Monthly Archives: May 2008

ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ


1989 ഡിസംബര്‍ 22. കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍നിന്നും ഞാനടക്കം 27 വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ ട്രെയിനില്‍ ഒരു യാത്ര പുറപ്പെടുന്നു.

21 ദിവസം നീണ്ടുനിന്ന രസികന്‍ ഒരു യാത്ര. ജീവിതത്തില്‍ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത, അതിമനോഹരമായ മുഹൂര്‍ത്തങ്ങള്‍ മന‍സ്സിന്റെ മണിച്ചെപ്പിലെന്നും കാത്തുസൂക്ഷിക്കാന്‍ അവസരമുണ്ടാക്കിത്തന്ന ഒരു സ്വപ്നമനോഹമായ ദീര്‍ഘയാത്ര.

ആള്‍ ഇന്ത്യാ ടെക്‍നിക്കല്‍ സ്റ്റഡി ടൂര്‍ എന്നൊക്കെയാണ് ഈ യാത്രയുടെ ഔദ്യോഗികനാമം. സ്റ്റഡി എത്രത്തോളം നടന്നിട്ടുണ്ടാകുമെന്ന് ചുമ്മാ ഊഹിക്കാവുന്നതേയുള്ളൂ. സംസ്ഥാന ടെക്‍നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ കറിക്കലത്തിന്റെ, സോറി…. കരിക്കുലത്തിന്റെ ഭാഗമായി നടത്തുമായിരുന്ന അത്തരം ടൂറുകള്‍ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനകം കരിക്കുലത്തിന്റെ ഭാഗമല്ലാതായെന്നാണ് വേദനയോടെ അറിയാന്‍ കഴിഞ്ഞത്. ഭൂരിഭാഗം വരുന്ന സാങ്കേതിക വിദ്യാര്‍ത്ഥികളും അങ്ങിനെയൊരു സംവിധാനത്തിന്റെ സൌകര്യം മുതലെടുത്തില്ല എന്നതായിരിക്കാം അത് നിര്‍ത്തലാക്കാനുള്ള കാരണം.

വിഷയത്തിലേക്ക് മടങ്ങാം. യാത്ര കണ്ണൂര് ‍നിന്ന് തുടങ്ങി, ഡെല്‍ഹി, നൈനിറ്റാള്‍, ആഗ്ര, ബോംബെ, ഗോവ, ബാംഗ്ലൂര്‍, മൈസൂര്‍, ഹസ്സന്‍ വഴി തിരിച്ച് കണ്ണൂരെത്തുന്നു.അത്രയും ദിവസം ഉണ്ടായ സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ഓര്‍മ്മയില്‍ പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്, ചില തീയതികള്‍ മറന്നുപോയി എന്നതൊഴിച്ചാല്‍. പക്ഷെ, അത്രയും സംഭവങ്ങള്‍ ഒറ്റയടിക്ക് വിവരിക്കാന്‍ നിന്നാല്‍ ഒരിടത്തുമെത്തില്ല.

ആ യാത്രയ്ക്കിടയില്‍ സ്ഥിരമായി സംഭവിച്ചുകൊണ്ടിരുന്ന ഒരു സംഗതി മാത്രം എടുത്ത് പറയാതിരിക്കാന്‍ വയ്യ. പ്രശ്നം മറ്റൊന്നുമല്ല, ഭാഷയുടേതുതന്നെ.

രണ്ടര ദിവസമെടുത്ത ഡെല്‍ഹി യാത്രയില്‍ ഒരു ദിവസം കഴിയുന്നതിന് മുന്നേ കളി മാറി. ഭാഷ ഹിന്ദിയായിരിക്കുന്നു. ട്രെയിനില്‍ ശാപ്പാട് കൊണ്ടുവരുന്നവരും, വരുന്നോരും, പോകുന്നോരും, ടി.ടി.ഇ.യുമെല്ലാം ഹിന്ദി തന്നെ സംസാരിക്കുന്നു. നമുക്കുണ്ടോ ഈ മറുഭാഷ വല്ലതും നേരേ ചൊവ്വേ അറിയുന്നു!

സ്കൂളിലും കോളെജിലുമൊക്കെ പഠിച്ചിരുന്ന കാലത്ത് സരളട്ടീച്ചറിന്റേം,പത്മാവതിട്ടീച്ചറിന്റെയും,വിജയലക്ഷിട്ടീച്ചറിന്റേയും, സത്യശീലന്‍ മാഷിന്റേയുമൊക്കെ ഹിന്ദി ക്ലാസ്സില്‍ അലമ്പുണ്ടാക്കിയതിന്റെ മുഴുവന്‍ പാപത്തിനും പരിഹാരമായെന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.

സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ്ക്ലാസ്സ് കമ്പാര്‍‌ട്ട്‌മെന്റില്‍, 27 തലതെറിച്ചതുങ്ങളുടെ മേല്‍നോട്ടക്കാരനായി യാത്ര ചെയ്യുന്ന, ഞങ്ങളേക്കാള്‍ കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം മൂപ്പുള്ള ഹാരിസ് സാറിനും, ഇപ്പറഞ്ഞ ഭാഷ ഞങ്ങളില്‍ ചിലരുടെ അത്രപോലും വശമില്ല. ചുരുക്കിപ്പറഞ്ഞാല്‍ 28 പേരടങ്ങുന്ന ഒരു കഥകളി സംഘം ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്, ഇന്ത്യ കാണാന്‍. പോരേ പൂരം.

