Monthly Archives: June 2008

solo

മയൂര നൃത്തം




രാജസ്ഥാന്‍ മരുഭൂമിയില്‍‍, എണ്ണപ്പാടത്ത് ജോലിക്ക് പോകുമ്പോള്‍ താമസിക്കാറുള്ളത് ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലാണ്.

ടെലിഫോണ്‍ ചെയ്യാന്‍ പോകാറുള്ള വീടിന്റെ തൊട്ടടുത്ത് എന്നും കാണാറുള്ള കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

നമ്മുടെ നാട്ടില്‍ വീട്ടുമുറ്റത്ത് കോഴികള്‍ നടക്കുന്നതുപോലെയാണ് അവിടെ മയിലുകള്‍ കറങ്ങി നടക്കുന്നത്. ( ഗ്രാമവാസികള്‍ മാംസഭുക്കുകള്‍ അല്ലെന്നതും, അവര്‍ മയിലിനെ പിടിച്ച് മയിലെണ്ണ ഉണ്ടാക്കാറില്ല എന്നതുമായിരിക്കാം മയിലുകള്‍ നിര്‍ഭയം ചുറ്റിയടിച്ച് നടക്കുന്നതിന്റെ കാരണം. മയിലിനെ പിടിച്ച് ആ പരിപാടി ചെയ്യുന്ന വേടന്മാരുടെ കുലത്തില്‍പ്പെട്ടവരും, എണ്ണത്തില്‍ കുറവാണെങ്കിലും രാജസ്ഥാനിലുണ്ട്.)

രണ്ട് മൂന്ന് പെണ്‍‌മയിലുകളുടെ ഇടയില്‍ പീലിവിരിച്ച്, പെടപ്പിച്ച് സ്റ്റൈലിലങ്ങനെ നില്‍ക്കുന്ന ആ ചുള്ളനെ കണ്ടില്ലേ ? പടമെടുക്കാ‍ന്‍ അടുത്തേക്ക് ചെന്നാല്‍ അവറ്റകള്‍ എല്ലാം ഓടിയകലും. ക്യാമറ പരമാവധി സൂം ചെയ്ത് ഈ പടമെടുത്തത്, ശൃംഗരിച്ച് നില്‍ക്കുന്നതിനിടയില്‍ അവനും അവളുമാരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.