കോഴിക്കോട് നിന്ന് വയനാടിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സായ കല്‍പ്പറ്റയിലേക്ക് പോകുമ്പോള്‍, താമരശ്ശേരി ചുരം കയറി, വൈത്തിരിയും കടന്ന്, വീണ്ടും 5 കിലോമീറ്ററോളം മുന്നോട്ട് പോകുമ്പോള്‍ പൂക്കോട് തടാകത്തിലേക്കുള്ള വഴി ഇടത്തേക്ക് തിരിയും. പൂക്കോട് നിന്ന് കല്‍പ്പറ്റയിലേക്ക് പോകണമെങ്കില്‍ 13കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്യണം.
അധികം ആരും അറിയപ്പെടാതെ കിടക്കുകയായിരുന്നു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് വരെ ഈ മനോഹരമായ തടാകം. കേരളത്തില്‍ ടൂറിസം ഇപ്പോള്‍ ഒരുപാട് അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കിലും പൂക്കോട് തടാകത്തിനെപ്പറ്റി കേട്ടിട്ടുള്ളവര്‍ ഇന്നും ചുരുക്കമാണ്.
വയനാട്ടിലെ ഏറ്റവും മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായിട്ട് വിശേഷിപ്പിക്കാവുന്ന ഈ പ്രകൃതിദത്തമായ ശുദ്ധജലതടാകം സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്ററിലധികം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ ഇത്രയും ഉയരത്തില്‍ നിലകൊള്ളുന്ന മറ്റൊരു തടാകം ഉണ്ടെന്ന് തോന്നുന്നില്ല. കബനീനദിയുടെ ഒരു ശാഖയായ പനമരം അരുവിയുടെ ഉത്ഭവം പൂക്കോട് തടാകത്തില്‍ നിന്നാണ്. പച്ചപിടിച്ച് കിടക്കുന്ന മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു എന്നതാണ് പൂക്കോട് തടാകത്തിന്റെ മറ്റൊരു പ്രത്യേകത.
തടാകത്തിനെ ചുറ്റി ഒരു അരഞ്ഞാണം എന്നപോലെ, കാട്ടുമരങ്ങളുടെ തണല്‍ വിരിച്ച ഒരു പാതയുണ്ട്. നല്ല ഒരു നടത്തത്തിന് മനസ്സുള്ളവര്‍ക്ക്, മരങ്ങളുടെ ശീതളച്ഛായയും കാലാവസ്ഥയുടെ കുളിര്‍മയും നുകര്‍ന്ന് ആ കാട്ടുവഴിയിലൂടെ ഒന്ന് കറങ്ങിവരാം. ഇടയ്ക്കിടയ്ക്ക് ക്ഷീണം തീര്‍ക്കാന്‍ കൊച്ചു കൊച്ചു ഇരിപ്പിട സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തടാകത്തിലേക്ക് നോക്കി കുറച്ചുനേരം അതിലിരിക്കാം.
തടാകത്തില്‍ ബോട്ടിങ്ങ് നടത്തണമെന്നുള്ളവര്‍ക്ക് അതാകാം. ബോട്ട് സവാരിയാണ് പൂക്കോട് തടാകത്തിലെ പ്രധാന ആകര്‍ഷണം. ഈ ബോട്ട് യാത്ര തന്നെയാണ് എനിക്കും അവിടെ ഏറ്റവും ഇഷ്ടമുള്ളത്.
തടാകത്തിലെ തെളിഞ്ഞ വെള്ളത്തില്‍ മേഘങ്ങളുടെ പ്രതിബിംബം കണ്ണാടിയിലെന്നപോലെ കാണാം. “ തടാകത്തില്‍ ബോട്ട് യാത്രകള്‍ നിരോധിക്കണം. മേഘങ്ങള്‍ സ്വച്ഛമായി തടാകത്തില്‍ മുഖം നോക്കിക്കോട്ടെ “ എന്ന് എം.ടി.യുടെ ഒരു കഥാപാത്രം പറഞ്ഞത് ഓര്‍ത്തുപോകും ആ കാഴ്ച്ച കാണുമ്പോള്‍.
