Monthly Archives: May 2008

mazha-1-083

കുറുവ ദ്വീപ്


കുറുവ ദ്വീപിലേക്ക് പോയാലോ ? “

ചോദ്യം വയനാട്ടിലെ മാ‍നന്തവാടിക്കാരനായ സുഹൃത്ത് ഹരിയുടേതാണ്.

പല പ്രാവശ്യം ഹരിയും മറ്റ് മാനന്തവാടി സുഹൃത്തുക്കളും കുറുവ ദ്വീപിനെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. അവിടെ പോകാന്‍ ഒത്തുവന്ന ഒരവസരം എന്തിന് പാഴാക്കണം ?

ഹരിയുടെ കാറില്‍ യാത്ര പുറപ്പെട്ടപ്പോള്‍ത്തന്നെ മഴ പെയ്ത് തുടങ്ങിയിരുന്നു. മാനന്തവാടിയില്‍ നിന്ന് ‘കാട്ടിക്കുളത്ത്’ എത്തുന്നതിന് ഏകദേശം ഒരു കിലോമീറ്റര്‍ മുന്‍പായി ‘ചങ്ങല ഗേറ്റില്‍’ നിന്നും വലത്തേക്ക് തിരിഞ്ഞ് പിന്നേയും 4 കിലോമീറ്ററോളം പോയപ്പോള്‍ കുറുവ ദ്വീപിന് മുന്നിലെത്തി. മൊത്തം 16 കിലോമീറ്റര്‍ പോയിക്കാണും. ദ്വീപിന്റെ ഇക്കരെ വാഹനം പാര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോഴേക്കും മഴ ശക്തമായിക്കഴിഞ്ഞിരുന്നു.

കേരളത്തിലെ‍, കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നാ‍യ കബനി‍യുടെ ശാഖകളാല്‍ ചുറ്റപ്പെട്ടാണ് 950 ഏക്കറോളം വരുന്ന ആള്‍ത്താമസമൊന്നുമില്ലാത്ത കുറുവ ദ്വീപ് കിടക്കുന്നത്.

2007 മെയ് മാസമാണ്. കാലവര്‍ഷം ആരംഭിച്ചുകഴിഞ്ഞു. കബനീനദി കലങ്ങി മറിഞ്ഞ് ഒഴുകുന്നു. നദിയില്‍ വെള്ളം കൂടുതലാണിപ്പോള്‍ എന്നാണ് ഹരിയുടെ അഭിപ്രായം. വെള്ളം കുറവുള്ള സമയത്ത് ചില ഹോട്ടല്‍ ഗ്രൂപ്പുകാര്‍ നദിക്ക് കുറുകെ കയര്‍ കെട്ടി ലൈഫ് ജാക്കറ്റൊക്കെ ഇട്ട് പുഴകടക്കാനുള്ള ചില സാഹസികമായ സൌകര്യങ്ങളൊക്കെ ഉണ്ടാക്കാറുണ്ടത്രേ! പുഴയില്‍ ചീങ്കണ്ണിയോ, മുതലയോ മറ്റോ ഉണ്ടെന്നും ആരേയോ കടിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയും ചുറ്റുവട്ടത്തൊക്കെ കേള്‍ക്കാനുണ്ട്. പുഴ കിഴക്കോട്ടൊഴുകി ‘ബാവലി’ കഴിഞ്ഞ് കര്‍ണ്ണാടകത്തിലെ ‘ബീച്ചനഹള്ളി’ ഡാമിലെത്തിച്ചേരുന്നു. ഈ ഡാമാണത്രേ കര്‍ണ്ണാടകത്തിലേക്കുള്ള ശുദ്ധജലവിതരണത്തിന്റെ ഒരു സ്രോതസ്സ്.

