2002 ന്റെ അവസാനത്തില്‍ എപ്പോഴോ ഒരിക്കല്‍ ജോലിസംബന്ധമായ ആവശ്യത്തിനുവേണ്ടി ബോബെയില്‍ താമസിക്കുമ്പോഴാണ്,സഹപ്രവര്‍ത്തകനായ ഗുരുവായൂരുകാരന്‍ ഭാസ്ക്കരേട്ടന്‍, നമുക്കൊന്ന് കൊളാബയിലും, വീ.ട്ടി.യിലുമൊക്കെ കറങ്ങിവരാമെന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബയില്‍ രണ്ട് മൂന്ന് വര്‍ഷം ജീവിച്ചിട്ടുണ്ട്. അന്നൊക്കെ ആവശ്യത്തിലധികം കറങ്ങിനടന്നിട്ടുള്ള സ്ഥലങ്ങളായതുകൊണ്ട്, മഹാനഗരത്തിലെ തിരക്കുള്ള തീവണ്ടിയില്‍ തൂങ്ങിക്കയറി ഒരു യാത്ര തീരെ താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ പ്രായത്തില്‍ ഒരുപാട് മുതിര്‍ന്ന ഭാസ്ക്കരേട്ടനോട് മറുത്ത് പറയാന്‍ ഒരു വിഷമം.
അതുകൊണ്ടെന്തായി ? വിജ്ഞാനപ്രദമായ നല്ലൊരു യാത്ര ആ ദിവസം തരമായി.
കൂട്ടത്തില്‍ മറ്റൊരു സഹപ്രവര്‍ത്തകനും ഇത്തരം യാത്രകളില്‍ പലതിലും എന്റെ കൂടെയുണ്ടാകാറുള്ള ചങ്കരങ്കുളത്തുകാരന്‍ നിഷാദുമുണ്ട്. ട്രെയിനില്‍ ചര്‍ച്ച് ഗേറ്റ് വരെ, അവിടന്നങ്ങോട്ട് ടാക്സിയില്‍ കൊളാബയിലേക്ക്.
ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ ചെന്നപ്പോളാണ് ഭാസ്ക്കരേട്ടന്‍ യാത്രാലക്ഷ്യം പുറത്തുവിടുന്നത്. ഗേറ്റ് വേ ഇന്ത്യയില്‍ നിന്ന് കുറച്ച് മാറി വെള്ളത്തില്‍ I.N.S. വിക്രാന്ത് എന്ന ഇന്ത്യന്‍ നേവിയുടെ പ്രശസ്തമായ പഴയ ഒരു വിമാനവാഹിനിക്കപ്പല്‍ കിടക്കുന്നുണ്ട്. 1997 ജനുവരി 31 മുതല്‍ അവളെ ഡീകമ്മിഷന്‍ ചെയ്തിരിക്കുകയാണ്. ഇപ്പോളത് ഒരു വാര്‍ മ്യൂസിയമാക്കി പൊതുജനത്തിന് തുറന്നുകൊടുത്തിരിക്കുന്നു. അവളിപ്പോള്‍ I.N.S.വിക്രാന്തല്ല, I.M.S.(ഇന്ത്യന്‍ മ്യൂസിയം ഷിപ്പ് )വിക്രാന്താണ്.
ഗേറ്റ് വേയില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം കപ്പലിലേക്ക് പോകാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കരയില്‍ നിന്നും നോക്കിയാല്‍ ദൂരെയായി അവളെ കാണുകയും ചെയ്യാം. പഴയ ഒരു പട്ടാളക്കാരനും, മര്‍ച്ചന്റ് നേവിക്കാരനുമൊക്കെയായ ഭാസ്ക്കരേട്ടന്‍ വിക്രാന്ത് കാണാന്‍ കൊതിക്കുന്നതില്‍ എനിക്കൊരതിശയവും തോന്നിയില്ല.
വിക്രാന്താണ് ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലെന്നൊക്കെയുള്ള സ്കൂളില്‍ പഠിക്കുന്ന കാലത്തുള്ള ചില വിവരങ്ങളല്ലാതെ അതിനുള്ളില്‍ കയറാന്‍ ഒരവസരം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ചെറിയൊരു ബോട്ടില്‍ 5 മിനിട്ടോളം യാത്ര ചെയ്തപ്പോള്‍ വിക്രാന്തിന്റെ ചുവട്ടിലെത്തി. കീഴെ മരത്തിന്റെ ഒരു ഏണിയുണ്ട്. അതിലൂടെ മുകളിലേക്ക് കയറിച്ചെന്നപ്പോള്‍ സ്വീകരിച്ചത് ജീവനുള്ളതും ഇല്ലാത്തതുമായ കുറെ നാവികരാണ്.
പിന്നീടങ്ങോട്ട് വിക്രാന്തിന്റെ യുദ്ധമാഹാത്മ്യവും ചരിത്രവുമൊക്കെ വിവരിക്കുന്ന ഉള്ളറകളിലൂടെ മണിക്കൂറുകളോളം കറങ്ങി നടന്നു.
1961 ല്‍ ഗോവാ ലിബറേഷനിലും, 1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിലും ഇവള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 2 മഹാവീര്‍ ചക്രവും, 12 വീരചക്രവും 20 വര്‍ഷത്തോളം ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായി നിലകൊണ്ട വിക്രാന്തിന് കിട്ടിയിട്ടുണ്ട്.