ഒരു ദിവസം, ട്രെയിനില്‍ ഉച്ച ഭക്ഷണത്തിന്റെ പാത്രം തിരിച്ചെടുക്കാന്‍ വന്ന പാന്‍‌ട്രി ജോലിക്കാരനോട് ഞാന്‍ പറഞ്ഞ ഹിന്ദി, അവന്‍ ജനിച്ചിട്ടിതുവരെ കേട്ടുകാണാത്തത്ര ഗ്രാമറും, വൊക്കാബുലറിയുമൊക്കെയുള്ളതായിരുന്നു. ആരും കേള്‍ക്കാതെയാണ് ഇത്രയും കഷ്ടപ്പെട്ട് അയാളോടത് പറഞ്ഞതെങ്കിലും, അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ രാകേഷ് ഇരുന്ന് അലറിച്ചിരിക്കുന്നത് കണ്ടപ്പോളാണ് ഞാന്‍ പറഞ്ഞുകൂട്ടിയ ഹിന്ദി, പരീക്ഷ രൂപത്തില്‍ എഴുതിയിരുന്നെങ്കില്‍ ഹിന്ദി വിദ്വാന്‍ പരീക്ഷ പാസാകാമായിരുന്നെന്ന് വെളിപാട് വന്നത്.

പിന്നങ്ങോട്ട് ആരൊക്കെ ഹിന്ദി സംസാരിക്കുന്നുണ്ടെങ്കിലും ചെവി വട്ടം പിടിച്ചിരിക്കുകയായിരുന്നു സകലവന്മാരും, അവളുമാരും. ഡിസംബര്‍ മാസത്തിലെ തണുപ്പും കൂടെ ആയപ്പോള്‍ മരുന്നിനുപോലും ഹിന്ദി, മരവിച്ചിരിക്കുന്ന നാക്കില്‍ വഴങ്ങില്ല എന്ന അവസ്ഥയായി എല്ലാവര്‍ക്കും.
————————————————–
ഡെല്‍ഹിയില്‍ സൈക്കിള്‍ റിക്ഷയിലും, ഫട്ട് ഫട്ടിലുമൊക്കെ പല പല ബാച്ചുകളായി കുറെ ദിവസങ്ങള്‍ കാഴ്ച്ചകള്‍ കണ്ട് കറങ്ങി നടന്നു. ഒരു ദിവസം സൈക്കിള്‍ റിക്ഷാ സവാരി കഴിഞ്ഞ്, വാസസ്ഥലമായ ടൂറിസ്റ്റ് ക്യാമ്പില്‍ മടങ്ങിയെത്തിയപ്പോള്‍ ‘പന്ദ്രഹ് റൂപ്പയ‘ (15 രൂപ) കൂലി ചോദിച്ച റിക്ഷാക്കാരനോട് ജോഷിയുടെ വക മറുചോദ്യം ഇങ്ങനെ.

“ഇത്രേം ചെറിയ ദൂരം വരാന്‍ 12 രൂപയോ ? “
————————————————–
കയ്യിലുള്ള ഇത്തിരി ഹിന്ദീം വെച്ചോണ്ട്, വഴിവാണിഭക്കാരോടെല്ലാം വിലപേശലെല്ലാം നടത്തുന്നുണ്ട് മഹാന്മാരെല്ലാം.
അത്തരത്തിലൊരു വിലപേശലിനൊടുവില്‍ ‘പച്ചീസ് റുപ്പയ’(25 രൂപ) എന്ന് അവസാനവില പറഞ്ഞ ഒരു കച്ചവടക്കാരനോട് ശ്രീകുമാറിന്റെ വക രാഷ്ടഭാഷാപ്രയോഗം ഇങ്ങനെയായിരുന്നു.

“ നഹി നഹി പച്ചാസ്” (പറ്റില്ല 50 രൂപയേ തരൂ)
————————————————–
ആഗ്രയില്‍ ലതറിന്റെ സാമഗ്രികള്‍ക്കൊക്കെ വിലക്കുറവാണെന്നാണ് കേട്ടിരിക്കുന്നത്. മൊയ്തു ഖാന് ഒരു ജോടി ലതര്‍ ചെരുപ്പ് വാങ്ങണം. ഹിന്ദി ഇതിനുമുന്‍പ് അറിഞ്ഞോ അറിയാതെയോ അബദ്ധത്തിനുപോലും സംസാരിച്ചില്ലാത്ത മൊയ്തു, വേറാരോടോ ചോദിച്ച് ചില്ലറ ഹിന്ദിയൊക്കെ മനപ്പാഠമാക്കി, ചെരുപ്പ് കടയിലേക്ക് നീങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ കച്ചവടം നടക്കാത്തതിന്റെ ദുഖവുമായി മൊയ്തു മടങ്ങിവന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ മൊയ്തുവിന്റെ മറുപടി ഇപ്രകാരം.

