മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍-
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചേമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍-
ചാത്തനും പാക്കനാരും.
പറയിപെറ്റ പന്തിരുകുലത്തിലെ ഇപ്പറഞ്ഞ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കേട്ടിരിക്കുന്നത് പെരുന്തച്ചനെപ്പറ്റിയും, നാറാണത്ത് ഭ്രാന്തനെപ്പറ്റിയുമാണ്. പെരുന്തച്ചന്‍ പണിതീര്‍ത്ത ചില ക്ഷേത്രങ്ങളും മറ്റും വടക്കന്‍ ജില്ലകളില്‍ ഉള്ളതായി കേട്ടറിവുണ്ട്. പക്ഷേ, നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന മല, ശരിക്കും ഉണ്ടെന്നറിഞ്ഞത് ഈയടുത്ത കാലത്തുമാത്രമാണ്. സഹപ്രവര്‍ത്തകനായ ഫൈസലാണ് ഒരിക്കല്‍ ഈ മലയെപ്പറ്റി സൂചിപ്പിച്ചത്. അന്നുമുതല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് കല്ലുരുട്ടിയല്ലെങ്കിലും അതിലേക്ക് ഒന്ന് നടന്ന് കയറണമെന്ന്.
നല്ല മഴയുള്ളൊരു ദിവസം ഒരു ബിസിനസ്സ് മീറ്റിങ്ങിന് വേണ്ടിയാണ് മലപ്പുറത്തെത്തിയത്. മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ സമയം ഒരുപാട് ബാക്കി കിടക്കുന്നു. എറണാകുളത്ത് നിന്ന് മലപ്പുറം വരെ യാത്ര ചെയ്തത് മുതലാക്കണമെങ്കില്‍ മറ്റെവിടെയെങ്കിലും കൂടെ പോയേ തീരൂ. സഹപ്രവര്‍ത്തകരായ നിഷാദിന്റേയും, ഫൈസലിന്റേയും ഒപ്പം നിഷാദിന്റെ കാറില്‍ ഭ്രാന്തന്‍ കുന്നിലേക്ക് യാത്ര തിരിച്ചപ്പോഴേക്കും മഴ വീണ്ടും വഴിമുടക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പിക്ക് പോകുന്ന വഴിയില്‍ കൈപ്പുറത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് നാട്ടുവഴിയിലൂടെ വീണ്ടും മൂന്ന് കിലോമീറ്ററോളം ഉള്ളിലേക്ക് പോയാല്‍ പാലക്കാട് ജില്ലയിലെ ‘രായിരാം കുന്നെന്ന് ‘ അറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്‍ കുന്നിന്റെ കീഴെയെത്താം.
കൈപ്പുറത്തെത്തി വഴി ഉറപ്പാക്കാന്‍ വേണ്ടി തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ ചോദിച്ചപ്പോള്‍ ഓട്ടോക്കാരന്റെ വക മുന്നറിയിപ്പ്.
“മഴക്കാലത്ത് കയറാന്‍ പറ്റിയ മലയല്ല കേട്ടോ ? നല്ല വഴുക്കലുണ്ടാകും.“
അയാളുടെ മുന്നറിയിപ്പ് വകവെക്കാതെ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞുകാണും.
“ നാറാണത്തു ഭ്രാന്തനേക്കാളും വലിയ ഭ്രാന്തന്മാരോ ? “
നാട്ടുവഴി അവസാനിക്കുന്നിടത്ത് ചുമര്‍ തേക്കാത്ത പഴയ ഒരു വീട് കണ്ടു. നാറാണത്ത് മംഗലം ആമയൂര്‍ മനയാണ് അത്. അവിടന്നങ്ങോട്ട് മലയിലേക്കുള്ള പടിക്കെട്ടുകള്‍ കാണാം. മഴ കുറച്ചൊന്ന് ശമിച്ചിട്ടുണ്ട്. അടുത്ത മഴ തുടങ്ങുന്നതിന് മുന്‍പ്, സമയം കളയാതെ പടിക്കെട്ടുകള്‍ കയറാന്‍ തുടങ്ങി.
ഓട്ടോക്കാരന്‍ പറഞ്ഞത് ശരിയാണ്. പടിക്കെട്ടിലെല്ലാം നല്ല വഴുക്കലുണ്ട്.
