ഈ യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
——————————————————————————
മാനന്തവാടിയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട് ‘ദക്ഷിണ കാശി‘ എന്നറിയപ്പെടുന്ന തിരുനെല്ലിയിലേക്ക്. വളരെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലിയിലെ പ്രധാന ആകര്‍ഷണം. അമ്പലവും പ്രാര്‍ത്ഥനയുമൊക്കെ മനസ്സിലാണ് കൊണ്ടുനടക്കുന്നതെങ്കിലും മാനന്തവാടിയില്‍ പോകുമ്പോഴെല്ലാം, സമയം അനുവദിക്കുമെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ഞാന്‍ പോകാറുണ്ട്. ക്ഷേത്രം നിലകൊള്ളുന്ന സ്ഥലത്തിന്റെ പ്രകൃതിസൌന്ദര്യമാണ് ആ യാത്രയ്ക്കുള്ള ഒരു പ്രധാനകാരണം. രാത്രിയായാല്‍ ആനയിറങ്ങുന്ന കാട്ടുവഴികളിലെ, കൂറ്റന്‍ മരങ്ങളുടേയും ഇല്ലിക്കൂട്ടങ്ങളുടേയും തണലിലൂടെ വണ്ടിയോടിച്ച് പോകുന്നതിന്റെ സുഖമാണ് മറ്റൊരു കാരണം.
കാട്ടിക്കുളം കഴിഞ്ഞ് വീണ്ടും മുന്നോട്ട് പോകുമ്പോള്‍ തെറ്റ് റോഡ്. അവിടന്ന് ഇടത്തേക്ക് തിരിഞ്ഞ് വളഞ്ഞ് പുളഞ്ഞ് റോഡ് ചെല്ലുന്നത് തിരുനെല്ലിയിലേക്കാണ്. വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്തുതന്നെ വലിയൊരു കെട്ടിടം കാണാം. അതാണ് പഞ്ചതീര്‍ത്ഥം ഗസ്റ്റ് ഹൌസ്.
ഞാന്‍ ആദ്യം തിരുനെല്ലി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഈ ഗസ്റ്റ് ഹൌസ് അവിടെയില്ല. ദൂരെനാടുകളില്‍ നിന്ന് വരുന്നവര്‍ക്ക് തങ്ങാനുള്ള സൌകര്യാര്‍ത്ഥം ഇതുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചത് 2002 ല്‍ മാത്രമാണ്. മാനന്തവാടിയില്‍ നിന്ന് ബസ്സിന് തിരുനെല്ലിയിലേക്ക് പോകുന്നവര്‍ക്ക് ഗസ്റ്റ് ഹൌസ് കാണുമ്പോള്‍ ബസ്സില്‍ നിന്നിറങ്ങാം. 30 കിലോമീറ്റര്‍ യാത്രയില്‍ അത്രയും വലിയ കോണ്‍ക്രീറ്റ് കെട്ടിടം മറ്റൊരിടത്തുമില്ലാത്തതുകൊണ്ട് വഴിയൊരിക്കലും തെറ്റില്ല. പഞ്ചതീര്‍ത്ഥത്തിന് മുന്‍പില്‍ നിന്ന് നോക്കിയാല്‍ മുകളില്‍ മലനിരകളും, ക്ഷേത്രത്തിന്റെ ഒരു ഭാഗവും കാണാം. കൂട്ടത്തില്‍ , വഴിതെറ്റിയോ അല്ലെങ്കില്‍ ക്ഷേത്രദര്‍ശനത്തോ മറ്റോ വന്നതുപോലെ ഒരു കൂട്ടം മേഘങ്ങള്‍ . കരിങ്കല്ലില്‍ തീര്‍ത്ത പടികളിലൂടെ മുകളിലേക്ക് കയറണം അമ്പലമുറ്റത്തെത്താന്‍. ചെരുപ്പെല്ലാം ഊരിയിട്ട് പടിക്കെട്ടുകള്‍ കയറിയാല്‍ ക്ഷേത്രത്തിന്റെ പുറകുവശത്താണ് ചെന്നെത്തുന്നത്.
