Monthly Archives: October 2007

പേരിനുപിന്നിലെ രഹസ്യം


സുഹൃത്തുക്കളെ

ബ്ലോഗാന്‍ തുടങ്ങുന്നതിന്റെ ഭാഗമായി, നിരക്ഷരന്‍ എന്ന പേരു്‌ സ്വീകരിക്കാന്‍ കാരണമുണ്ട്. മലയാളം ലിപി കമ്പ്യൂട്ടറില്‍ നടാടെ എഴുതിത്തുടങ്ങുന്ന ഒരാള്‍ക്ക് ഇതില്‍പരം പറ്റിയ പേരില്ല എന്നു തോന്നി.

നടന്‍ ഇന്നസെന്റിനു്‌ അങ്ങോരുടെ അപ്പന്‍ പേരിട്ടതു പോലെ.

ജനിച്ചപ്പോള്‍ തന്നെ ഇന്നച്ചന്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു പോലും. ഭാവിയില്‍ എങ്ങാനും ഒരു പ്രതിക്കൂട്ടില്‍ കയറേണ്ട വന്നാല്‍,
“ബഹുമാനപ്പെട്ട കോടതി, ഞാന്‍ ഇന്നസെന്റെ ആണ്” എന്നു പറഞ്ഞ് രക്ഷപ്പെട്ടോട്ടെ. അതായിരുന്നു ഇന്നച്ചന്റെ അപ്പന്റെ കണക്കുകൂട്ടല്‍.

ഇപ്പോള്‍ എന്റെ കണക്കുകൂട്ടല്‍ പിടി കിട്ടിക്കാണുമല്ലോ !!
ബഹുമാനപ്പെട്ട വായനക്കാരേ ഞാന്‍ നിരക്ഷരനാണ്. ഇന്നലെയും, ഇന്നും, നാളെയും, എല്ലായ്പ്പോഴും.
(ഹോ രക്ഷപ്പെട്ടു)

പക്ഷെ അതുകൊണ്ട് കഴിഞ്ഞില്ലല്ലോ. ഇനി എഴുതണമല്ലോ. ചുമ്മാ എഴുതിയാല്‍ പോരല്ലോ. ഏറ്റവും കുറഞ്ഞത് ബ്ലോഗ്ഗര്‍ താരം വിശാലമനസ്കന്റെ പോലെ എങ്കിലും എഴുതണമല്ലോ.

നിരക്ഷരനാണെങ്കിലും അത്യാഗ്രഹത്തിനു്‌ ഒരു കുറവും ഇല്ല. അത്യാഗ്രഹത്തിനു്‌ കൈയും കാലും വെച്ചവന്‍. ജയിംസ് മാഷിന്റെ മലയാളം ക്ലാസ്സില്‍ ‘ നെര ‘ കളിച്ചിട്ടുള്ളവന്‍. വീട്ടില്‍ നിന്നു്‌ ആറു മൈല്‍ അപ്പുറമുള്ള തെക്കന്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തില്‍, അബദ്ധത്തിനുപോലും കാലെടുത്തു കുത്താത്തവന്‍.

ഇനി ഇപ്പോ മുപ്പത്തിമുക്കോടി ദേവകളേയും വിളിച്ചിട്ടെന്തു കാര്യം? ഒരു രക്ഷയുമില്ല.

എങ്കിപ്പിന്നെ പുറത്തുനിന്ന് ദൈവങ്ങളെ ഇറക്കാം. പള്ളിപ്പുറം പള്ളീലെ മഞ്ഞുമാതാവിനോടു പറഞ്ഞു നോക്കാം. പറ്റീലെങ്കില്‍ ചെട്ടിക്കാടു പള്ളീലെ അന്തോണീസുണ്യാളന്‍, എടപ്പള്ളിപ്പള്ളി, മലയാറ്റൂര്‍ പള്ളി, പരുമലപ്പള്ളി. ഇതില്‍ ഏതെങ്കിലും ഒരു പുണ്യാളന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെടാതിരിക്കില്ല.

ഇനി അഥവാ ബ്ലോഗെഴുത്തില്‍ രക്ഷപ്പെട്ടില്ലെന്നാലും, അക്കാര്യവും പറഞ്ഞ് ആരെങ്കിലും മെക്കിട്ടുകയറാനോ പീഡിപ്പിക്കാനോ വന്നാല്‍, “പോയി പള്ളീല് പറ ഊവെ “, എന്നു പറഞ്ഞു രക്ഷപ്പെടാമല്ലൊ!! മലയാറ്റൂരോ, ചെട്ടിക്കാടോ, എവിടാന്ന് വെച്ചാല്‍ സൌകര്യം പോലെ പോയി പറഞ്ഞാല്‍ മതി.

തോമാസ്ലീഹായുടെ ഒരു പള്ളിയുണ്ട് അഴീക്കോട്. അവിടെ പോകണമെങ്കില്‍ കടത്തു കടക്കണം. കടത്തു കാര്യം പറഞ്ഞപ്പോളാണ്‌ ഷൌക്കത്തിന്റെ ഓര്‍മ്മ വന്നത്. കടത്തു ബോട്ടിലെ കിളിയായിരുന്നു. രസികന്‍ കഥാപാത്രം. അക്കഥ അടുത്ത പോസ്റ്റില്‍.‍