“കച്ചവടം നടന്നില്ലടേയ്, അയാള് പറഞ്ഞു, ‘അരേ ബന്ദര്‍ ജാ ജാ‘ എന്ന്”

കൂട്ടച്ചിരികള്‍ക്കിടയില്‍ കാര്യമെന്താണെന്ന് മനസ്സിലാകാതെ പകച്ചുനില്‍ക്കുന്ന മൊയ്തുവിന്റെ മുഖം ഇന്നും മറന്നിട്ടില്ല.
————————————————–
ഓരോന്ന് പറഞ്ഞുകഴിഞ്ഞിട്ടാണ് പറഞ്ഞതിലെ അബദ്ധം ഓരോരുത്തര്‍ക്കും വെളിപാട് വന്നിരുന്നത്. മനസ്സിലിട്ട് എത്ര പ്രാവശ്യം കൂട്ടിയും കിഴിച്ചുമൊക്കെ ചെയ്തതിന് ശേഷമാണ് എന്തെങ്കിലും പറഞ്ഞിരുന്നതെങ്കിലും, പത്ത് ഡിഗ്രി തണുപ്പില്‍ ഒരുവിധം എല്ലാവരുടെയും തല പണിയെടുക്കുന്നുണ്ടായിരുന്നില്ല എന്ന് തന്നെ വേണം മനസ്സിലാക്കാന്‍.

“തൂ കൌന്‍ ഹൈ“ എന്ന് ചോദിച്ചാല്‍, “തേരാ ബാപ്പ്“ എന്ന് മാത്രം എല്ലാവരും ഉടനെ മറുപടി തരും.

ഒരിക്കല്‍ രാത്രി ഭക്ഷണത്തിനായി, ഒരു ഡാബയില്‍ ഞങ്ങള്‍ ചിലര്‍ പോകുന്നു. ഓര്‍ഡര്‍ എടുക്കാന്‍ വന്ന ഭയ്യ, തീറ്റ സാധനങ്ങളുടെ ലിസ്റ്റ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍, തിരിച്ച് ഭയ്യാ‌യോട് എന്റെ വക ഒരു ഉഗ്രന്‍ ചോദ്യം.

“ഖാനേ കേലിയേ ഓര്‍ കോയി നഹി ഹെ ? ”
(കഴിക്കാന്‍ വേറാരും ഇല്ലേ?)
വേറൊന്നും കഴിക്കാനില്ലേ എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് അവനുണ്ടോ മനസ്സിലാകുന്നു!!

ഇവനെന്താ ആളെ തിന്നുന്ന കൂട്ടത്തിലാണോ എന്ന മട്ടില്‍ എന്നെ നോക്കി ഭയ്യ നില്‍ക്കുന്നതിനിടയില്‍, കൂടെ വന്നിരുന്നവരുടെ കൂട്ടച്ചിരി ഉയര്‍ന്നു. മാനക്കേട് കാരണം, എനിക്കന്ന് ഭക്ഷണം ഒന്നും ഇറങ്ങിയില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ.

യാത്രയുടെ അവസാന ദിവസങ്ങളില്‍ എപ്പോഴോ ഒരിക്കല്‍, ഞങ്ങള്‍ ചിലര്‍ ഞെട്ടിക്കുന്ന ഒരു രഹസ്യം മനസ്സിലാക്കി. കൂട്ടത്തിലുള്ള ലലനാമണികളില്‍ ചിലര്‍ക്ക് നല്ല ഒന്നാന്തരം ഹിന്ദി അറിയാം. ഹിന്ദിയില്‍ തമാശ വരെ പറയുന്നുണ്ട് അവള്മാര്.
അതിരൊരു തമാശച്ചോദ്യം, ഒരുത്തിയുടെ വക ഹിന്ദിയറിയാത്ത ഞങ്ങള്‍ വിഡ്ഡിയാന്മാരോട് ഇങ്ങനെയായിരുന്നു.

“ലട്ക്കിയും ലക്കടിയും(പെണ്‍കുട്ടിയും,വിറകും)തമ്മിലൊരു സാമ്യമുണ്ട്, എന്താണെന്നറിയാമോ ?“

ഉത്തരം അവസാനം അവള് തന്നെ ഞങ്ങള്‍ക്ക് പറഞ്ഞ് തരേണ്ടി വന്നു. അതിത്തിരി മോശമാ. ഞാനിവിടെ പറയുന്നില്ല.

ഹിന്ദി അറിയുന്നവര്‍ ഇരുന്ന് ആലോചിക്ക്. ഹിന്ദി അറിയാത്തവര്‍ പോയി മലയാളത്തിലൂടെ ഹിന്ദി പഠിക്കാം എന്നുള്ള ദ്വിഭാഷ പഠനസാഹായി 50 രൂപാ (പച്ചീസ് നഹി പച്ചാസ്) കൊടുത്ത് വാങ്ങി ഹിന്ദി പഠിക്കാന്‍ നോക്ക്.

ഒന്നുമില്ലെങ്കിലും ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ, ഹൈ, ഹും, ഹോ.