ക്ഷേത്രത്തിന് ചുറ്റും കൊത്തിവെടിപ്പാക്കിയ നീളന്‍ കരിങ്കല്‍പ്പാളികള്‍ വിരിച്ചിരിക്കുന്നു. അതിലൂടെ നടന്നാല്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തെത്താം. മലനിരകള്‍ക്ക് മനോഹാരിതകൂട്ടാനെന്നപോലെ നിലകൊള്ളുന്ന ക്ഷേത്രത്തിന്റെ ഭംഗി, പുരാതന ക്ഷേത്രനിര്‍മ്മാണത്തിന്റെ മനോഹാരിതയെല്ലാം ഒത്തുചേര്‍ന്നതാണ്. സൃഷ്ടാവായ ബ്രഹ്മാവാണ് ഈ ക്ഷേത്രത്തിലെ വിഷ്ണുപ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. ചതുര്‍ഭുജനായ വിഷ്ണുവിന്റെ പ്രതിഷ്ഠയാണിവിടെ.
തിരുനെല്ലിയെപ്പറ്റി വടക്കന്‍ ഐതിഹ്യമാലയില്‍ പറയുന്നത് ഇപ്രകാരമാണ്.
ഭൂമിയില്‍ വെച്ച് യഥാവിധി ഒരു യാഗം നടത്തണമെന്നുള്ളത് ബ്രഹ്മാവിന്റെ ഒരു ചിരകാലമോഹമാണ്. അതിനുപറ്റിയ പവിത്രവും പരമരമണീയവുമായ ഒരിടം അന്വേഷിച്ചിറങ്ങിയ അദ്ദേഹം അവസാനം ബ്രഹ്മഗിരിയിലെത്തി. അനന്യസാധാരണമായ വിശുദ്ധിയും അലൌകിക സൌന്ദര്യവും കതിരണിഞ്ഞുനില്‍ക്കുന്ന ബ്രഹ്മഗിരി തടത്തിലൊരിടത്ത് ബ്രഹ്മദേവന്‍ കുറച്ചുനേരം വിശ്രമിച്ചു. അല്‍പ്പം അകലത്തായി ഒരു കുന്നും അതിന്റെ തലപ്പത്തായി തഴച്ചുവളര്‍ന്ന് തളിര്‍ചൂടി നില്‍ക്കുന്ന ഒരു നെല്ലിമരവും അദ്ദേഹം കണ്ടു. ബ്രഹ്മാവ് അങ്ങോട്ട് ചെന്നെങ്കിലും അവിടെച്ചെന്നപ്പോള്‍ നെല്ലിമരം കണ്ടേടത്ത് ശംഖചക്രഗദാപത്മധാരിയായി മഹാവിഷ്ണു നില്‍ക്കുന്നത് കണ്ട് ബ്രഹ്മാവ് അത്ഭുതപ്പെട്ടു. പക്ഷെ, പെട്ടെന്ന് മഹാവിഷ്ണു അപ്രത്യക്ഷനായി. വിഷ്ണുവിന്റെ ഞൊടിയിടയിലുള്ള തിരോധാനം ബ്രഹ്മനെ അസ്വസ്ഥനാക്കി. വിഷ്ണുവിനെക്കണ്ട ആ വിശുദ്ധഭൂമിയില്‍ സ്വകരം കൊണ്ട് ബ്രഹ്മാവ് വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചു. അസാധാരണമായ ഈ സംഭവം ത്രിലോകങ്ങളിലും അത്ഭുതമുണര്‍ത്തി. സ്വര്‍ഗ്ഗഗായകര്‍ ഗാനാലാപം നിര്‍വ്വഹിച്ചു. സുരസുന്ദരിമാര്‍ നര്‍ത്തനമാടി. ദേവലോകം പൂമഴ ചൊരിഞ്ഞു.
