നാലഞ്ച് വർഷങ്ങൾക്ക് മുൻപ്, ഒരു പ്രമുഖ മലയാള പത്രത്തിന്റെ സൺഡേ സപ്ലിമെന്റിൽ കണ്ട ഒരു വാർത്തയെ ആധാരമാക്കിയായിരുന്നു ആ യാത്ര. പാലക്കാടുള്ള രാമശ്ശേരി എന്ന സ്ഥലത്ത് ഉണ്ടാക്കുന്ന പ്രത്യേകതരം ഇഡ്ഡലിയെപ്പറ്റിയായിരുന്നു ആ ഫീച്ചർ. പ്രത്യേകതരം അടുപ്പിൽ, പ്രത്യേകതരം മൺ പാത്രത്തിൽ, വിറകുകത്തിച്ചുമാത്രം ഉണ്ടാക്കുന്ന ഇഡ്ഡലിയെപ്പറ്റി കൊതിപ്പിക്കുംവിധമാണ് എഴുതിപ്പിടിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ, ഒരു ഇഡ്ഡലിക്കൊതിയനല്ലാതിരുന്നിട്ടുകൂടെ എന്റെ വായിലും വെള്ളമൂറി. എങ്കിലിതൊന്ന് കഴിച്ചിട്ടുതന്നെ ബാക്കി കാര്യം. പക്ഷെ ഇതിനുവേണ്ടിമാത്രം, പാലക്കാടുവരെ പോകാനുള്ള സമയം ഉണ്ടായിരുന്നില്ല.
ഒന്നുരണ്ടുവർഷങ്ങൾ വീണ്ടും കടന്നുപോയി. 2004ൽ, വാമഭാഗത്തിന് ബാഗ്ലൂർ മഹാനഗരത്തിലേക്ക് ജോലിമാറ്റമായി. പിന്നെ രണ്ടരവർഷം താമസം അവിടെയായിരുന്നു. രണ്ടുമാസത്തിലൊരിക്കൽ, എണ്ണപ്പാടത്തെ പണിയെല്ലാം കഴിഞ്ഞ് , ലീവിന് ബാഗ്ലൂര് വരുമ്പോൾ, ആറുവയസ്സുകാരി മകളേയും, മുഴങ്ങോട്ടുകാരി ഭാര്യയുമായി എറണാകുളത്തേക്കൊരുയാത്ര പതിവാണ്. മിക്കവാറും കാറിലായിരിക്കും യാത്ര. 10 മണിക്കൂറിലധികം വരുന്ന ഈ യാത്രയും, ഡ്രൈവിങ്ങും ഞാന്‍ ശരിക്കുമാസ്വദിച്ചിരുന്നു. അങ്ങിനെയൊരു ബാഗ്ലൂർ-എറണാകുളം യാത്രയില്‍ പാലക്കാട് ഹൈ-വേയിൽ വെച്ച് ഒരു മിന്നായം പോലെ ഞാൻ ആ ബോർഡ് കണ്ടു.
പോള്ളച്ചിയിലേക്ക് റോഡ് തിരിയുന്നതിനുന് ഏകദേശം 5 കിലോമീറ്റർ മുൻപായി ഇടതുവശത്ത്, ഒരു കൊച്ചുവഴി ഉള്ളിലേക്കുപോകുന്നു. സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞുകാണും. വാളയാർ കടന്നാൽപ്പിന്നെ എളുപ്പം വീടുപിടിക്കാനാണ് ശ്രമം. ഇഡ്ഡലികഴിക്കാന്‍ പറ്റിയ സമയവുമല്ല.
മനസ്സിൽ അപ്പോൾത്തന്നെ പദ്ധതിയിട്ടു. മടക്കയാത്രയിൽ ബ്രേക്ക്‌ഫാസ്റ്റ് രാമശ്ശേരി ഇഡ്ഡലിതന്നെ. സാധാരണ രാവിലെ 5നും, 6നും ഇടയിൽ മടക്കയാത്ര ആരംഭിക്കാറുണ്ട്. തൃശൂർ-പാലക്കാട് റൂട്ടിലെ ഒരു കോഫി ഹൌസിൽ നിന്നാണ് ബ്രേക്ക്‍ഫാസ്റ്റ് പതിവ്. ഇപ്രാവശ്യം 4:30ന് യാത്ര ആരംഭിച്ചു. പരിചയമില്ലാത്ത സ്ഥലത്തല്ലെ പോകേണ്ടത്. കുറച്ച് നേരത്തേ ഇറങ്ങുന്നതിൽ തെറ്റില്ലല്ലോ?