ആവശ്യത്തിന് ഫൈബര്‍ ബോട്ടുകള്‍ കരയില്‍ സവാരിക്കാരെ കാത്ത് കിടക്കുന്നുണ്ട്.
ഒറ്റയ്ക്ക് തുഴഞ്ഞ് നടുവൊടിക്കേണ്ടതില്ല. തുഴക്കാരന്‍ ഒരാള്‍ കൂടെ വരും.
6 മീറ്ററിലധികം ആഴമുണ്ടെങ്കിലും, പായലും താമരയും ആമ്പലുമില്ലാത്തിടത്തൊക്കെ തടാകത്തിന്റെ അടിത്തട്ട് നന്നായി തെളിഞ്ഞുകാണുന്നുണ്ട്.
ആമ്പലും താമരയും നിറയെ പിടിച്ച് കിടക്കുന്ന വെള്ളത്തിലൂടെ ഫൈബര്‍ ബോട്ടിലുള്ള സവാരി പകര്‍ന്നുതരുന്ന ഉന്മേഷം ചെറുതൊന്നുമല്ല. ഊട്ടിയിലെ തടാകത്തിലെ തിരക്കുപിടിച്ച ബോട്ട് സവാരി, പൂക്കോട് തടാകത്തിലെ ബോട്ടിങ്ങിന് മുന്നില്‍ ഒന്നുമല്ല.
ബോട്ട് സവാരിയില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് തടാകക്കരയിലെ ഫാസ്റ്റ് ഫുഡ് സ്റ്റാളില്‍ നിന്ന് ഒരു ചൂട് കാപ്പിയോ ചായയോ കുടിച്ച് പ്രകൃതിസൌന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കാം. തടാകത്തിന് സമീപത്തുള്ള അക്വേറിയത്തില്‍ നിറമുള്ള മീനുകളെ കണ്ട് കുറേ നേരം ചിലവഴിക്കാം.
കുടില്‍ വ്യവസായമായി മുളകൊണ്ടും ടെറാക്കോട്ടയിലും ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് വീട്ടുപയോഗത്തിനുള്ള സാധനങ്ങള്‍, തേന്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയതൊക്കെ വാങ്ങാം.
പൂച്ചെടികള്‍ ഒരുപാട് വളര്‍ന്ന് നില്‍ക്കുന്നുണ്ട് കരയിലുള്ള നേഴ്‌സറിയില്‍. ചെടികളോ, അതിന്റെ വിത്തുകളോ വേണമെന്നുള്ളവര്‍ക്ക് അതൊക്കെ വാങ്ങാം. കുറേ ഡാലിയപ്പൂക്കളാണ് എന്നെ ആകര്‍ഷിച്ചത്.
വീഗാലാന്റിന്റെ അത്ര വരില്ലെങ്കിലും കുട്ടികള്‍ക്ക് ചാടാനും മറിയാനുമൊക്കെയുള്ള സൌകര്യങ്ങള്‍ തടാകക്കരയിലെ ചെറിയ പാര്‍ക്കില്‍ ഉണ്ട്.
കൂട്ടുകാരുടെ കൂടെയും, കുടുംബത്തിനൊപ്പവുമൊക്കെയായി മൂന്ന് പ്രാവശ്യത്തിലധികം ഞാന്‍ പൂക്കോട് പോയിട്ടുണ്ടെങ്കിലും, “പൂക്കോട് തടാകത്തിലേക്ക് വരുന്നോ ? “ എന്നാരെങ്കിലും എപ്പോള്‍ ചോദിച്ചാലും ആ ക്ഷണം ഞാന്‍ തയ്യാര്‍. ഒരൊറ്റ പ്രാവശ്യം പോയതുകൊണ്ടോ കറങ്ങിനടന്നതുകൊണ്ടോ ഒരു സ്ഥലവും എനിക്കിതുവരെ മടുത്തിട്ടില്ല. പിന്നെയാണോ പ്രകൃതി സൌന്ദര്യം വഴിഞ്ഞൊഴുകുന്ന പൂക്കോട് തടാകം മടുക്കുന്നത് !!