Sondex എന്ന കമ്പനി നല്‍ക്കുന്ന ട്രെയിനിങ്ങാണ് യാത്രയുടെ ലക്ഷ്യം . റെഡ്ഡിങ്ങിലെ ഒരു ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു ട്രെയിനിങ്ങ്. താമസം ഹോളിഡേ ഇന്നില്‍ . രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ പരിശീലനം തന്നെ. ട്രെയിനിങ്ങിനിടയ്ക്ക് , ചിലപ്പോള്‍ പരിശീലകന്‍ നിക്ക് റിയാന്റെ വക ഒരു ചോദ്യമുണ്ട്.
” It’s so hot here. Anybody joining me for a beer ?”
ആരോടാണ് ചോദിക്കുന്നത് ? കേള്‍ക്കേണ്ട താമസം ഞാന്‍ റെഡി.
11 പേരുള്ള ക്ലാസ്സില്‍നിന്ന് ഞാനടക്കം മൂന്നാലുപേര്‍ നിക്ക് റിയാനു് കമ്പനി കൊടുക്കും . തെരുവിന്റെ മറുവശത്തുള്ള പബ്ബില്‍ നിന്ന് വയറുനിറയെ ബിയറും കുടിച്ച് വീണ്ടും ഹാളില്‍ വന്നിരിക്കും , പഠിക്കാന്‍ . നിഷാദിന് ബിയര്‍ ഹറാമായതുകൊണ്ട് അവനിത് നോക്കിനില്‍ക്കും , പടമെടുക്കും , . അത്രതന്നെ. ദാ ഒരു പടം കണ്ടോളൂ.
ഒരാഴ്ചനീണ്ടുനിന്ന പരിശീലനത്തിന്റെ അവസാനദിവസം , Sondex ന്റെ ചിലവില്‍ ലണ്ടന്‍ മുഴുവന്‍ കൊണ്ടുപോയി കാണിച്ചു നിക്ക് റിയാന്‍ . ബിഗ്ഗ് ബെന്‍ , പാര്‍ലിമെന്റ് ഹൌസ് , വെസ്റ്റ് മിനിസ്റ്റര്‍ അബ്ബെ , ബക്കിങ്ങ്ഹാം പാലസ്, ട്രഫാള്‍ഗര്‍ സ്ക്വയര്‍ , പ്രസിഡന്റിന്റെ വീടിനു മുന്നില്‍, അങ്ങിനെ എല്ലായിടത്തും കറങ്ങിനടന്നു. ചില ചിത്രങ്ങള്‍ കണ്ടോളൂ.
(ഈ വലിയ ക്ലോക്ക് ടവറിനെയാണ് ബിഗ്ഗ് ബെന്‍ എന്നുവിളിക്കുന്നത്. )
(ഈ ജൈന്റ് വീല്‍ -ലണ്ടണ്‍ ഐ – കറങ്ങുന്നത് പതുക്കെയാണെങ്കിലും, എനിക്ക് ഇത്തരം സാധനങ്ങളില്‍ കയറുന്നത് പേടിയായതുകൊണ്ട്, അതൊഴിവാക്കി.)
(ടോണി ബ്ലയറിന്റെ വീടിനുമുന്നിലെ ഒരു പ്രതിഷേധക്കാരന്റെകൂടെ ഞങ്ങളും കൂടി.)
(ട്രഫാള്‍ഗര്‍ സ്ക്വയറിലെ ഫൌണ്ടന്‍ )
കാഴ്ച്ചകള്‍ കണ്ടുനടക്കുന്നതിനിടയ്ക്ക് , പുറത്ത് ചൂട് കൂടുതലാണെന്ന് പറഞ്ഞ് ബിയറും വാങ്ങിത്തന്നു നല്ലവരില്‍ നല്ലവനായ നിക്ക് റിയാന്‍ . ബക്കിങ്ങ്ഹാം പാലസിന്റെ വെളിയിലെ ‘ചേന്‍ച് ഓഫ് ഗാര്‍ഡ് ‘കാണേണ്ട ഒരു കാഴ്ചതന്നെയായിരുന്നു. ഒന്നുരണ്ട് ഫോട്ടോകള്‍ കണ്ടോളൂ.
പാലസിന്റെ മുന്‍പില്‍ നിന്നപ്പോള്‍ ആലോചിച്ചതിങ്ങനെയാണ്. ഈ കെട്ടിടം കേന്ദ്രമാക്കി എത്ര എത്ര രാജ്യങ്ങളാണ് ഭരിക്കപ്പെട്ടിരുന്നത് ??!
രാത്രി ഭക്ഷണം ഒരു ചൈനീസ് റസ്റ്റോറന്റില്‍ നിന്നായിരുന്നു. അവിടെയും യഥേഷ്ടം ബിയര്‍ വാങ്ങിത്തന്നു നിക്ക് റിയാന്‍ .