കുറച്ച് മുകളിലേക്ക് കയറിയപ്പോള്‍ സിമന്റിട്ട പടിക്കെട്ടുകള്‍ കഴിഞ്ഞു. ഇനി കുത്തനെയുള്ള പൊട്ടിപ്പൊളിഞ്ഞ പടികളിലൂടെയുള്ള കയറ്റമാണ്.
ഇടയ്ക്കൊന്ന് താഴേക്ക് നോക്കിയപ്പോള്‍ കയറി വന്ന ഉയരത്തെപ്പറ്റി ഏകദേശ ധാരണ കിട്ടി.
അരമണിക്കൂറെടുത്തു കയറിപ്പറ്റാന്‍. മഴക്കാലമായിരുന്നിട്ടും, മലമുകളിലെത്തിയപ്പോള്‍ ചെറുതായിട്ട് വിയര്‍ത്തു, കിതപ്പ് വേറേയും. കല്ലുരുട്ടി ഇത്രയും ഉയരത്തിലേക്ക് കയറിയ നാറാണത്ത് ഭ്രാന്തന്റെ കായികക്ഷമത അപാരം തന്നെ !!
മുകളിലെത്തിയപ്പോള്‍, മഴ അവഗണിച്ച് ഈ യാത്രയ്ക്കിറങ്ങിയത് അര്‍ത്ഥവത്തായെന്ന് തോന്നി.
താഴേക്ക് നോക്കിയാല്‍ നാലുചുറ്റും പച്ചപിടിച്ച് കിടക്കുന്ന മനോഹരമായ കാഴ്ച്ച. വലത്ത് വശത്തേക്ക് നോക്കിയപ്പോള്‍ ദൂരെയായി കറുത്ത നിറത്തിലെന്തോ ഉയരമുള്ള ഒന്ന് കണ്ടു.
അവിടേക്ക് നടന്നു. അതിനടുത്തെത്തിയപ്പോള്‍ ഞെട്ടിപ്പോയി. സാക്ഷാല്‍ നാറാണത്ത് ഭ്രാന്തനതാ ഉരുട്ടിക്കയറ്റിയ കല്ല് തള്ളി താഴേക്കിടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു.
അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി നിന്നുപോയി. 20 അടിയോളം ഉയരമുള്ള നാറാണത്ത് ഭ്രാന്തന്റെ പ്രതിമ അവിടെയുള്ളതായിട്ട് ഞങ്ങള്‍ക്കാര്‍ക്കും അറിവില്ലായിരുന്നു. മലയെപ്പറ്റിയല്ലാതെ ഇങ്ങനെയൊരു ശില്‍പ്പത്തെപ്പറ്റി കേട്ടിട്ടില്ലായിരുന്നെന്ന് ഫൈസലും ആണയിട്ടു. ഇടത് കാലില്‍ മന്ത്, നീണ്ട് വളര്‍ന്ന താടിയും മുടിയും. എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന നാറാണത്ത് ഭ്രാന്തന്റെ രൂപം അച്ചിലിട്ട് വാര്‍ത്തിരിക്കുന്നതുപോലെ.
ശില്‍പ്പിയെ ഉള്ളാലെ അഭിനന്ദിച്ചുകൊണ്ട് ശില്‍പ്പഭംഗി ആസ്വദിച്ച് കുറേനേരം അവിടെ നിന്നു. മുള്ളുവേലികൊണ്ട് നാറാണത്ത് ഭ്രാന്തനെ ആ കുന്നില്‍നിന്ന് വേര്‍പെടുത്തി നിര്‍ത്തിയത് മാത്രം തീരെ ദഹിച്ചില്ല.
ദുര്‍ഗ്ഗാ ദേവിയുടെ ഒരു ക്ഷേത്രമുണ്ട് മലമുകളില്‍. നാറാണത്ത് ഭ്രാന്തനുമുന്നില്‍ ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളില്‍ വെച്ചാണെന്നാണ് വിശ്വാസം.
ദേവീക്ഷേത്രത്തിന് മുന്നിലേക്ക് നടന്നു. തുലാം ഒന്നിനാണ് ദുര്‍ഗ്ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. സന്താനസൌഭാഗ്യത്തിനും, മംഗല്യസൌഭാഗ്യത്തിനും, മാറാരോഗനിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കായിരിക്കുമത്രേ തുലാം ഒന്നിന്.
