Monthly Archives: July 2008

Jain-20Temples-20Mantdy-20033

ഒളിച്ചോടിയ ദൈവങ്ങള്‍



യനാട്ടിലെ ജൈനക്ഷേത്രങ്ങളെപ്പറ്റി ഒരു പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സുഹൃത്തുക്കളായ ഹരിയുടേയും, രമേഷ് ബാബുവിന്റേയും ഒപ്പം പുത്തങ്ങാടിയിലേക്ക് യാത്രയായത്.

കാപ്പിത്തോട്ടത്തിന്റെ നടുവില്‍, പേരും പ്രതിഷ്ഠയെപ്പറ്റിയുള്ള വിവരങ്ങളുമൊന്നുമില്ലാതെ നശിച്ച് കാടുകയറിക്കിടക്കുന്ന ഒരു ക്ഷേത്രത്തിന്റെ‍ മുന്നിലാണ് ആദ്യം ചെന്നു നിന്നത്. അത് ഒരു ജൈന ക്ഷേത്രം തന്നെയാണോ എന്നറിയാന്‍ ചോര്‍ന്നൊലിക്കുന്ന ക്ഷേത്രത്തിലെ ഇരുട്ടുകയറിയ ഉള്‍വശങ്ങളൊക്കെ ഞങ്ങള്‍ അരിച്ചുപെറുക്കി. പൂര്‍ണ്ണമായും കരിങ്കല്ലുകൊണ്ടുണ്ടാക്കിയ ക്ഷേത്രത്തിലെ ചുമരുകളില്‍ ഹൊയ്‌സള ലിപിയിലുള്ള എന്തെങ്കിലും ആലേഖനം ചെയ്തിട്ടുണ്ടോ എന്ന് പരതി നോക്കിയെങ്കിലും മച്ചില്‍ തൂങ്ങിക്കിടക്കുന്ന നരിച്ചീരുകളേയും, മാറാലയും പടര്‍പ്പുകളും പിടിച്ച് കിടക്കുന്ന മനോഹരമായ കൊത്തുപണികളും മാത്രമേ കാണാന്‍ സാധിച്ചുള്ളൂ.

‘സ്വന്തം നാട്ടില്‍ ‘ നിന്ന് മനം നൊന്ത് ഓടി രക്ഷപ്പെട്ട എല്ലാ ദൈവങ്ങളും ഇടിഞ്ഞുവീഴാറായ ആ ചുമരുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് തോന്നി. പുറത്തുനിന്നും ജാലകങ്ങളിലൂടെ അകത്തേക്ക് അരിച്ച് വീഴുന്ന വെളിച്ചത്തില്‍ ചില ദേവന്മാരെയും ദേവിമാരേയും ഞങ്ങള്‍ കണ്‍നിറയെ കണ്ടു.

കാടൊക്കെ വെട്ടിത്തെളിച്ച് കല്ലുകളൊക്കെ ഒന്ന് കഴുകി വൃത്തിയാക്കി വെച്ചാല്‍ നൂറുകണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം രണ്ട് ക്ഷേത്രങ്ങള്‍ പുത്തങ്ങാടിയില്‍ത്തന്നെയുണ്ട്.

മണ്ണടിഞ്ഞുപോയ പുരാതന ക്ഷേത്രങ്ങളേയും സംസ്ക്കാരങ്ങളേയും എസ്‌ക്കവേഷന്‍ നടത്തി വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നതിനിടയില്‍, മണ്ണോട് ചേരാന്‍ ദിനങ്ങള്‍ എണ്ണിനില്‍ക്കുന്ന ഇത്തരം അമൂല്യമായ ഒരുപാട് കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ മനഃശ്ശാസ്ത്രം എത്ര ആലോചിട്ടും പിടികിട്ടിയില്ല.

ആദ്യത്തെ ക്ഷേത്രത്തില്‍ നിന്നും പകര്‍ത്തിയ ഒരു ദേവന്റെ ചിത്രമാണ് മുകളില്‍. ശംഖചക്രഗദാധാരിയായി നില്‍ക്കുന്നതുകൊണ്ട് അത് ചതുര്‍ഭുജനായ മഹാവിഷ്ണു തന്നെ ആണെന്നാണ് ഈയുള്ളവന്റെ അനുമാനം.