Monthly Archives: January 2008

ഒരു പേരിലെന്തിരിക്കുന്നു ?!!


രു പേരിലെന്തിരിക്കുന്നു എന്ന വിഷയത്തെപ്പറ്റി മിക്കവാറും എല്ലാവരും ആവശ്യത്തിലും അതിലധികവും, എഴുതുകയും തര്‍ക്കിക്കുകയുമെല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. എന്നാലും, ഒരു ബ്ലോഗറായ സ്ഥിതിക്ക് ഈ വിഷയത്തെപ്പറ്റി ഈയുള്ളവന്റെ വഹ ഒരു കുറിപ്പെങ്കിലും എഴുതിയില്ലെങ്കില്‍ കുറച്ചിലല്ലേ ?

ബ്ലോഗാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ ഒരു ബ്ലോഗപ്പേര് ഇടണമെന്ന് കരുതിയിരുന്നു. വളരെയധികം ആലോചിച്ചിട്ടാണങ്കിലും നിരക്ഷരന്‍ എന്ന പേര് മന‍സ്സിലോടിയെത്തിയപ്പോള്‍ത്തന്നെ അതങ്ങ് ഉറപ്പിക്കുകയായിരുന്നു. കാര്യകാരണസഹിതം അന്നുതന്നെ ‍ ആ പേരിനുപിന്നിലെ രഹസ്യം വിശദീകരിച്ചിട്ടുണ്ട്.

രണ്ട്മൂന്ന് പോസ്റ്റുകള്‍ ചെയ്തപ്പോളേക്കും പല ബ്ലോഗന്മാരും, ബ്ലോഗിണിമാരും ആ പേരിനെ വളരെ സ്നേഹത്തോടെ നീട്ടിയും, കുറുക്കിയുമൊക്കെ വിളിക്കാന്‍ തുടങ്ങി. സാജന്‍ നിര്‍ എന്ന് വിളിച്ചപ്പോള്‍, ജിഹേഷ് നിരു എന്നാണ് വിളിച്ചത്.
നിരക്ഷു എന്നോ നിരക്ഷ് എന്നോ വിളിച്ചോട്ടേ എന്നാണ് ആഷ ചോദിക്കുന്നത്.
നിരക്ഷരന്‍ ചേട്ടാ എന്നല്ലാതെ മറ്റൊന്നും വിളിക്കുന്ന പ്രശ്നമില്ല എന്നാണ് ശ്രീ പറയുന്നത്. ‘നീ-രാക്ഷസന്‍’ എന്നുവരെ വിളിച്ചവരുണ്ട്.

നിരക്ഷരന്‍ എന്ന പേര്, എനിക്കുവേണ്ടി, എന്നാല്‍, എന്നിലൂടെ, ഞാന്‍ തന്നെ സ്വീകരിച്ച പേരാണ്. അതെങ്ങിനെ വേണമെങ്കിലും മാറ്റിയോ മറിച്ചോ, നീട്ടിയോ കുറുക്കിയോ വിളിച്ചോളൂ. സസന്തോഷം വിളി കേട്ടോളാം.

മനോജ് എന്ന ‘മനോഹരമായ’ എന്റെ സ്വന്തം പേരിനേയും ഇതുപോലെതന്നെ പലരും, പലവട്ടം, നീട്ടുകയും കുറുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