സന്താനസൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്‍ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം. സാമ്പത്തികചുറ്റുപാടിനനുസരിച്ച് ഓട്ടുപാത്രത്തിന് പകരം വെള്ളിയുടേയോ സ്വര്‍ണ്ണത്തിന്റേയോ പാത്രങ്ങളും കമഴ്ത്തുന്നവര്‍ ഉണ്ടത്രേ !!
ആമയൂര്‍ മനയിലെ അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടിനെപ്പറ്റിയും രായിരാം കുന്നിനെപ്പറ്റിയുമൊക്കെ കുറേനാളുകള്‍ക്ക് ശേഷം ചില പത്രവാര്‍ത്തകളും, ലേഖനങ്ങളും വായിക്കാനിടയായി.
കുന്നിന്റെ മുകളിലെ ദുര്‍ഗ്ഗാക്ഷേത്രത്തിലെ പൂജയൊക്കെ നടത്തുന്നത് അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാടാണ്. മലയുടെ മുകളില്‍ ആവശ്യത്തിന് വെള്ളം കിട്ടാനുള്ള സാഹചര്യമൊക്കെ ഉണ്ടെങ്കിലും, പൂജാസാമഗ്രികളും വെള്ളവുമൊക്കെയായി 45 കൊല്ലത്തിലധികമായി ഭട്ടതിരിപ്പാട് മലകയറുന്നു. അതും വളരെ കുറഞ്ഞ സമയം കൊണ്ട്. ‘നിത്യാഭ്യാസി ആനയെ എടുക്കും‘ എന്നാണല്ലോ !
നാറാണത്ത് ഭ്രാന്തന്നെ ഭയപ്പെടുത്തി ചുടലപ്പറമ്പില്‍ നിന്ന് ഓടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഒരു വരം നാറാണത്തിന് നല്‍കാന്‍ തയ്യാറായ ചുടല ഭദ്രകാളിയുടെ കഥ ചെറുപ്പത്തില്‍ കേട്ടത് മനസ്സിലിപ്പോഴും പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്. ഞാനെന്നാ മരിക്കുന്നതെന്ന നാറാണത്തിന്റെ ചോദ്യത്തിന് 36 സംവത്സരവും, 6 മാസവും, 12 ദിവസവും, 5 നാഴികയും 3 വിനാഴികയും കഴിയുമ്പോള്‍ മരിക്കുമെന്ന് കൃത്യമായി കണക്ക് കൂട്ടി ഭദ്രകാളി പറഞ്ഞുകൊടുത്തു. എനിക്കൊരു ദിവസം കഴിഞ്ഞ് മരിച്ചാല്‍ മതിയെന്നായി നാറാണത്ത്. അത് നടക്കില്ലെന്ന് ഭദ്രകാളി കൈമലര്‍ത്തിയപ്പോള്‍ എങ്കില്‍ എനിക്കൊരു ദിവസം മുന്നേ മരിച്ചാല്‍ മതിയെന്നായി അദ്ദേഹം. അതും പറ്റില്ലെന്ന് ഭദ്രകാളി പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യം പോലും ചെയ്യാന്‍ പറ്റില്ലെങ്കില്‍ തന്റെ ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്ക് മാറ്റിക്കൊടുത്താല്‍ മതിയെന്ന് ഭദ്രകാളിയെ പരിഹസിച്ചു നാറാണത്ത്. അപ്പോഴും, കാലിലെ മന്ത് പൂര്‍ണ്ണമായും മാറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെടാതിരുന്ന നാറാണത്ത് ഭ്രാന്തന്റെ ഈ കഥ ചെറുപ്പകാലത്തുതന്നെ അത്ഭുതം ജനിപ്പിച്ചിട്ടുണ്ട്.
മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്ത നാറാണത്തിനെ ഭ്രാന്തനായിക്കാണാന്‍ എനിക്കാവില്ല.
ആ ദിവ്യത്വത്തിന് മുന്നില്‍ മനസ്സാ നമിച്ചുകൊണ്ട് മലയിറങ്ങുമ്പോള്‍, ഒരു നൂറുവട്ടമെങ്കിലും കേട്ടിട്ടുള്ള മധുസൂദനന്‍ നായരുടെ വരികള്‍ ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.
പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍,
പന്ത്രണ്ട് രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍,
എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ,
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ല.
…………
…….
——————————————————
ചിത്രങ്ങള്‍ക്ക് കടപ്പാട് – ഉമ്മര്‍ കക്കാട്ടിരി, ജാസ് സ്റ്റുഡിയോ, ആലൂര്‍