Monthly Archives: June 2008

pazhassi-022

പഴശ്ശികുടീരം


യനാട്ടിലേക്കുള്ള എന്റെ യാത്രകള്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് തുടങ്ങിയതാണ്. ഉറ്റ സുഹൃത്തായ സുനില്‍ തോമസ്സിന്റെ മാനന്തവാടിയിലുള്ള വീട്ടില്‍ യാത്രപോകുമ്പോഴൊക്കെ ഒരു വിനോദയാത്രപോകുന്ന സുഖമാണ് കിട്ടിയിരുന്നത്. ആ യാത്രകള്‍, അതേ സുഖത്തോടെ ഇന്നും തുടരുന്നു.

വയനാട്ടില്‍ എത്തിക്കഴിയുമ്പോള്‍ത്തന്നെ മനസ്സും ശരീരവും ഒന്ന് തണുക്കും. അത്ര വലിയ ചൂടൊന്നുമില്ലാത്ത കാലാവസ്ഥ തന്നെ പ്രധാന കാരണം. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് എറ്റവും ചൂട് കുറവുള്ളത് വയനാട്ടില്‍ത്തന്നെയായിരിക്കണം.

മിക്കവാറും എല്ലാ മാനന്തവാടി യാത്രകളിലും മുടങ്ങാതെ പോകുന്ന ഒരിടമുണ്ട്. അതാണ് പഴശ്ശികുടീരം. മാനന്തവാടി ടൌണില്‍ സര്‍ക്കാര്‍ ആശുപത്രിയുടേയും വില്ലേജാപ്പീസിന്റേയും അടുത്തായിട്ടാണ് പഴശ്ശികുടീരം. വൈകുന്നേരങ്ങളില്‍ മാനന്തവാടിയിലെ ചില സുഹൃത്തുക്കളുമായി വെടിവട്ടം കൂടിയിരുന്നത് പഴശ്ശികുടീരത്തിനടുത്താണ്.



വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ആദ്യം കാണുമ്പോള്‍ പഴശ്ശികുടീരത്തില്‍ ഈ ചുറ്റുമതിലുകളില്ല. ഒരു വലിയ മരവും അതിന്റെ ഒരു തറയും അവിടെ ഉണ്ടായിരുന്നു. ശവം അടക്കം ചെയ്തിടത്ത് നട്ട ആ മരം വളര്‍ന്ന് വലുതായി, ശവകുടീരത്തിനെ തന്റെ വേരുകള്‍ കൊണ്ട് മൂടിയാണ് നിന്നിരുന്നത്. കാലക്രമേണ ആ മരം ചാഞ്ഞു. സമയാസമയങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍ വേണ്ടവിധം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടെ നല്ല നിലയില്‍ ആ ശവകുടീരം സംരക്ഷിക്കാമായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഗറില്ലാ യുദ്ധമുറകളിലൂടെ ഫിരങ്കിപ്പടയെ വെള്ളം കുടിപ്പിച്ച വീരകേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജാവ് 1805 നവംബര്‍ 30ന് മാവിലാം തോട് എന്ന സ്ഥലത്തുവെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് വീരമൃത്യുവരിച്ചത്. വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നൊക്കെ പലകഥകള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയൊന്നും അറിയില്ല. ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചെന്നാണ് ചരിത്രരേഖകളില്‍.

എം.ടി.വാസുദേവന്‍‌നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി പഴശ്ശിരാജയായി അഭിനയിക്കുന്ന സിനിമ ഉടനെ പുറത്തിറങ്ങുന്നുണ്ട്. എം.ടി.നല്ലൊരു ഗവേഷണം തന്നെ നടത്തിക്കാണും ആ തിരക്കഥയെഴുതാന്‍. വാണിജ്യ സിനിമയ്ക്ക് അവശ്യമായ മസാലയൊക്കെ നല്ലവണ്ണം ചേര്‍ത്തിട്ടാണെങ്കില്‍ കൂടിയും പഴശ്ശിരാജയെപ്പറ്റി എം.ടി.യിലൂടെ കൂടുതല്‍ അറിവ് കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പഴശ്ശികുടീരത്തിന് തൊട്ടടുത്ത് തന്നെ ഒരു ചെറിയ മ്യൂസിയവും ഉണ്ട്. പഴയകാലഘട്ടങ്ങളിലെ ചില കല്‍‌പ്രതിമകള്‍, നന്നങ്ങാടികള്‍, ശിലകള്‍, വീരക്കല്ലുകള്‍, ആയുധങ്ങള്‍ എന്നിവയൊക്കെ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.





ഉയര്‍ന്ന് നില്‍ക്കുന്ന പ്രദേശമായതുകൊണ്ട് പഴശ്ശികുടീരത്തിനരികെ നല്ല കാറ്റാണ്. താഴേക്ക് നോക്കിയാല്‍ കബനീ നദിയുടെ ഒരു ശാഖ കാണാം.
കുറെ അധികം സമയം കാറ്റും കൊണ്ട് അവിടെയിരിക്കാന്‍ ആര്‍ക്കും തോന്നിപ്പോകും. കൈയ്യില്‍ ഒരു ചരിത്രപുസ്തകം കൂടെ കരുതിയാല്‍ വായിച്ച് തീരുന്നത് അറിയുകപോലുമില്ല.

പടിഞ്ഞാറ് ചക്രവാളത്തില്‍ സൂര്യന്‍ ചുവന്ന ചായം പൂശിത്തുടങ്ങുന്നതും ഇവിടെ നിന്നാല്‍ കാണാം.

കാഴ്ച്ചകള്‍ ഒരുപാട് ബാക്കിയുണ്ട് വയനാട്ടില്‍ ഇനിയും. ഞാന്‍ യാത്ര തുടരുകയാണ്….
————————————————————
പഴശ്ശിരാജയെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവര്‍ ഈ ലിങ്ക് നോക്കുക. 2003 ന്റെ അവസാനത്തില്‍ ഞാന്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്ളത്. ഞാന്‍ സൂചിപ്പിച്ച വലിയ മരത്തിന്റെ കീഴില്‍ നില്‍ക്കുന്ന പഴശ്ശികുടീരവും, ഇപ്പോഴത്തെ പുതിയ പഴശ്ശികുടീരവും ഈ ലിങ്ക് വഴി കാണാന്‍ സാധിക്കും.

മിസ്സ്. അനു ഈ പോസ്റ്റിനെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത് കാണാന്‍ ഈ ലിങ്ക് വഴി പോകൂ.