ബ്രഹ്മഗിരി, ഉദയഗിരി, നരിനിരങ്ങിമല, കരിമല എന്നീ നാല് മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തിരുനെല്ലിയില്‍ വിഷ്ണുവിന്റെ മറ്റ് മൂന്ന് അവതാരങ്ങളായ പരശുരാമനും, രാമനും, കൃഷ്ണനും സന്ദര്‍ശിച്ചെന്ന് വിശ്വസിപ്പിക്കപ്പെടുന്നു.
എന്തൊക്കെയായാലും, ഗുരുവായൂരടക്കം പല ക്ഷേത്രങ്ങള്‍ക്ക് മുന്നിലെത്തുമ്പോഴും കാണുന്ന ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് തിരുനെല്ലിയിലും കാണുമ്പോള്‍ മനസ്സ് വേദനിക്കാറുണ്ട്. ക്ഷേത്രപ്രവേശനവിളംബരം അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ , മനുഷ്യരാശിക്ക് മുഴുവനുമായി ഒരു ക്ഷേത്രപ്രവേശനവിളംബരം ഇനിയും വരേണ്ടിയിരിക്കുന്നു.
ഒരു കുടകന്‍ രാജാവാണ് തിരുനെല്ലി ക്ഷേതം ഉണ്ടാക്കിയതെന്നും, ക്ഷേത്രത്തിന്റെ പണിതീരുന്നതിന് മുന്‍പ് കുടകിന്റെ ഭാഗമായിരുന്ന തിരുനെല്ലി വയനാടിന്റെ ഭാഗമായെന്നൊക്കെയുള്ള ചില നാട്ടറിവുകളുടെ സത്യാവസ്ഥ ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള അപൂര്‍ണ്ണമായതുപോലെ കാണപ്പെടുന്ന മനോഹരമായ കല്‍ത്തൂണുകള്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിച്ചതാണെന്നും, അല്ലെന്നുമുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. പഴശ്ശിരാജാവിന്റെ കാലത്ത് മൈസൂര്‍പ്പടയുമായി യുദ്ധമുണ്ടായിട്ടുണ്ടെന്ന് ചരിത്രത്തില്‍ പറയുന്നതുകൊണ്ട് അന്ന് നശിപ്പിക്കപ്പെട്ടതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. കാട്ടില്‍ നിന്നാണ് ക്ഷേത്രത്തിലെ പൂജയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളം വരുന്നത്. വെള്ളം ഒഴുകി വരുന്ന കല്‍പ്പാത്തികള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കരിങ്കല്‍ത്തൂണുകള്‍ രസാവഹമായ കാഴ്ച്ചയാണ്.
കുറേയധികം നാളുകള്‍ക്ക് മുന്‍പ് അന്നത്തെ കോലത്തുനാട്ടുടയവര്‍ പത്നീസമേതനായി തിരുനെല്ലി ക്ഷേത്രദര്‍ശനത്തിനെത്തി. തലേന്ന് പെയ്തമഴയില്‍ തിരുമുറ്റത്ത് ചളിവെള്ളം നിറഞ്ഞിരുന്നതിനാല്‍ കെട്ടിലമ്മയുടെ കാലില്‍ നന്നേ ചെളി പുരണ്ടിരുന്നു. കാല് കഴുകാന്‍ വെള്ളമാവശ്യപ്പെട്ടപ്പോള്‍ പരിചാരകര്‍ ചെറിയൊരു കിണ്ടിയില്‍ കുറച്ച് വെള്ളമാണ് കൊണ്ടുവന്നത്. ‘ക്ഷേത്രക്കിണറില്‍ വെള്ളമില്ലാതെ പോയോ‘ എന്ന് ചോദിച്ചപ്പോള്‍ ക്ഷേത്രത്തിങ്കല്‍ കിണറില്ലെന്നും അടുത്തുള്ള തീര്‍ത്ഥങ്ങള്‍ ജനങ്ങള്‍ സ്നാനത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് അവ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലെന്നും ഒരു നാഴികയിലേറെ ദൂരത്തുള്ള ബ്രഹ്മഗിരിയിലെ ഉറവില്‍ നിന്ന് കോരിയെടുത്ത് കൊണ്ടുവന്നിട്ടാണ് അഭിഷേകത്തിനും മറ്റും ഉപയോഗിക്കുന്നത് എന്ന് ക്ഷേത്രപരിചാരകര്‍ അറിയിച്ചു.
