Monthly Archives: August 2008

chuntan-vallam

ബൂലോക വള്ളം കളി



ണം ഇങ്ങടുത്തു. വള്ളം കളികളൊക്കെ തുടങ്ങുകയായി.

ബൂലോകര്‍ എല്ലാവരും കൂടി ഒരു ചുണ്ടന്‍ വള്ളത്തില്‍ക്കയറി വള്ളംകളി മത്സരത്തില്‍ പങ്കെടുത്താല്‍ എങ്ങിനിരിക്കും?

ആലോചിട്ട് മനസ്സിന്റെ ഇടുങ്ങിയ ഫ്രെയിമില്‍ ആ കാഴ്ച്ച ഉള്‍ക്കൊള്ളാനായില്ല. എങ്കില്‍പ്പിന്നെ ശരിക്കും ഒരു ചുണ്ടന്‍ വള്ളം വാങ്ങി അതില്‍ നല്ല തടിമിടുക്കുള്ള ബൂലോകരെയെല്ലാം കയറ്റി ഒരു വള്ളംകളി സംഘടിപ്പിച്ചാലോ ? പക്ഷെ വള്ളം കളി സീസണായതുകൊണ്ട് ചുണ്ടന്‍ വള്ളം എങ്ങും കിട്ടാനില്ല. മട്ടാഞ്ചേരി ജ്യൂതത്തെരുവില്‍ ഒരു ചുണ്ടന്‍ വള്ളം കിട്ടാനുണ്ടെന്ന് ആരോ പറഞ്ഞുകേട്ടതനുസരിച്ച് അങ്ങോട്ട് വിട്ടു. സംഭവം ശരിയാണ്, ചുണ്ടന്‍ വള്ളം ഒരെണ്ണം കടയിലുണ്ട്. വില എത്രയാണെന്ന് തിരക്കിയപ്പോള്‍ വീണ്ടും നിരാശപ്പെടേണ്ടി വന്നു. അവരത് വില്‍ക്കുന്നില്ല പോലും!

എന്നെക്കണ്ടിട്ട് ഒരു ചുണ്ടന്‍ വള്ളം വാങ്ങാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നില്ലേ ? ഞാന്‍ അവിടെ ഇരുന്നിരുന്ന ഒരു വലിയ നിലക്കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി. ഹേയ്………. ചുണ്ടന്‍ വള്ളം വില്‍ക്കാതിരിക്കാനുള്ള കാരണം അതൊന്നുമല്ല. ചുണ്ടന്‍ വള്ളങ്ങളുടെ നീളം എല്ലാവരും കണ്ടിരിക്കുമല്ലോ ? എറണാകുളത്തെ റോഡുകളിലൂടെ ഈ ചുണ്ടന്‍ വള്ളം ലക്ഷ്യസ്ഥാനത്തെത്തിക്കുക അസാദ്ധ്യമായ കാര്യമാണ്.

പിന്നെങ്ങനെ ഇവന്‍ ഈ കടയില്‍ എത്തി എന്ന് ഒരു മറുചോദ്യം വന്നേക്കാം. ഉത്തരം രസകരമാണ്. കടയുടെ കുറച്ച് പുറകിലായി കായലാണ്. കായലിലൂടെ ചുണ്ടന്‍ വള്ളം കടയുടെ പുറകിലെത്തി. അവിടന്ന് കരമാര്‍ഗ്ഗം ചുണ്ടനെ അകത്തേക്ക് കയറ്റാന്‍ വേണ്ടി കടയുടെ ഒന്നുരണ്ട് ചുമരുകള്‍ വെട്ടിപ്പൊളിച്ചു. ചുണ്ടന്‍ വള്ളം കടയ്ക്കകത്തേക്ക് നെഹ്രു ട്രോഫി ഒന്നാം സമ്മാനം നേടിയ ഗര്‍വ്വോടെ കയറിയിരുന്നു.

ഇനിയിപ്പോ ഇതാര്‍ക്കെങ്കിലും വില്‍ക്കണമെങ്കില്‍ കട വീണ്ടും വെട്ടിപ്പൊളിക്കണം. അതുകൊണ്ട് അവര് വള്ളം വില്‍ക്കണ്ടാന്ന് തീരുമാനിച്ചു. നല്ലൊരു കാഴ്ച്ചവസ്തുവായിട്ട് അത് അവിടത്തന്നുണ്ടാകും.

വില്‍ക്കുന്നുണ്ടായിരുന്നെങ്കില്‍ ഇപ്രാവശ്യത്തെ നെഹ്രുട്രോഫി ബൂലോകചുണ്ടനുതന്നെയായിരുന്നു.