ദ്വീപിലേക്ക് പോകേണ്ടത് നാലഞ്ച് പേര്‍ക്ക് കയറാവുന്ന ചെറിയ ഫൈബര്‍ ബോട്ടിലാണ്. ടിക്കറ്റ് കൌണ്ടറില്‍ ഇരിക്കുന്നത് ഹരിയുടെ പരിചയക്കാരനാണ്. മഴ ഒന്ന് ശമിക്കുന്നതുവരെ മുളവെച്ച് കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ആ കൊച്ചുകൂടാരത്തില്‍ കയറി നിന്നു.

മഴമാറിയിട്ട് ദ്വീപിലേക്ക് പോകലുണ്ടാകില്ലെന്ന് തോന്നിയതുകൊണ്ട് കയ്യിലുള്ള ഒരു കുടക്കീഴില്‍ത്തന്നെ രണ്ടുപേരും പുഴക്കടവിലേക്ക് നടന്നു. മൂന്നാല് ബോട്ടുകള്‍ കിടക്കുന്നുണ്ട് കരയില്‍. മറുകരയിലും ഒരു ബോട്ട് കണ്ടു.

മഴയത്ത് നനഞ്ഞ് കുളിച്ച് നാലഞ്ച് ചെറുപ്പക്കാര്‍ ഇക്കരയിലേക്ക് വന്നു കയറി. സംസാരം കേട്ടപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും വന്ന സഞ്ചാരികളാണെന്ന് തോന്നി. ആ ബോട്ടില്‍ തന്നെ ഞങ്ങള്‍ ദ്വീപിലേക്ക് പുറപ്പെട്ടു. മഴ വീണ്ടും കൂടി. ഒരു അപകടം ഉണ്ടായാ‍ല്‍ എന്ത് ചെയ്യുമെന്ന്, എങ്ങനെ രക്ഷപ്പെടുമെന്ന് എന്നിലെ ഓയല്‍ഫീല്‍ഡുകാരന്‍ ചിന്തിക്കാ‍ന്‍ തുടങ്ങി. എന്തായാലും, വിചാരിച്ചതുപോലെ കുഴപ്പമൊന്നുമില്ലാതെ ദ്വീപിലെത്തി.
ചെന്നപ്പോള്‍ തന്നെ കയ്യിലിരുന്ന ബാഗെല്ലാം പരിശോധിക്കാന്‍ ഗാര്‍ഡ് എത്തി. മദ്യപാനമൊന്നും അവിടെ നടക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. വനസംരക്ഷണസമിതിയും, സംസ്ഥാന‍ ടൂറിസം പ്രമോഷന്‍ കൌണ്‍സിലുമൊക്കെ ചേര്‍ന്നാണ് ഇപ്പോള്‍ കുറുവാ ദ്വീപിന്റെ സംരക്ഷണവും, ടൂറിസവുമൊക്കെ നടത്തിക്കൊണ്ടുപോകുന്നത്.

50 രൂപ കൊടുത്താല്‍ ഒരു ഗൈഡിനെ കിട്ടും. ദ്വീപ് മൊത്തം നമ്മളൊറ്റയ്ക്ക് കറങ്ങിനടന്നാലും അവിടത്തെ പ്രധാന ആകര്‍ഷണമായ ഔഷധസസ്യങ്ങളും, മരങ്ങളിലൊക്കെ സ്വാഭാവികമായി പിടിച്ചുകിടക്കുന്ന ഓര്‍ക്കിഡുകളുമൊന്നും കാണാന്‍ തന്നെ പറ്റിയെന്നുവരില്ല. എന്നിരുന്നാലും, മഴ നിലയ്ക്കാത്തതുകൊണ്ട് ഗൈഡുമായിട്ട് അധികം കറങ്ങാന്‍ പറ്റുമെന്ന് തോന്നിയില്ല. അതുകൊണ്ട് ഗൈഡിനെ ഒഴിവാക്കി.

