ബാംഗ്ലൂർ ഡെയ്സ്

ക്രാന്തിവീര സങ്കൊള്ളി രായണ്ണ


20-sangolli-rayanna1
Pic Courtesy:- Wikipedia & Filmy beats.

ബാംഗ്ലൂർ മെട്രോ സ്റ്റേഷനുകളിൽ പലതിനും രാജ്യത്തെ പ്രമുഖ വ്യക്തികളുടെ പേരാണ്. പർപ്പിൾ മെട്രോ ലൈനിലുള്ള വിശ്വേശ്വരയ്യയേയും അംബേഡ്കറേയുമൊക്കെ കേട്ട് പഴക്കമുണ്ടെങ്കിലും, മഗഡി റോഡിനും മെജസ്റ്റിക്കിനും ഇടയിലെ സ്റ്റേഷന്റെ പേരിന് പാത്രമായ ക്രാന്തിവീര സങ്കൊള്ളി രായണ്ണയെപ്പറ്റി അൽ‌പ്പം പോലും കേട്ടറിവില്ല. ചരിത്രം നന്നായി പഠിക്കാത്തതിന്റെ കുഴപ്പം തന്നെ.

ജോലിക്ക് പോകുന്ന ദിവസങ്ങളിൽ ചുരുങ്ങിയത് നാല് പ്രാവശ്യമെങ്കിലും ആ പേര് മെട്രോയിൽ കേട്ടിട്ടും അതാരാണെന്നറിയാത്തതിൽ ജാള്യത തീർച്ചയായുമുണ്ടായി. എങ്കിൽ‌പ്പിന്നെ രായണ്ണയെപ്പറ്റി അൽ‌പ്പമെങ്കിലും മനസ്സിലാക്കണമെന്ന് കരുതി പരതിയപ്പോൾ, ഓൺലൈനിൽ നിന്ന് കിട്ടിയ ചില വിശേഷങ്ങൾ ഇങ്ങനെ.

കർണ്ണാടകയിലെ ഒരു നാട്ടുരാജ്യമാണ് കിട്ടൂർ. അവിടത്തെ റാണിയായിരുന്ന ചെന്നമ്മയുടെ സൈന്യാധിപനായിരുന്നു സങ്കൊള്ളി രായണ്ണ. 1796 ആഗസ്റ്റ് 15ന് ജനിച്ചു; 1831 ജനുവരി 26 ന് ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ തൂക്കിലേറ്റി. (ആ രണ്ട് തീയതികളുടേയും പ്രത്യേകത ശ്രദ്ധിക്കുക) കേവലം 35 വയസ്സിൽ അവസാനിക്കുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ഗെറില്ലായുദ്ധം നയിച്ച രായണ്ണ എന്ന പോരാളിയുടെ ജീവിതം. ചതിവെച്ച് പിടികൂടി, ഒരു പേരാലിൽ കെട്ടിത്തൂക്കിയാണ് ബ്രിട്ടീഷുകാർ രായണ്ണയുടെ വധശിക്ഷ നടപ്പിലാക്കിയത്.

ബെലഗാവി ജില്ലയിലെ നന്ദഗഡ് എന്ന സ്ഥലത്ത്, എട്ടടിയോളം നീളമുള്ള അദ്ദേഹത്തിന്റെ (രായണ്ണയ്ക്ക് ഏഴടിക്ക് മേൽ ഉയരമുണ്ടായിരുന്നത്രേ) ശവകുടീരത്തോട് ചേർന്ന് ഇപ്പോൾ പടർന്ന് പന്തലിച്ച് നിൽക്കുന്നത് അന്ന് നട്ട ഒരു പേരാൽ മരമാണ്.

ദർശൻ നായകനായി, 2012ൽ, സങ്കൊള്ളി രായണ്ണ എന്ന പേരിൽത്തന്നെ ഒരു കണ്ണട സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം സിനിമകളിൽ ചരിത്രത്തിലൊന്നുമില്ലാത്ത മസാ‍ലകൾ പലതും കടന്നുകൂടിയിട്ടുണ്ടാകാമെങ്കിലും (അതാണല്ലോ പതിവ്) അതൊന്ന് സംഘടിപ്പിച്ച് കാണണമെന്നുണ്ട്.

വാൽക്കഷണം:- ബാംഗ്ലൂർ നഗരത്തിൽ നിന്ന് നന്ദഗഡിലേക്ക് 490 കിലോമീറ്ററോളം ദൂരമുള്ളതുകൊണ്ട് ഉടനെയൊന്നും അങ്ങോട്ടൊരു യാത്ര തരമായില്ലെങ്കിലും അങ്ങനെയൊന്ന് തീർച്ചയായുമുണ്ടാകും.

#Bangalore_Days
#ബാംഗ്ലൂർ_ഡെയ്സ്