വിഷ്ണുഭക്തയായ കെട്ടിലമ്മ ക്ഷേത്രാവശ്യത്തിലേക്ക് വേണ്ടുവോളം വെള്ളം തടസ്സമില്ലാതെ ലഭിക്കുന്നതിന് വേണ്ടി വാസ്തുവിദ്യാവിദഗ്ധനും തന്നെ സഹോദരനുമായ വായിക്കര വലിയ നമ്പ്യാതിരിയുടെ മേല്‍നോട്ടത്തില്‍ സമര്‍ത്ഥരായ കരിങ്കല്‍പ്പണിക്കാരെക്കൊണ്ട് പണികഴിപ്പിച്ചതാണ് മുകളില്‍ കാണുന്ന സംവിധാനം.
ക്ഷേത്രത്തിന്റെ വടക്ക്പടിഞ്ഞാറുഭാഗത്തെ പടികളിറങ്ങി താഴേക്ക് നടന്നാല്‍ പഞ്ചതീര്‍ത്ഥക്കുളം കാണാം. ഭഗവാന്‍ ശ്രീരാമന്റെ കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിച്ച് പോരുന്നു. അതിന്റെ പ്രതീകമായി കൊത്തിവച്ചതായിരിക്കണം താഴെക്കാണുന്ന കാല്‍പ്പാടുകള്‍. ലങ്കയില്‍ നിന്ന് യുദ്ധം ജയിച്ച് മടങ്ങുകയായിരുന്ന രാമന്‍ കൂര്‍ഗ്ഗിലേക്കുള്ള യാത്രാമദ്ധ്യേ ബ്രഹ്മഗിരി മലകടക്കുന്നതിന് മുന്‍പായി തിരുനെല്ലിയില്‍ ദശരധന് വേണ്ടി പിതൃകര്‍മ്മങ്ങള്‍ ചെയ്തെന്നും അന്നുമുതലാണ് തിരുനെല്ലിയില്‍ ഭക്തജനങ്ങള്‍ പൂര്‍വ്വികര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തുപോരുന്നതെന്നുമാണ് വിശ്വാസം.
പഞ്ചതീര്‍ത്ഥക്കുളത്തില്‍ നിന്ന് മുന്നോട്ട് കാണുന്ന വഴിയിലൂടെ വീണ്ടും കുറേ നടന്നാല്‍ പാപനാശിനിയിലെത്താം. പൂര്‍വ്വികര്‍ക്ക് ബലിയിടാനും, ചിതാഭസ്മം ഒഴുക്കാനുമെല്ലാം വിശ്വാസികള്‍ കാതങ്ങള്‍ താണ്ടി തിരുനെല്ലിയിലെ പാപനാശിനിയില്‍ വരുന്നത്, കാട്ടില്‍ നിന്ന് ഒഴുകിവരുന്ന ഈ ചോലയില്‍ മുങ്ങിക്കുളിച്ചാല്‍ സകലപാപങ്ങളും തീര്‍ന്നുകിട്ടുമെന്നുള്ള വിശ്വാസവുമായാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകുമെങ്കിലും വേനല്‍ക്കാലത്ത് പാപനാശിനിയില്‍ മുങ്ങിക്കുളിക്കാന്‍ മാത്രമൊന്നും വെള്ളം ഒഴുകിവരുന്നത് ഞാനിതുവരെ കണ്ടിട്ടില്ല.
തന്റെ മാതാവിന്റെ പാപമോചനത്തിനായി അമൃതകുംഭവുമായി പറക്കുകയായിരുന്ന ഗരുഡന്‍ തിരുനെല്ലി വഴി പോയെന്നും, തന്റെ യജമാനനായ വിഷ്ണുവിന്റെ വിഗ്രഹ പ്രതിഷ്ഠയുടെ സമയത്ത് തിരുനെല്ലിയില്‍ മൂന്ന് പ്രാവശ്യം വട്ടമിട്ട് പറന്ന സമയത്ത് അമൃതകുംഭത്തില്‍ ഒരു തുള്ളി അമൃത് പാപനാശിനിയില്‍ ഇറ്റിയെന്നും അങ്ങിനെയാണ് പാപനാശിനിക്ക് എല്ലാ പാപങ്ങളേയും ശുദ്ധീകരിക്കാനുള്ള ദിവ്യശക്തി കിട്ടിയതെന്നുമാണ് ഐതിഹ്യം.