കാട്ടില്‍ ഇടയ്ക്കിടയ്ക്ക് മുളവെച്ച് കെട്ടിയുണ്ടാക്കിയ ഗാലറിപോലുള്ള ഇരിപ്പിടങ്ങള്‍ ഉണ്ട്. കുറെ നേരം അതില്‍ക്കയറി ഇരുന്നു. മഴ ഒന്ന് ശമിച്ചപ്പോള്‍ അവിടന്നിറങ്ങി വീണ്ടും കാട്ടിലൂടെയെല്ലാം കുറെ നടന്നു. ഇല്ലിക്കൂട്ടങ്ങള്‍ ഒരു ക്ഷാമവുമില്ലാതെ വളര്‍ന്നുനില്‍ക്കുന്നുണ്ട്, ദ്വീപ് മുഴുവന്‍.

ദേശാടനപ്പക്ഷികളുടെ ഒരു സങ്കേതമാണത്രേ കുറുവ ദ്വീപ്. ഇതല്ലാതെയും ധാരാളം പക്ഷികള്‍ കുറുവയിലുണ്ട്. അവയുടെ കൂടുകെട്ടുന്ന ശീലങ്ങള്‍, ഇണയെ വിളിക്കുന്ന ശബ്ദങ്ങള്‍, എന്നുതുടങ്ങി ഒരു പക്ഷിനിരീക്ഷകന് സമയം ചിലവാക്കാന്‍ പറ്റിയ ഒരു സ്ഥലമാണതെന്നാണ് എനിക്ക് തോന്നിയത്. വന്യമൃഗങ്ങളും ഉണ്ടെന്നാണ് പറഞ്ഞുകേട്ടത്. പക്ഷെ, കുരങ്ങിനെയല്ലാതെ വേറൊന്നും ഞാന്‍ കണ്ടില്ല.

കുറുവയെ ചുറ്റിപ്പറ്റി ഒന്നുരണ്ട് ചെറിയ ഉപഗ്രഹദ്വീപുകള്‍ കൂടെയുണ്ട്. ദ്വീപും പരിസരവുമെല്ലാം എക്കോ ഫ്രണ്ട്‌ലിയായിട്ടാണ് സംരക്ഷിക്കപ്പെടുന്നത്. മഴ ശരിക്കും ചതിച്ചതുകാരണം മുഴുവന്‍ കറങ്ങിനടന്ന് കാണാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, ചിലയിടങ്ങളില്‍ ക്യാമറ പുറത്തെടുക്കാന്‍ പോലും പറ്റിയില്ല.

കുറച്ചുള്ളിലോട്ട് മാറി നദിക്കരയില്‍ പാറക്കെട്ടുകള്‍ ഉള്ളിടത്ത് ഒരു മരത്തിന്റെ തണല്‍ പറ്റി‍ കുറേനേരം വെറുതെ ഇരുന്നു. മഴ വന്നും പോയും ശല്യം ചെയ്തുകൊണ്ടിരുന്നെങ്കിലും കുറേനേരമങ്ങിനെ ഇരുന്നപ്പോള്‍ മനസ്സും ശരീരവും കുളിര്‍ത്തു.


ദ്വീപില്‍, രാത്രികാലങ്ങളില്‍ ക്യാമ്പ് ചെയ്യാന്‍ സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് കേട്ടു. മഴക്കാലം കഴിഞ്ഞിട്ട് ഒരിക്കല്‍ക്കൂടെ പോകണം, ശരിക്കും കറങ്ങിനടന്ന് കാണണം, ഒരു രാത്രി അവിടെ ക്യാമ്പ് ചെയ്യണമെന്നൊക്കെ അപ്പോള്‍ത്തന്നെ മനസ്സിലുറപ്പിച്ചു.

മനുഷ്യന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന വൈപ്പിന്‍ ദ്വീപില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. മനുഷ്യവാസം തീരെയില്ലാത്ത വേറൊരു ദ്വീപില്‍ ഒരു രാത്രി തങ്ങിയാല്‍ എങ്ങിനെയുണ്ടാകുമെന്ന് അറിയണമല്ലോ ?!