8 മണിക്കുമുൻപുതന്നെ രാമശ്ശേരിക്കുള്ള വഴി തിരിയുന്നിടത്തെത്തി. അവിടുന്നങ്ങോട്ടുള്ള വഴി, ഒരു നല്ല നാട്ടിൻപുറത്തിന്റെ എല്ലാ ലക്ഷണങ്ങളുമൊത്തിണങ്ങിയതായിരുന്നു. 2 കിലോമീറ്ററോളം അകത്തേക്കുചെന്നപ്പോൾ വഴിതെറ്റിയോന്നൊരു സംശയം?!
മുണ്ടുമാത്രം ഉടുത്ത് നടന്നുപോകുന്ന ഒരു നാട്ടിൻപുറത്തുകാരന്റെ അടുത്ത് വണ്ടി നിർത്തി.
” ചേട്ടാ, രാമശ്ശേരിയിലേക്കുള്ള വഴി ഇതുതന്നെയല്ലേ?”
” ഇഡ്ഡലി കഴിക്കാനല്ലേ? നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ മതി.”
ചെറിയൊരു ഇളിഭ്യത തോന്നാതിരുന്നില്ല. എല്ലാവർക്കും മനസ്സിലായിരിക്കുന്നു അതിരാവിലെ ഇഡ്ഡലി തിന്നാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് !!!
എന്തായാലും, ഇഡ്ഡലി ഇക്കരയിൽ പ്രസിദ്ധിയാർജ്ജിച്ചതാണെന്നുറപ്പായി. വലത്തോട്ടുള്ള വളവുതിരിഞ്ഞപ്പോൾ, വലത്തുവശത്തുള്ള പഞ്ചായത്ത് ടാപ്പിന്റെ ചുറ്റും വെള്ളമെടുക്കാൻ വന്നിരിക്കുന്ന സ്ത്രീകളുടെയെല്ലാവരുടെയും മുഖത്ത് ഒരു ചെറു ചിരി. എല്ലാവർക്കും കാര്യം മനസ്സിലായിരിക്കുന്നു. കർണ്ണാടക രജിസ്ട്രേഷൻ വണ്ടി, ഈ സമയത്തിവിടെ വരണമെങ്കിൽ അതിനുകാരണം ഇഡ്ഡലി തന്നെയാണെന്ന് അവർക്കുറപ്പാണ്.
നാറ്റക്കേസായോ? മടങ്ങിപ്പോകണോ?…….
ഇല്ല. മടങ്ങുന്നില്ല. വരുന്നിടത്തുവച്ചുകാണാം. ഇഡ്ഡലി തിന്നിട്ടുതന്നെ ബാക്കി കാര്യം.
വീണ്ടും 1 കിലോമീറ്റർ പോയിക്കാണും. ഇടത്തുവശത്ത് ഒരമ്പലത്തിന്റെ മതിൽക്കെട്ടിന് ഓരം ചേര്‍ത്ത് വണ്ടി നിര്‍ത്തി. മറുവശത്തായി ഒരു ചായക്കട. ഭഗവതിവിലാസം ചായക്കടയെന്നൊക്കെപ്പറയില്ലെ? അതുതന്നെ സെറ്റപ്പ്. ‘ശ്രീ സരസ്വതി ടീസ്റ്റാൾ, രാമശ്ശേരി ഇഡ്ഡലി കട‘ എന്ന് ബോർഡ് വെച്ചിട്ടുണ്ട്.