പിതാവായ ജമദഗ്നിക്ക് വേണ്ടി സ്വന്തം അമ്മ രേണുകയെ വധിക്കേണ്ടി വന്ന പരശുരാമന്‍, അമ്മയെ കൊന്ന പാപത്തിന്റെ രക്തക്കറപുരണ്ട കൈകള്‍ ഏതൊക്കെ പുണ്യജലത്തില്‍ കഴുകിയിട്ടും മുക്തി കിട്ടാതെ അവസാനം തിരുനെല്ലിയില്‍ എത്തിച്ചെര്‍ന്നെന്നും പാപനാശിനിയില്‍ അദ്ദേഹത്തിന്റെ കൈകളിലെ രക്തക്കറ നിശ്ശേഷം മാറിയെന്നുമാണ് വിശ്വാസം. അന്നുമുതല്‍ക്കാണ്. പാപനാശിനിക്ക് ആ പേര് വീണതും പാപനാശിനിയുടെ ശക്തി അറിയപ്പെടുകയും ചെയ്തതെന്ന് വിശ്വസിച്ച് പോരുന്നു.
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയില്‍ ഒഴുക്കിയിട്ടുണ്ട്. ആ സംഭവത്തോടെയാണ് വടക്കേ ഇന്ത്യയിലും തിരുനെല്ലി പ്രശസ്തമായത്. അതുകൊണ്ടുതന്നെ ഇന്ന് തിരുനെല്ലിയില്‍ വരുന്ന വടക്കേ ഇന്ത്യാക്കാരായ തീര്‍ത്ഥാടകരുടെ എണ്ണം വളരെ കൂടുതലാണ്.
അധികം തിക്കും തിരക്കുമൊന്നുമില്ലാത്ത ദിവസങ്ങളില്‍ തിരുനെല്ലിയിലെത്തി കാഴ്ച്ചകള്‍ കണ്ട്, ക്ഷേത്രത്തിലൊന്ന് തൊഴുത്, പാപനാശിനിയില്‍ കൈകാലുകളും മുഖവുമൊക്കെ കഴുകി മടങ്ങാനാണ് എനിക്കിഷ്ടം.
പാപങ്ങളെല്ലാം തീര്‍ന്നെങ്കില്‍ വയനാട്ടിലെ മറ്റ് മനോഹരമായ ഇടങ്ങളിലേക്ക് യാത്ര തുടരാം. ’പക്ഷിപാതാളം‘ ഇവിടന്ന് അധികം ദൂരെയല്ല. വാഹനത്തിലൊന്നും പോകാന്‍ പറ്റില്ല. കാട്ടിലൂടെ നടന്ന് തന്നെ പോകണം. സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ട്രക്കിങ്ങ് ‘. പക്ഷിനിരീക്ഷകര്‍ക്ക് പറ്റിയ സ്ഥലമാണ് പക്ഷിപാതാളം. പക്ഷെ, മഴക്കാലത്ത് അവിടേയ്ക്കുള്ള യാത്ര ദുഷ്ക്കരമാണ്. അട്ടകളുടെ ശല്യമാണ് പ്രധാന തടസ്സം. മഴമാറിയിട്ട് ഞാനേതായാലും ആ വഴി പോകുന്നുണ്ട്. ആര്‍ക്കെങ്കിലും എന്റെ കൂടെ കൂടണമെന്നുണ്ടെങ്കില്‍ സ്വാഗതം.
———————————————————
ചിത്രങ്ങള്‍ക്ക് കടപ്പാട് – അജയ് ജോയ് & ഹരി മാനന്തവാടി.