ഒരാഴ്ചത്തെ പരിശീലനം കഴിഞ്ഞ് ചില സുഹൃത്തുക്കളുടെ വീടുകളൊക്കെ സന്ദര്‍ശിച്ചു. സഹപാഠിയും സഹമുറിയനുമായിരുന്ന ജോഷിയുടെ വീടിന്റെ പിന്നാമ്പുറത്ത് മറ്റൊരു സഹപാഠിയായ ശ്രീകുമാറിന്റെയും , കോളേജിലെ ഒരു കായിക താരമായിരുന്ന രാജീവന്‍ രാമത്തിന്റേയും ഒക്കെ ഒരുമിച്ച് ആഘോഷിച്ച ബാര്‍ബക്യൂ പാര്‍ട്ടി ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.
നാട്ടുകാരനായ നാരായണന്‍ എന്ന നാരപ്പന്റെ ഹമല്‍ ഹമസ്റ്റഡിലിള്ള വീട്ടിലും ഒരു ദിവസം തങ്ങി. ‘കൊച്ചിന്‍ ‘ എന്നുപേരുള്ള രണ്ട് ഇന്ത്യന്‍ റസ്റ്റോറന്റിസിന്റെ ഉടമസ്ഥനാണ് നാരപ്പന്‍ . റസ്റ്റോറന്റിന്റെ ഉള്‍വശം കണ്ടോളൂ.
മടങ്ങുന്നതിനുമുന്‍പൊരു ദിവസംകൂടെ ലണ്ടനില്‍ കറങ്ങി. കണ്ടിട്ടും കണ്ടിട്ടും തീരാത്ത നഗരക്കാഴ്ചകള്‍ നന്നായി ചുറ്റിനടന്ന് കണ്ടു. ടവര്‍ ബ്രിഡ്ജിന്റെ മുന്‍പില്‍ പോയിനിന്ന് പടമെടുത്തു.
മാഡം ടുസ്സോട്ടിന്റെ വാക്സ് മ്യൂസിയത്തില്‍ കുറെയധികം സമയം ചിലവഴിച്ചു. ഇന്ദിരാഗാന്ധി , ഫിഡല്‍ കാസ്ടോ, അഡോള്‍ഫ് ഹിറ്റ്ലര്‍ , മറിലിന്‍ മണ്‍റോ, അമിതാഭ് ബച്ചന്‍ , ആര്‍നോള്‍ഡ് ” ശിവശങ്കരന്‍ ” , ജനിഫര്‍ ലോപ്പസ് , തുടങ്ങി ജീവിച്ചിരിക്കുന്നതും , മരിച്ചുപോയതുമായ സകല മഹാത്മാക്കളുടേയുംകൂടെ നിന്ന് ക്യാമറയിലെ ബാറ്ററി തീരുന്നതുവരെ ഫോട്ടോകളെടുത്തു.
മടക്കയാത്രയില്‍ ബേക്കര്‍ സ്ടീറ്റില്‍ എന്തിനോവേണ്ടി ഇറങ്ങിയപ്പോള്‍ കൌതുകം ജനിപ്പിക്കുന്ന ആ കാഴ്ച്ച കണ്ടു. ഷെര്‍ലാക്ക് ഹോമ്സിനെപ്പോലെ വേഷം കേട്ടിയ ഒരു കക്ഷിയതാ ജനങ്ങളുടെയിടയിലൂടെയെല്ലാം കറങ്ങിനടക്കുന്നു. ദേ പിടിച്ചോ അതിയാന്റെ പടം .
മറ്റുചില നഗരക്കാഴ്ച്ചകളും കൂടെ കണ്ടോളൂ.
(സിനിമാ തീയറ്ററിനുമുന്‍പിലെ തിരക്ക് )
(ഭിക്ഷക്കാര്‍ എല്ലാ രാജ്യത്തുമുണ്ട് . ഭിക്ഷാപാത്രം മുന്‍പില്‍ വച്ച് റേഡിയോയില്‍ സംഗീതവും കേട്ടുറങ്ങുന്ന ഒരു സ്റ്റൈലന്‍ ഭിക്ഷാംദേഹി.)
(ഒരു തെരുക്കൂത്തുകാരന്‍ )
ദിവസങ്ങള്‍ കഴിഞ്ഞുപോയതറിയില്ല. മടക്കയാത്രയ്ക്കുള്ള സമയമായിരിക്കുന്നു. കാഴ്ച്ചകള്‍ മുഴുവനുമൊന്നും കണ്ടിട്ടില്ലെന്നറിയാം . ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഇത്രയുമൊക്കെ കറങ്ങാന്‍ പറ്റിയതുതന്നെ ഭാഗ്യം . പിന്നീടൊരിക്കല്‍ വീണ്ടും വരണം . കുറെക്കൂടെ വിശാലമായി കറങ്ങണം.