അകത്തുകയറി ഇഡ്ഡലിക്ക് ഓർഡർ കൊടുത്തു. ഫ്രഷ് ഇഡ്ഡലി വേണമെങ്കില്‍ കുറച്ച് താമസിക്കും. മൂന്ന് ഇഡ്ഡലി ഉണ്ടാക്കാൻ അരമണിക്കൂർ സമയമെടുക്കുമത്രേ. ഇഡ്ഡലിയുടെ ആകൃതിയിലും ചെറിയ വ്യത്യാസം ഉണ്ട്. അപ്പം പോലെ കുറച്ച് പരന്നിട്ടാണ്. വട്ടം സാധാരണ ഇഡ്ഡലിയേക്കാൾ കൂടുതലാണ്. മേശപ്പുറത്ത് ഇഡ്ഡലി വരുന്നതിനിടയിൽ, ഞാന്‍ അടുക്കളയിലേക്കൊന്ന് കയറിനോക്കി. നാലഞ്ച് കല്ലടുപ്പുകളിലായി തിരക്കിട്ട പാചകം നടക്കുന്നു. കണ്ടിട്ട് എല്ലാം ഇഡ്ഡലി തന്നെയാണെന്ന് തോന്നുന്നു. വിളമ്പലുകാരനുമായി ലോഹ്യം പറഞ്ഞപ്പോൾ ഇഡ്ഡലിയെപ്പറ്റി കൂടുതൽ വിവരങ്ങൾ കിട്ടി. ഹൈവെയിലുള്ള മറ്റുഹോട്ടലുകളിലും രാമശ്ശേരി ഇഡ്ഡലി കിട്ടും. എല്ലാം ഇവിടന്നുതന്നെ ഉണ്ടാക്കി എത്തിച്ചുകൊടുക്കുന്നതാണെന്നുമാത്രം. അതിന്റെ തിരക്കാണ് അടുക്കളയിൽ. പകൽ മുഴുവൻ ഇഡ്ഡലി നിർമ്മാണം നടന്നുകൊണ്ടിരിക്കും.
![]() |
രാമശ്ശേരി ഇഡ്ഡലി – (ചിത്രം : ഷാജി മുള്ളൂക്കാരൻ) |
അപ്പോൾ ന്യായമായും ഉയരാവുന്ന ഒരു സംശയമുണ്ട് !? വൈകുന്നേരമാകുമ്പോളേക്കും ഇഡ്ഡലി ചീത്തയായിപ്പോകില്ലേ? ഇല്ല. ഈ ഇഡ്ഡലി ഒരാഴ്ച വരെ, ഒരു കേടുപാടും, രുചിവ്യത്യാസവുമില്ലാതെ ഇരുന്നോളും.
പത്രത്തിൽ വായിച്ചിരുന്ന മറ്റൊരുകാര്യം ഓർമ്മ വന്നു. രാമശ്ശേരി ഇഡ്ഡലിയുടെ പ്രശസ്തി വിറ്റു കാശാക്കാൻ വേണ്ടി, ഒരു പ്രശസ്ത ഹോട്ടൽ ഗ്രൂപ്പുകാർ ഒരു ശ്രമം നടത്തി. ഇവിടന്നൊരു പാചകക്കാരി സ്ത്രീയെക്കൊണ്ടുപോയി അവരുടെ ഫൈവ് സ്റ്റാർ അടുക്കളയിൽ, ഇഡ്ഡലി ഉണ്ടാക്കാൻ ഒന്നു ശ്രമിച്ചു നോക്കി. പക്ഷെ പണി പാളി. ഗ്യാസടുപ്പും, സ്റ്റീൽ പാത്രങ്ങളുമുപയോഗിച്ച് രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കാൻ പറ്റില്ലെന്നുള്ള തിരിച്ചറിവുകൂടിയായിരുന്നത്.
സ്വാദിലും, ആകൃതിയിലും വ്യത്യാസമുള്ള ഇഡ്ഡലി ആസ്വദിച്ചുതന്നെ കഴിച്ചു. അവിടെത്തന്നെയുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയും, പരീക്ഷണാർത്ഥം ഒരു ഡസൻ ഇഡ്ഡലിയും പൊതിഞ്ഞുവാങ്ങുകയും ചെയ്തു. 3 ദിവസം വരെ ഒരു കുഴപ്പവുമില്ലാതെ ഞങ്ങളത് കഴിക്കുകയും ചെയ്തു. അതിനുമുകളിൽ പരീക്ഷണം നീട്ടിക്കൊണ്ടുപോകാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല.
ഹൈവേയിലേക്കുള്ള മടക്കയാത്രയിലും, ഇഡ്ഡലിതീറ്റക്കാരായ ഞങ്ങളെ നോക്കി ചിരിക്കുന്ന പല മുഖങ്ങളും കണ്ടു. പക്ഷെ ഇപ്പോൾ യാതൊരുവിധത്തിലുമുള്ള നാണക്കേടോ, ചമ്മലോ തോന്നിയില്ല. പകരം, മഹത്തായ എന്തോ ഒരു കാര്യം ചെയ്തുതീർത്തതിന്റെ അനുഭൂതി മാത്രം.