ഇതാണാ മഹത്തായ കപ്പലിന്റെ വീല്‍ ഹൌസ്. ഇന്നുള്ള പുത്തന്‍ തലമുറയിലെ കപ്പലുകളിലൊന്നും ഈ കാണുന്ന കാലഹരണപ്പെട്ട സംവിധാനങ്ങള്‍ ഒന്നും കാണാന്‍ കഴിഞ്ഞെന്ന് വരില്ല.
കപ്പലിന്റെ മുകളിലെ ഡക്കില്‍, അതിന്റെ റണ്‍വേയില്‍ ഉയര്‍ന്ന് പൊങ്ങുകയും താഴുകയും ചെയ്തിരുന്ന പഴയ സീ ഹോക്ക് വിമാനവും, ചേതക്ക് ഹെലിക്കോപ്പ്‌റ്ററുമൊക്കെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എല്ലാത്തിനും അകത്ത് കയറി നോക്കി.
കൂറ്റന്‍ ഒരു ഹാങ്ങര്‍, സ്കൈ ജമ്പിങ്ങിനുള്ള സൌകര്യം തുടങ്ങിയതൊക്കെ വിക്രാന്തിനകത്തുണ്ട്.
മുങ്ങിക്കപ്പലുകളുടെ മോഡ്യൂളുകള്‍, നീന്തല്‍ വസ്ത്രങ്ങള്‍, മൈനുകള്‍, ബോംബുകള്‍,കൂടാതെ ഇന്ത്യന്‍ കര,വ്യോമ,നാവിക സേനകളുടെ പല വീരശൃഖലകളും മറ്റും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പോര്‍വിമാനങ്ങള്‍ വന്നിറങ്ങുകയും പൊങ്ങുകയും ചെയ്തിരുന്ന റണ്‍വേ കണ്ടില്ലേ ?
ഈ റണ്‍വേയില്‍ എത്ര എത്ര വിമാനങ്ങള്‍ ഇരമ്പിക്കൊണ്ട് പറന്നുയരുകയും, ഇറങ്ങുകയും ചെയ്തുകാണും യുദ്ധകാലങ്ങളില്‍ ?!!!
വിക്രാന്തിന്റെ മുകളിലെ ഡെക്കില്‍നിന്ന് നോക്കുമ്പോള്‍ ദൂരെയായി മുംബൈ തീരം കാണാം.
കുറെ കറങ്ങി നടന്നപ്പോള്‍ ചെറുതായി ക്ഷീണിച്ചു. എന്തെങ്കിലും കുടിക്കാനും കഴിക്കാനുമൊക്കെയുള്ള താല്‍ക്കാലിക സൌകര്യമെന്ന നിലയില്‍ പ്രൊപ്പല്ലറിന്റെ ആകൃതിയിലുള്ള മേശകളുള്ള ഒരു കഫ്‌ത്തീരിയ കപ്പലിനകത്ത് ഒരുക്കിയിട്ടുണ്ട്.
അവിടന്ന് ഒരോ കാപ്പിയും, വടാ പാവും അടിച്ച് തല്‍ക്കാലം ക്ഷീണം മാറ്റി. ബാക്കി ഇനി കരയ്ക്ക് ചെന്നിട്ടാകാം.ക്യൂരിയോ ഷോപ്പ് ഒരെണ്ണമുണ്ട് അകത്ത്. വാങ്ങാന്‍ പറ്റിയ താല്‍പ്പര്യമുള്ളതൊന്നും അവിടെ കണാഞ്ഞതുകൊണ്ട് ഒന്നും വാങ്ങിയില്ല.
മടങ്ങുമ്പോള്‍ വെള്ളത്തില്‍ നിന്നും കാണുന്ന ഗേറ്റ് വേയുടെ ഒരു പടം എടുക്കാതിരിക്കാനായില്ല. കരയില്‍ നിന്നുള്ള പടം പലപ്രാവശ്യം എടുത്തിട്ടുള്ളതാണ്.
ഉച്ചഭക്ഷണം കൊളാബയിലെ സ്ഥിരം റസ്റ്റോറന്റായ കഫേ മോണ്‍ടേഗറില്‍ നിന്നു തന്നെയാക്കി. ചുമരിലെ കാര്‍ട്ടൂണുകളും,മച്ചിലെ പഴയ തടിയന്‍ ഫാനുകളും എല്ലാം കൂടെ വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കുന്നത്. വിദേശികളുടേയും, ഭാസ്ക്കരേട്ടനെപ്പോലുള്ള പഴയ നാവികന്മാരുടേയും, പുതിയ തലമുറക്കാരുടേയുമൊക്കെ പ്രിയപ്പെട്ട ഒരു ജോയന്റാണ് കഫേ മോണ്‍ടേഗര്‍.
വൈകീട്ട്, താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍, കൂറ്റന്‍ സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിക്രാന്തിന്റെ എഞ്ചിന്‍ റൂമില്‍ കയറാന്‍ പറ്റിയില്ലെന്ന ദുഖം മാത്രം ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു.
—————————————————–
വിക്രാന്തിനെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവക്ക് വേണ്ടി ഒരു ലിങ്ക് ഇതാ.
http://www.globalsecurity.org/military/world/india/r-vikrant.htm