ്  ഒരു പുസ്തകത്തിനായി കവർ പേജ് ഡിസൈൻ ചെയ്തിട്ടുണ്ട്. സേതുവിൻ്റെ ആലിയ എന്ന നോവൽ വായിക്കാത്തവർ പോലും ആ പുസ്തകം കണ്ടിട്ടുണ്ടെങ്കിൽ ആ കവർ പേജ് തീർച്ചയായും ശ്രദ്ധിച്ചിരിക്കും. പുസ്തകത്തിൻ്റെ ഉള്ളടക്കവുമായി അത്രയേറെ മനോഹരമായി കവർ പേജിനെ ബന്ധിപ്പിച്ചിട്ടുള്ള അധികം സൃഷ്ടികളൊന്നും എൻ്റെ ശ്രദ്ധയിലില്ല.

മുന്നറിയിപ്പ്:- സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പല സുഹൃത്തുക്കളേയും ഇത്തരത്തിൽ എൻ്റെ ആക്രിശേഖരത്തിനായി ഞാനുപയോഗിച്ചിട്ടുണ്ട്. അടുത്തത് ചിലപ്പോൾ നിങ്ങളാകാം. ആക്രി ശേഖരന്മാർക്ക് പൊതുവേ നല്ല കാലമല്ല. അത് മനസ്സിലാക്കി ബ്ലോക്ക് ചെയ്ത് രക്ഷപ്പെടാനുള്ളവർക്ക് ഇതൊരു സുവർണ്ണാവസരം കൂടെയാണെന്ന് മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കാം.