Monthly Archives: May 2008

sunset

വിളക്കുമരം


തൊരു വിളക്കുമരത്തിന്റെ ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മുസരീസ് എന്ന പേരില്‍ പ്രസിദ്ധമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ കവാടത്തില്‍, കടലിലേക്ക് കല്ലിട്ട് ഉണ്ടാക്കിയിട്ടുള്ള പുലിമുട്ടിലാണ് (Break water wall) ഇത് നിന്നിരുന്നത്.

കടലില്‍ നിന്ന് കരയിലേക്ക് കയറി വരുന്ന മത്സ്യബന്ധനബോട്ടുകള്‍‍ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറി അപകടം ഉണ്ടാകുന്നത് ഒരു നിത്യസംഭവമായിരുന്നു, 70 കളില്‍. അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ലക്ഷക്കണക്കിന് രൂപാ ചിലവിട്ട് സര്‍ക്കാര്‍ പുലിമുട്ടുണ്ടാക്കി. പുലിമുട്ടിന്റെ അറ്റത്ത് ഈ വിളക്കുമരവും സ്ഥാപിക്കപ്പെട്ടു.

മണ്ണെണ്ണയൊഴിച്ചുവേണം വിളക്കുമരം തെളിയിക്കാന്‍. കുറേ നാള്‍ ആ കര്‍മ്മം നാട്ടുകാരും, പൌരസമിതിയുമൊക്കെ നടത്തിപ്പോന്നു. നാട്ടുകാരുടെ പണവും ആവേശവും തീര്‍ന്നപ്പോള്‍ വിളക്കുമരം തെളിയാതായി.

വീണ്ടും കുറെ നാള്‍ കഴിഞ്ഞപ്പോള്‍, ഇതുപോലെ ചില ചിത്രങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്, പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ട ഒരു തുറമുഖത്തിന്റെ അവസാനത്തെ ചിഹ്നങ്ങളിലൊന്നായിരുന്ന വിളക്കുമരവും ആ പുലിമുട്ടില്‍ നിന്ന് അപ്രത്യക്ഷമായി.
————————————————————-

മുസരീസ് തുറമുഖത്തിന്റെ ഇപ്പോഴത്തെ ഒരു ഗൂഗില്‍ ചിത്രം പുതുതായി ഈ പോസ്റ്റില്‍ ചേര്‍ക്കുന്നു. രണ്ടുവശത്തേക്കും കടലിലേക്ക് നീണ്ടുനില്‍ക്കുന്ന സംഭവമാണ് പുലിമുട്ടുകള്‍. രണ്ട് കരയിലും ഓരോ പുലിമുട്ടികള്‍ വീതം ഉണ്ട്. മുകളില്‍ കാണുന്നത് അഴീക്കോട് കര, താഴെ കാണുന്നത് മുനമ്പം കര. മുനമ്പം കരയിലെ വിളക്കുമരമാണ് ആദ്യത്തെ ചിത്രത്തിലുള്ളത്. അഴീക്കോട് കരയിലെ വിളക്കുമരവും അപ്രത്യക്ഷമാ‍യി എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പുലിമുട്ടുകള്‍ക്ക് വശങ്ങളിലായി വെളുത്ത നിറത്തില്‍ കാണുന്നത്, പുലിമുട്ട് സ്ഥാപിച്ചതിനുശേഷം മണ്ണടിഞ്ഞുണ്ടായ മണല്‍ത്തിട്ടകള്‍ അധവാ ബീച്ചുകളാണ്. പുലിമുട്ടുകളില്‍ നിന്ന് കടലിലേക്ക് കാണപ്പെടുന്ന ചില ചെറു വരകള്‍ ശ്രദ്ധിച്ചോ ? അതെല്ലാം ചീനവലകളാണ്.