പഠിക്കുന്ന കാലത്ത്, ഹോസ്റ്റല്‍ വാര്‍ഡന്‍ ജിമ്മി സാര്‍ അതിനെ ‘മഞ്ചു‘ എന്ന് സ്ത്രൈണീകരിപ്പിച്ചത്, അങ്ങോര് കെട്ടാ‍ന്‍ പോകുന്ന പെണ്ണിന്റെ പേര് മഞ്ചു എന്നായതുകൊണ്ടാണെന്ന് കരുതി ഞാനങ്ങ് ക്ഷമിച്ചു.
(ക്ഷമിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താകാനും മതി.)
സ്ഥിരം കാണാറുള്ള സ്കോട്ട്‌ലാന്‍‌ഡുകാരനായ ഇവാന്‍ ക്രോംബി ‘മാഞ്ചോ’ എന്നല്ലാതെ വിളിക്കാറില്ല. അറബികളായ സഹപ്രവര്‍ത്തകര്‍ പലരും വിളിക്കുന്നത് കേട്ടാല്‍ വല്ല തെറിയോ മറ്റോ ആണെന്ന് കരുതി ചെവിപൊത്തിപ്പിടിക്കാനാണ് ആദ്യം തോന്നുക. ഒരിക്കല്‍, ഔദ്യോഗിക ആവശ്യത്തിനുവേണ്ടി പുറത്തെവിടെയോ പോയപ്പോള്‍ ഹോട്ടലില്‍ താമസിച്ചതിന്റെ ബില്ലില്‍ അവന്മാര് ‘മാങ്കോ’ എന്നടിച്ച് വെച്ചിരിക്കുന്നു. ആ ‘മാങ്കോ’ ഞാന്‍ തന്നെയാണെന്ന് എന്റെ അക്കൌണ്ട്സ് സഹപ്രവര്‍ത്തകരെ പറഞ്ഞ് മനന്നിലാക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ.
മനൂഷ്, മനാഷ്, മനോഗ് എന്നൊക്കെയുള്ള വിളികളും ഇഷ്ടം‌പോലെ കേട്ടിരിക്കുന്നു.

വയ്യാ‍.. മടുത്തൂ…

ഇനിയാരെങ്കിലും മങ്കീന്നോ, മാങ്ങാത്തൊലീന്നോ,മനോരോഗീന്നോ വിളിക്കാന്‍ തുടങ്ങും മുന്‍പ് ഞാനൊരു അവസാനവാക്ക് പറയുകയാണ്.

മനോജ് എന്ന എന്റെ ഔദ്യോഗിക നാമത്തില്‍ തൊട്ടുകളിച്ചാല്‍ എല്ലാവരും വിവരമറിയും!!

അതിനൊരുകാരണംകൂടെയുണ്ട്. ഈ പേര് എനിക്ക് ഞാനിട്ട പേരല്ല. അച്ഛനോ, അമ്മയോ, അപ്പൂപ്പനോ, അമ്മൂമ്മയോ, സഹോദരീസഹോദരന്മാരോ, മറ്റേതെങ്കിലും ബന്ധുക്കളോ, കുടുംബസുഹൃത്തുക്കളോ ഇട്ട പേരല്ല.

ഈ പേരിട്ട ആളെ ഞാന്‍ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. പക്ഷെ ഒന്നെനിക്കറിയാം. ലോകത്തൊരു മനുഷ്യക്കുഞ്ഞിനും ഇത്തരം ഒരു പേരിടീല്‍ സംഭവം അനുഭവത്തിലുണ്ടായിക്കാണില്ല. അവിടെയാണ് ഈ പേരിന്റെ മഹത്വം കുടിയിരിക്കുന്നത്.

അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ പല്ലും, നഖവും, പിന്നെ കയ്യില്‍ക്കിട്ടിയതെന്തും എടുത്ത് നേരിടുമെന്ന്, എനിക്കീപ്പേരിട്ട , ഞാന്‍ ഭൂജാതനായ വിവരമറിഞ്ഞ് ഓടി വീട്ടില്‍ വന്ന്, എന്റെ പേരില്‍ പോളിസിയെടുപ്പിക്കാന്‍ ശുഷ്ക്കാന്തി കാണിച്ച, എനിക്ക് പേരില്ലാത്തതിന്റെ പേരില്‍ പോളിസി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി, അന്നാട്ടിലുള്ളതില്‍ വെച്ചേറ്റവും ബെസ്റ്റ് പേരെനിക്കിട്ട, ഞങ്ങളുടെ L.I.C.ഏജന്റിന്റെ പേരില്‍ ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തുകൊള്ളുന്നു.

ഗുണപാഠം:- ഒരു പേരില്‍ ഒന്നും ഇരിക്കുന്നില്ല. പക്ഷെ ആ പേര് ആരാണിട്ടത് എന്നതിലാണ് എല്ലാമിരിക്കുന്നത്.