ഇതിനിടയില്‍ ഒരു കാര്യം പറയാന്‍ മറന്നുപോയി.
നിഷാദുമായി ഒരിക്കല്‍ തെരുവിലൂടെ നടക്കുമ്പോള്‍ ജനങ്ങളുമുഴുവന്‍ ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്നു. ചിലര്‍ നോക്കിച്ചിരിക്കുന്നുമുണ്ട് . അതെ കളിയാക്കിച്ചിരി തന്നെ. അതാ ചില കുട്ടികള്‍ കൈചൂണ്ടിക്കാണിക്കുന്നു. അയ്യേ!! ഇവരെന്താ ഇങ്ങിനെ? സാധാരണ സായിപ്പിങ്ങിനെയൊന്നുമല്ലല്ലോ?!
മറ്റുള്ളവരെയൊന്നും ശ്രദ്ധിക്കുകപോലുമില്ലല്ലോ!! കൈ ചൂണ്ടിക്കാണിക്കുകയെന്നാല്‍ വല്ല്യ അപരാധമല്ലെ സായിപ്പിന്റെ നാട്ടില്‍ . എന്നിട്ടിപ്പോളെന്താ ഇങ്ങനെ? ഞങ്ങളാകെ അങ്കലാപ്പിലായി.
“ടേയ് നിഷാദേ, നമ്മളെങ്ങാനും പാന്റിന്റെ സിപ്പിടാന്‍ മറന്നോ?! ശരിക്കൊന്ന് നോക്കിക്കേ”
പിന്നേ……ഇവിടെ നേരെ ചൊവ്വേ തുണിപോലും
ഉടുക്കാതെ എത്രയെണ്ണമാണ് റോഡുമുഴുവന്‍ അഴിഞ്ഞാടി നടക്കുന്നത് . അതിനിടയില്‍ നമ്മളിപ്പോ ഒരു സിപ്പിട്ടില്ലെങ്കിലെന്താ എന്ന ഭാവത്തിലാണ് നിഷാദ്.
എന്തായാലും അധികനേരം പിടിച്ചുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല. വേഗം ഹോട്ടല്‍ മുറിയില്‍ക്കയറി വാതിലടച്ചേക്കാം . ഒരു കുഴപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് സ്വയം തോന്നിയത് ഞങ്ങളുടെ വേഷമായിരുന്നു. രണ്ടുപേരും നീല ജീന്‍സ് , വെളുത്ത ടി-ഷര്‍ട്ട്, അതിമുകളില്‍ ഒരു കൈയില്ലാത്ത ഓറന്ചു നിറത്തിലുള്ള മേല്‍ക്കുപ്പായം . ഇംഗ്ലീഷുകാര്‍ക്ക് ചൂടുകാലമാണെങ്കിലും , വൈകുന്നേരമാകുമ്പോളേക്ക് ഞങ്ങള്‍ക്ക് ചെറിയ തണുപ്പ് തോന്നിയതുകൊണ്ടാണ് മേല്‍ക്കുപ്പായം വലിച്ചിട്ടത് . അല്ലെങ്കില്‍ , അതിനി വല്ല സ്വവര്‍ഗ്ഗപ്രേമികളുടേയും ഡ്രസ്സ് കോഡോ മറ്റോ ആണോ?!
ആണെങ്കിലെന്താ? ഇവരുടെ നാട്ടില്‍ സ്വവര്‍ഗ്ഗാനുരാഗവും , അവറ്റകളുടെ കല്യാണവും വരെ ഒരു പാപമൊന്നുമല്ലല്ലോ?!. അതിനെന്താ ഇത്ര നോക്കിച്ചിരിക്കാന്‍ ?
എതിരെവന്ന ഒരു സായിപ്പിനെ തടഞ്ഞുനിര്‍ത്തി ഞങ്ങളുടെ ഒരു ഫോട്ടൊ എടുപ്പിച്ചു. ഫോട്ടൊ എടുക്കുമ്പോള്‍ , അങ്ങോരും ചിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുനോക്കി. ഏയ് അതിയാന്‍ ചിരിക്കുന്നൊന്നുമില്ല. ചിലപ്പോള്‍ ഞങ്ങള് സ്ഥലംവിട്ടതിനുശേഷം അറഞ്ഞുചിരിച്ച് കുടല് വെളിയില്‍ വന്നുകാണും!!
എന്തായാലും ശരി, ആ ചിരികളുടെ പൊരുള്‍ ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുന്നു.ഇനി നിങ്ങളുതന്നെ കണ്ടിട്ടു പറ. എന്തെങ്കിലും കുഴപ്പമുണ്ടോ ??
ഫോട്ടൊ ദാണ്ടെ താഴെ ഇട്ടിരിക്കുന്നു.